ADVERTISEMENT

റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ നേടാൻ ശ്രമങ്ങളുമായി കൊച്ചിൻ ഷിപ്പ്‍യാർഡ്. സ്വാൻ എനർജിയുടെ കീഴിലെ റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ്ങുമായി ചേർന്നാണ് നിർമാണക്കരാറിന് കൊച്ചി കപ്പൽശാല ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

സ്വാൻ എനർജിയുടെയും കൊച്ചിൻ ഷിപ്പ്‍യാർഡിന്റെയും പ്രതിനിധികൾ അടുത്തിടെ റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തി ചർച്ചകൾ നടത്തിയെന്നും ചർച്ചകൾ വിജയകരമായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. കൊച്ചിൻ ഷിപ്പ്‍യാർഡോ സ്വാൻ എനർജിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൊത്തം 4,000 കോടി രൂപ മതിക്കുന്ന 4 കപ്പലുകൾ നിർമിക്കാനായിരിക്കും കരാർ. നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ റഷ്യ ഇന്ത്യയ്ക്ക് നൽകിയെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയെ ഒഴിവാക്കിയായിരുന്നു ഇന്ത്യയെ റഷ്യ തിരഞ്ഞെടുത്തത്.

എന്താണ് ഐസ്ബ്രേക്കർ കപ്പൽ?
 

ഐസ്ബ്രേക്കർ കപ്പൽ നിർമാണക്കരാർ കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചേക്കുമെന്ന് നേരത്തെയും സൂചനകളുണ്ടായിരുന്നു. റഷ്യൻ പൊതുമേഖലാ ന്യൂക്ലിയർ എനർജി കമ്പനിയായ റോസാറ്റമിന് (ROSATOM) വേണ്ടിയാണ് ഈ കപ്പലുകൾ നിർമിക്കുക. മഞ്ഞുകട്ടകളാൽ നിറഞ്ഞ ആർട്ടിക് സമുദ്രത്തിലെ പര്യവേക്ഷണത്തിനും മറ്റും ആവശ്യമായ കപ്പലുകളാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ.

യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത കൂടിയായ ഇവിടെ സ്വാധീനം ശക്തമാക്കുക കൂടിയാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ സ്വന്തമാക്കുന്നതിലൂടെ റഷ്യയുടെ ലക്ഷ്യം. ഈ മേഖലയിലെ പ്രധാനപാതയായ നോർത്തേൺ സീ റൂട്ടിന്റെ (എൻഎസ്ആർ) മുഖ്യപങ്കും നിലവിൽ റഷ്യയുടെ അധീനതയിലാണ്. ഇവിടെ എണ്ണ, വാതക പര്യവേക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളും റഷ്യ നടത്തുന്നുണ്ട്.

അനിൽ അംബാനി കൈവിട്ട കമ്പനി
 

കൊച്ചി കപ്പൽശാലയിലും സ്വാൻ എനർജിയുടെ നിയന്ത്രണത്തില്‍ ഗുജറാത്തിലുള്ള പീപാവാവ് പോർട്ടിലുമായിരിക്കും കപ്പലിന്റെ നിർമാണം നടന്നേക്കുക. ഐസ്ബ്രേക്കർ ഉൾപ്പെടെയുള്ള കപ്പലുകളുടെ നിർമാണത്തിൽ ആഗോളതലത്തിൽ ഏറെ മുന്നിലുള്ള ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ കപ്പൽശാലകൾ 2028 വരെയുള്ള ബുക്കിങ് നേരത്തേ തന്നെ നേടിയതിനാൽ‌ അവർക്ക് പുതിയ കരാറുകളിൽ ഏർപ്പെടാൻ പ്രയാസമുണ്ടെന്നതും നിലവിൽ ഇന്ത്യക്ക് അനുകൂലഘടകമാണ്. 

anil-ambani - 1

അനിൽ‌ അംബാനിയുടെ നിയന്ത്രണത്തിലായിരുന്ന റിലയൻസ് നേവൽ ആൻഡ് എൻജിനിയറങ് ലിമിറ്റഡിനെ 2022ലാണ് സ്വാൻ എനർജി സ്വന്തമാക്കുന്നത്. കടക്കെണിയിൽപ്പെട്ട് പാപ്പരായ കമ്പനിയെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) റെസൊല്യൂഷൻ നടപടികളിലൂടെ സ്വാൻ ഏറ്റെടുക്കുകയായിരുന്നു. ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായിരുന്ന റിലയൻസ് നേവലിനെ ഈ വർഷാദ്യം സസ്പെൻഡ് ചെയ്തിരുന്നു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Swan Energy and Cochin Shipyard Eyes 4,000 cr Icebreaker Ship Deal from Russia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com