കഴിഞ്ഞ വർഷം കുതിച്ചു പാഞ്ഞ് കാർ വിൽപന, മാരുതി മുന്നിൽ
Mail This Article
ന്യൂഡൽഹി∙ 2024ൽ പാസഞ്ചർ വാഹന വിപണിയിൽ നടന്നത് റെക്കോർഡ് വിൽപന. 43 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. കമ്പനികൾ ഡീലർമാർക്ക് വിറ്റതിന്റെ കണക്കാണിത്. കഴിഞ്ഞ വർഷം വിൽപന 41.1 ലക്ഷം യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ടൊയോട്ട കിർലോസ്കർ, കിയ എന്നീ കമ്പനികൾ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. മാരുതി സുസുക്കി തന്നെയാണ് വിൽപനയിൽ ഒന്നാമത്– 17,90,977 യൂണിറ്റുകൾ. 2018ലെ 17,51,919 യൂണിറ്റുകളെന്ന റെക്കോർഡാണ് കമ്പനി തിരുത്തിക്കുറിച്ചത്.
എസ്‌യുവി കാറുകളോടുള്ള പ്രിയമേറുന്നതും ഗ്രാമീണ മേഖലയിൽ നിന്നുള്ള ഉയർന്ന ഡിമാൻഡുമാണ് വിൽപന കൂടാനുള്ള കാരണം. 6,05,433 യൂണിറ്റുകൾ ഹ്യുണ്ടായ് ആഭ്യന്തര വിപണിയിൽ വിറ്റു.
5.6 ലക്ഷം യൂണിറ്റുകളാണ് ടാറ്റ മോട്ടോഴ്സ് വിറ്റത്. ഹോണ്ട കാർസ് ഇന്ത്യ 1,31,871 കാറുകൾ വിറ്റു. വർധന 20%. ടൊയോട്ട കിർലോസ്കർ 3,26,329 യൂണിറ്റുകളും കിയ ഇന്ത്യ 2,55,038 യൂണിറ്റുകളുമാണു വിറ്റത്. മഹീന്ദ്ര കഴിഞ്ഞ ഡിസംബറിൽ മാത്രം 41,424 പാസഞ്ചർ വാഹനങ്ങൾ വിറ്റു. ജെഎസ്‌ഡബ്ല്യു എംജി മോട്ടോഴ്സ് 7,516 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റു. 11,676 യൂണിറ്റുകളാണ് കഴിഞ്ഞ ഡിസംബറിൽ നിസാന്റെ ഹോൾസെയിൽ വിൽപന. 50 ശതമാനത്തിലധികമാണ് വർധന.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business