നോവിച്ച് ഡോളറും ഓഹരികളും; തകിടംമറിഞ്ഞ് സ്വർണവില, പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ
Mail This Article
പുതുവർഷത്തിലെ ആദ്യ മൂന്ന് ദിനങ്ങളിൽ വൻ മുന്നേറ്റം നടത്തിയ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ ഇന്ന് നഷ്ടത്തിലേക്ക് തകിടംമറിഞ്ഞു. ആഭരണപ്രിയർക്ക് നേരിയ ആശ്വാസം സമ്മാനിച്ച് കേരളത്തിൽ ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് വില 7,215 രൂപയായി. 360 രൂപ താഴ്ന്ന് 57,720 രൂപയാണ് പവന്.
മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കൂടിയശേഷമാണ് ഈ വിലയിറക്കം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി. അതേസമയം, വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 95 രൂപയിൽ തുടരുന്നു. ഇന്നലെ ഔൺസിന് 2,664 ഡോളർ വരെ എത്തിയ രാജ്യാന്തരവില, ഇന്ന് 2,637 ഡോളർ വരെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്.
എന്തുകൊണ്ട് മലക്കംമറിച്ചിൽ?
രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് (ഡോളറിന്റെ മൂല്യം) 108.92 നിലവാരത്തിലേക്കും യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) 4.602 ശതമാനം നിലവാരത്തിലേക്കും ഉയർന്നത് സ്വർണത്തിന് തിരിച്ചടിയായി.
ഡോളർ ശക്തമായതോടെ സ്വർണം വാങ്ങുന്നത് ചെലവേറിയ കാര്യമായി. ഇത് ഡിമാൻഡിനെ ബാധിച്ചത് വിലയെ താഴേക്കുനയിച്ചു. മാത്രമല്ല, അടിസ്ഥാനപലിശ നിരക്ക് 2024ന്റെ അവസാനപാദത്തിൽ കുത്തനെ കുറച്ചെന്നും 2025ൽ കാര്യമായ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതും ഡോളറിനെയും ബോണ്ടിനെയും ശക്തമാക്കുകയാണ്.
പുറമേ, യുഎസ് സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന സൂചനകൾ നൽകി തൊഴിലില്ലായ്മ നിരക്കുകൾ വൻതോതിൽ കുറഞ്ഞതും പലിശയിറക്കത്തിന് തടയിടുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ ന്യായീകരണങ്ങളിൽ തൃപ്തരായെന്നോണം യുഎസ് ഓഹരി വിപണികൾ ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായിട്ടുണ്ട്.
അപ്പോൾ ഇനി വില കൂടില്ലേ...?
സ്വർണവിലയെ കാത്തിരിക്കുന്നത് കനത്ത ചാഞ്ചാട്ടത്തിന്റെ നാളുകളാണെന്ന് നിരീക്ഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് ജനുവരി 20ന് ചുമതലയേൽക്കും. ഇറക്കുമതി ചുങ്കം കൂട്ടാനും ആഭ്യന്തര നികുതിനിരക്കുകൾ കുറയ്ക്കാനും ഗവൺമെന്റിന്റെ സാമ്പത്തികച്ചെലവുകൾ ഉയർത്താനുമുള്ള ട്രംപിന്റെ നീക്കങ്ങൾ ഡോളറിനും ബോണ്ടിനും കൂടുതൽ കരുത്താകും. ഇത് സ്വർണവിലയെ കൂടുതൽ താഴേക്ക് നയിച്ചേക്കാം.
അതേസമയം, ട്രംപിന്റെ ഇറക്കുമതി ചുങ്കനയങ്ങൾ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളെ വലച്ചാൽ അത് ഓഹരി വിപണിയെ നഷ്ടത്തിലേക്ക് വീഴ്ത്താം. അങ്ങനെയെങ്കിൽ സുരക്ഷിതമായ ‘താൽകാലിക ബദൽ’ നിക്ഷേപമെന്നോണം സ്വർണത്തിന് സ്വീകാര്യത കിട്ടും. റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്രബാങ്കുകൾ ഡോളറിനെ ഒഴിവാക്കി വിദേശനാണയ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും തുടരാം. ഇത് വില കൂടാനേ വഴിവയ്ക്കൂ. ഫലത്തിൽ, ട്രംപ് അധികാരത്തിലേറുന്നതോടെ സ്വർണവിലയിൽ വലിയ കയറ്റിറക്കം പ്രതീക്ഷിക്കാം.
പണിക്കൂലി ഉൾപ്പെടെ വില
മൂന്ന് ശതമാനം ജിഎസ്ടി, 54.10 രൂപ ഹോൾമാർക്ക് (HUID) ചാർജ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് കേരളത്തിൽ സ്വർണാഭരണവില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന് നൽകേണ്ട വില 62,480രൂപയാണ്; ഒരു ഗ്രാം സ്വർണാഭരണത്തിന് 7,810 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business