ഓഹരികൾക്ക് ‘കിടിലൻ’ വ്യാഴം; 80,000ൽ തൊട്ട് സെൻസെക്സ്, കരുത്തായി വാഹന, ഐടി ഓഹരികളും ബജാജ് ഇരട്ടകളും
Mail This Article
ഇന്ത്യൻ ഓഹരി വിപണികളിൽ ഇനിയും ചോരാതെ പുതുവർഷാഘോഷം. കഴിഞ്ഞ ഒന്നരമാസത്തിനിടെയുള്ള ഏറ്റവും മികച്ച ഏകദിന നേട്ടം സെൻസെക്സും നിഫ്റ്റിയും കുറിച്ചിട്ടപ്പോൾ, നിഫ്റ്റി മറികടന്നതാകട്ടെ നിർണായകമായ മൂന്ന് നാഴികക്കല്ലുകളും. സെൻസെക്സ് ഒരുവേള 80,000 പോയിന്റും തൊട്ടിറങ്ങി. 445.75 പോയിന്റ് (+1.88%) ഉയർന്ന് 24,188.65ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 400ലേറെ പോയിന്റ് ഒറ്റദിവസം കുതിച്ചു എന്നുമാത്രമല്ല നിഫ്റ്റിക്ക് ഇന്ന് 23,800 പോയിന്റ്, 24,000 പോയിന്റ്, 24,100 പോയിന്റ് എന്നീ ‘സൈക്കോളജിക്കൽ’ നാഴികക്കല്ലുകൾ ഭേദിക്കാനും കഴിഞ്ഞു.
സെൻസെക്സും നിഫ്റ്റിയും ഇന്ന് തുടക്കംമുതൽ വച്ചടികയറുന്നതായിരുന്നു കാഴ്ച. നിഫ്റ്റി 23,751ൽ നിന്ന് 24,226.70 വരെ കയറി. 1,436.30 പോയിന്റ് (+1.83%) ഉയർന്ന് 79,943.30ലാണ് സെൻസെക്സുള്ളത്. തുടക്കത്തിൽ ഒരുവേള 78,542 വരെയായിരുന്ന സെൻസെക്സ് പിന്നീട് 80,032 വരെ ഉയരുകയും ചെയ്തിരുന്നു.
പുതുവർഷത്തിന്റെ ആദ്യ രണ്ടു പ്രവൃത്തിദിനങ്ങളും നേട്ടത്തിന്റേതാക്കാൻ ഇരു സൂചികകൾക്കും കഴിഞ്ഞു. ഇന്നലെ സെൻസെക്സ് 368 പോയിന്റും നിഫ്റ്റി 98 പോയിന്റും ഉയർന്നിരുന്നു. ഇന്ന് നിഫ്റ്റി50ൽ 48 കമ്പനികളുടെ ഓഹരികളും നേട്ടത്തിലായി. സൺഫാർമ (-0.84%), ബ്രിട്ടാനിയ (-0.20%) എന്നിവയ്ക്കാണ് നേട്ടത്തിന്റെ വണ്ടി മിസ്സായത്.
നിക്ഷേപകർക്ക് നേട്ടം 6.11 ലക്ഷം കോടി രൂപ
ഇന്ന് ഒറ്റദിവസം നിക്ഷേപക സമ്പത്തിലുണ്ടായത് 6.11 ലക്ഷം കോടി രൂപയുടെ വളർച്ച. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം 444.43 ലക്ഷം കോടി രൂപയിൽ നിന്ന് 450.54 ലക്ഷം കോടി രൂപയായാണ് വർധിച്ചത്. ഇന്നലെ 2.48 ലക്ഷം കോടി രൂപയുടെ നേട്ടവും കുറിച്ചിരുന്നു. ഇതോടെ രണ്ടുദിവസത്തെ നേട്ടം 8.6 ലക്ഷം കോടി രൂപ.
സെൻസെക്സിലെ താരങ്ങൾ
ബജാജ് ഫിൻസെർവ് (+7.75%), ബജാജ് ഫിനാൻസ് (+6.25%), മാരുതി സുസുക്കി (+5.43%), ടൈറ്റൻ (+4.42%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+3.99%), ഇൻഫോസിസ് (+3.84%), സൊമാറ്റോ (+3.15%) എന്നിവയാണ് ഇന്ന് സെൻസെക്സിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രാടെക് സിമന്റ്, ടാറ്റാ മോട്ടോഴ്സ് എന്നിവ 1-2.87% മുന്നേറിയതും സെൻസെക്സിന്റെ കുതിപ്പിന് വഴിയൊരുക്കി.
