പ്രവാസികൾക്ക് ജോലി നൽകാൻ നിങ്ങൾ തയാറാണോ? ശമ്പളം സർക്കാർ തരും!
Mail This Article
പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്.
100 ദിവസത്തെ വേതനം സർക്കാർ നൽകും
തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് നെയിം. നോർക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്നു തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവർഷം പരമാവധി 100 തൊഴിൽദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോംപൻസേഷൻ) സർക്കാർ നൽകും. പ്രതിദിനം പരമാവധി 400 രൂപയാണ് നൽകുക. ഒരു സ്ഥാപനത്തിൽ പരമാവധി 50 തൊഴിലാളികൾക്കാണ് വേജ് കോംപൻസേഷൻ.
ആനുകൂല്യം എല്ലാ സ്ഥാപനങ്ങൾക്കും
സഹകരണ സ്ഥാപനങ്ങൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, റജിസ്ട്രേഷനുള്ള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എൽഎൽപി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് അർഹത. ഓട്ടമൊബീൽ, കൺസ്ട്രക്‌ഷൻ, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങൾക്കാണ് പദ്ധതിയുടെ തുടക്കത്തിൽ ആനുകൂല്യം ലഭ്യമാക്കുക.
റജിസ്ട്രേഷൻ
ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആദ്യം തൊഴിൽ ദാതാവ് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ എടുക്കണം. തുടർന്ന് മേൽപറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കി ത്രൈമാസമായി ക്ലെയിം സമർപ്പിക്കാം. ഓരോ മൂന്നുമാസത്തിലും 25 ദിവസം എന്ന രീതിയിലായിരിക്കും വേജ് കോംപൻസേഷൻ വിതരണം ചെയ്യുക.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.norkaroots.org, 0471-2770523.
പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന്
തൊഴിൽ ദാതാക്കൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്.
പ്രവാസി പുനരധിവാസത്തിനായുള്ള നോർക്ക റൂട്ട്സിന്റെ എൻഡിപിആർഇഎം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികൾക്കു പുറമേയാണ് നെയിം പദ്ധതി.
തൊഴിലാളികളുടെ യോഗ്യതകൾ
∙ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ അധികരിക്കരുത്
∙ നോർക്ക റൂട്ട്സിന്റെ അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
∙ ആനുകൂല്യം, ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം കൈമാറുന്ന തൊഴിൽ ഉടമകൾക്കു മാത്രം
∙രണ്ടു വർഷത്തെ പ്രവാസ ജീവനം ഉണ്ടായിരിക്കണം.
∙ തൊഴിൽ വീസയില്ലാത്ത അല്ലെങ്കിൽ തിരികെ എത്തിയിട്ട് ആറുമാസം കഴിഞ്ഞവരെയാണ് തിരികെ വരുന്ന പ്രവാസികളായി കണക്കാക്കുന്നത്
∙പ്രായം 25നും 70നും മധ്യേ
∙വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾ ബാധകമല്ല. എങ്കിലും തൊഴിലിൻ്റെ സ്വഭാവം അനുസരിച്ച് യോഗ്യത ഉണ്ടായിരിക്കണം.
∙പ്രവാസികളുടെ സഹകരണ സംഘങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണെങ്കിൽ അത്തരം സ്ഥാപനങ്ങളിൽ 90% അംഗങ്ങൾ പ്രവാസി മലയാളികൾ ആയിരിക്കണം.
ലേഖകൻ: ടി.എസ്. ചന്ദ്രൻ (മുൻ ഡപ്യൂട്ടി ഡയറക്ടർ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business