എയർ കേരളയ്ക്ക് പറന്നുതുടങ്ങാൻ കണ്ണൂരിന് പുറമേ മറ്റൊരു വിമാനത്താവളവും; രാജ്യാന്തര സർവീസ് അടുത്തവർഷം
Mail This Article
മലയാളികളുടെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഈവർഷം പ്രവർത്തനം ആരംഭിക്കുന്ന എയർ കേരള (Air Kerala) എയർലൈൻസിന് പറന്നുതുടങ്ങാൻ കണ്ണൂർ വിമാനത്താവളത്തിന് (Kannur Airport) പുറമേ മൈസൂരു വിമാനത്താവളവും (Mysuru Airport). ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരളയുടെയും മൈസൂരു വിമാനത്താവളത്തിന്റെയും അധികൃതർ ഒപ്പുവച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരളയുടെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെയും (KIAL) അധികൃതർ കഴിഞ്ഞമാസാവസാനം ഒപ്പുവച്ചിരുന്നു. കുറഞ്ഞ ടിക്കറ്റ് നിരക്കിന് പുറമേ സമയബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. ഈ വർഷം മേയിലോ ജൂണിലോ സർവീസുകൾക്ക് തുടക്കമിടാനാണ് ശ്രമം.
കണ്ണൂർ കേന്ദ്രീകരിച്ചുള്ള സർവീസുകൾ മലബാറിന്റെയാകെ ടൂറിസം, കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം എന്നിവയ്ക്ക് സഹായകമാകുമെന്നാണ് കരുതുന്നത്. മൈസൂരു കേന്ദ്രീകരിച്ചുള്ള സർവീസുകൾ മൈസൂരുവിന്റെ ടൂറിസം മേഖലയ്ക്കും കരുത്താകും. പുറമേ, എയർ കേരളയും മൈസൂരു വിമാനത്താവളവും സംയുക്തമായി ഏവിയേഷൻ അക്കാഡമി ആരംഭിക്കുന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.
രാജ്യാന്തര സർവീസ് 2026 അവസാനം
തുടക്കം പ്രാദേശിക വിമാന സർവീസുകളിലൂടെയാണെങ്കിലും 2026 അവസാനത്തോടെ എയർ കേരള രാജ്യാന്തര സർവീസുകൾക്കും തുടക്കമിടും. കൊച്ചി കേന്ദ്രീകരിച്ചായിരിക്കും ഇത്. പ്രവാസി സംരംഭകർ തുടക്കമിട്ട സെറ്റ്ഫ്ലൈ എവിയേഷൻസ് ആണ് എയർ കേരളയുടെ പ്രൊമോട്ടർമാർ.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി സംരംഭകരായ അഫി അഹമ്മദ് ചെയർമാനും അയൂബ് കല്ലട വൈസ് ചെയർമാനുമാണ്. സ്പൈസ് ജെറ്റിൽ നിന്നുള്ള ഹരീഷ് കുട്ടിയാണ് സിഇഒ. മൂന്ന് എടിആർ വിമാനങ്ങളുമായി കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ആഭ്യന്തര സർവീസാണ് തുടക്കത്തിൽ എയർ കേരള നടത്തുക. ഇതിനു പുറമേയാണ് മൈസൂരുവിൽ നിന്നും സർവീസ്. തുടർന്ന് വിമാനങ്ങളുടെ എണ്ണം ഉയർത്തിയശേഷം രാജ്യാന്തര സർവീസുകളും ആരംഭിക്കും. ഗൾഫ് രാജ്യങ്ങൾക്കായിരിക്കും മുഖ്യ പരിഗണന.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business