സൺ ഫാർമയാണ് നഷ്ടം നുണഞ്ഞ ഏക ഓഹരി. ജപ്പാനിലെ ഉപസ്ഥാപനമായ സൺ ഫാർമ ജപ്പാൻ ലിമിറ്റഡിനു കീഴിലെ സൺ ഫാർമ ജപ്പാൻ ടെക്നിക്കൽ ഓപറേഷൻസിന്റെ 100% ഓഹരികളും വിറ്റൊഴിയാൻ കമ്പനി തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന മുന്നേറ്റമാണ് ബജാജ് ഇരട്ടകളുടേത്. ബജാജ് ഫിനാൻസിന് ബ്രേക്കറേജ് സ്ഥാപനമായ സിറ്റിയിൽ നിന്ന് ‘വാങ്ങൽ’ (buy) റേറ്റിങ് കിട്ടിയതും 90-ദിസത്തെ പോസിറ്റിവ് വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തിയതും 8,150 രൂപ ‘ലക്ഷ്യവില’ (target price) നൽകിയതും ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് ഓഹരികൾ ഇന്ന് ആഘോഷമാക്കി. 7,373 രൂപയാണ് നിലവിൽ ബജാജ് ഫിനാൻസ് ഓഹരിവില.
കുതിപ്പിലേറി ഐടിയും വാഹനവും
ഇൻഫോസിസ് കഴിഞ്ഞ 7 മാസത്തിനിടെയുള്ള ഏറ്റവും മികച്ച ഏകദിന നേട്ടമാണ് ഇന്ന് കുറിച്ചിട്ടത്. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ കാഴ്ചവച്ച നേട്ടവും ഇന്ന് ഐടി ഓഹരികളിൽ കുതിപ്പിന് കളമൊരുക്കി. ബ്രോക്കറേജ് സ്ഥാപനങ്ങളായ സിറ്റി, സിഎൽഎസ്എ എന്നിവ ഇന്ത്യൻ ഐടി കമ്പനികൾക്ക് ഇക്കഴിഞ്ഞ ഡിസംബർപാദം മുതൽ 2025ലുടനീളവും ‘ശോഭനമായ’ ബിസിനസ് ഭാവി പ്രവചിച്ചതാണ് നേട്ടത്തിന് മുഖ്യകാരണം.
ഡിസംബറിൽ വാഹന മൊത്തവിൽപനയും ഉൽപാദനവും മെച്ചപ്പെട്ടത് വാഹന നിർമാണ കമ്പനികളുടെ ഓഹരികളെയും ഇന്ന് ഉണർവിന്റെ പാതയിലാക്കി. ഡിസംബറിൽ മാരുതിയുടെ ഉൽപാദനം വർധിച്ചത് 30.25 ശതമാനമാണ്. ഇത് മികച്ച വിൽപന പ്രതീക്ഷ കമ്പനിക്കുണ്ടെന്ന് സൂചിപ്പിക്കുന്നു. ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ്, അശോക് ലെയ്‍ലാൻഡ്, ഐഷർ മോട്ടോഴ്സ് എന്നിവയും 7% വരെ ഉയർന്നു. ഉപസ്ഥാപനമായ റോയൽ എൻഫീൽഡ് ഡിസംബറിൽ 25% വിൽപനനേട്ടം സ്വന്തമാക്കിയത് ഐഷറിന്റെ ഓഹരികൾക്ക് ഗുണം ചെയ്തു.
നിഫ്റ്റിയിലും താരമായി ബജാജ് ഇരട്ടകൾ
നിഫ്റ്റി50ൽ ഇന്ന് നേട്ടത്തിൽ ഒന്നാമത് ഐഷർ മോട്ടോഴ്സാണ് (+8.55%). ബജാജ് ഫിൻസെർവ് (+7.84%), ബജാജ് ഫിനാൻസ് (+6.32%) എന്നിവയാണ് തൊട്ടുപിന്നിൽ. മാരുതി സുസുക്കി 5.61%, ശ്രീറാം ഫിനാൻസ് 4.53% എന്നിങ്ങനെയും ഉയർന്നു. സൺഫാർമയും ബ്രിട്ടാനിയയും മാത്രം നഷ്ടത്തിലായി.
വിശാലവിപണിയിൽ നിഫ്റ്റി മീഡിയ (-0.11%) ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം കസറി. നിഫ്റ്റി ഓട്ടോ 3.79% ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തിയപ്പോൾ നിഫ്റ്റി ഐടി 2.26% ഉയർന്ന് രണ്ടാമതായി. കഴിഞ്ഞ 6 മാസത്തെ ഉയരത്തിലാണ് ഇപ്പോൾ നിഫ്റ്റി ഓട്ടോ സൂചിക. ബാങ്ക് നിഫ്റ്റി 1.07% ഉയർന്നു. എഫ്എംസിജി, മെറ്റൽ, സ്വകാര്യബാങ്ക്, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 0.97 മുതൽ 1.89% വരെ നേട്ടം കുറിച്ചു.
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് (India VIX) 5.30% ഇടിഞ്ഞ് 13.74ൽ എത്തിയത് വരുംദിവസങ്ങളിലും വിപണി നേട്ടത്തിലേറിയേക്കാമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിനും സിറ്റിയിൽ നിന്ന് ‘വാങ്ങൽ’ (buy) റേറ്റിങ് ലഭിച്ചിട്ടുണ്ട്. പെട്രോനെറ്റ് എൽഎൻജിയുടെ ഓഹരികൾ ഇന്ന് 7 ശതമാനത്തോളം ഇടിഞ്ഞു. ഗ്യാസ് താരിഫ് ഉയർന്നതാണെന്ന നിയന്ത്രണ ഏജൻസിയായ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പിഎൻജിആർബി) വിമർശം കമ്പനി നേരിട്ടെന്ന റിപ്പോർട്ടുകളാണ് തിരിച്ചടിയായത്.
ഓഹരികളുടെ കുതിപ്പിന്റെ കാരണങ്ങൾ
വാഹനക്കമ്പനികളുടെ മികച്ച ഡിസംബർപാദ വിൽപന, ഉൽപാദനക്കണക്കുകൾ, ഐടി ഓഹരികളുടെ മികച്ച പ്രകടനം എന്നിവയാണ് ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളെ പ്രധാനമായും മുന്നേറ്റത്തിന്റെ ട്രാക്കിലേക്ക് ഉയർത്തിയത്. പുറമേ, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വീഴ്ചയുടെ കാലം അവസാനിച്ചെന്നും അടുത്ത രണ്ടുപാദങ്ങളിൽ മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നതുമെന്ന ബ്രോക്കറേജ് സ്ഥാപനം ബേൺസ്റ്റെയിനിന്റെ വിലയിരുത്തലും നേട്ടമായി.
കോർപ്പറേറ്റ് കമ്പനികളുടെ ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദ പ്രവർത്തനഫലം വൈകാതെ പുറത്തുവന്നു തുടങ്ങും. ഇക്കുറി മെച്ചപ്പെട്ട കണക്കുകൾ പ്രതീക്ഷിക്കുന്നു. മികച്ച ജിഎസ്ടി വരുമാനക്കണക്കുകളും വിപണിക്ക് കരുത്തേകി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപം കൊഴിയുന്നതിനിടെയാണ് ഓഹരികളുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
കേരള ഓഹരികളിൽ തിളങ്ങി കിറ്റെക്സും സൗത്ത് ഇന്ത്യൻ ബാങ്കും
കിറ്റെക്സ് ഓഹരികൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന നേട്ടം ഇന്നും തുടർന്നു; ഓഹരി 4.49% ഉയർന്നു. ടോളിൻസ് ടയേഴ്സ് ആണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ (+8.68%) കേരള ഓഹരി. വണ്ടർല 3.83%, സൗത്ത് ഇന്ത്യൻ ബാങ്ക് 3.30%, ആസ്പിൻവാൾ 3.42%, ഹാരിസൺസ് മലയാളം 3.27%, ഫെഡറൽ ബാങ്ക് 2.65%, സിഎസ്ബി ബാങ്ക് 2.41% എന്നിങ്ങനെ ഉയർന്നു. മികച്ച ഡിസംബർപാദ ബിസിനസ് കണക്കുകൾ ഇന്നലെ സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും പുറത്തുവിട്ടിരുന്നു (Read Details). കേരള ആയുർവേദയാണ് 6.25% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. വെർട്ടെക്സ്, സ്കൂബിഡേ, ന്യൂമലയാളം സ്റ്റീൽ, പോപ്പീസ്, സോൾവ് പ്ലാസ്റ്റിക്, യൂണിറോയൽ മറീൻ, സഫ സിസ്റ്റംസ്, വി-ഗാർഡ് എന്നിവ 3-6% ഇടിഞ്ഞു.
വീഴ്ച തുടർന്ന് രൂപ
ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ റെക്കോർഡ് വീഴ്ച ഇന്നും തുടർന്നു. രാവിലെ ഒരുവേള 85.79 വരെ ഇടിഞ്ഞ രൂപ, വ്യാപാരം അവസാനിപ്പിച്ചത് 9 പൈസ നഷ്ടവുമായി 85.73ൽ. ഡോളർ രാജ്യാന്തരതലത്തിൽ പ്രമുഖ കറൻസികളെയെല്ലാം തരിപ്പണമാക്കി കുതിക്കുകയാണ്.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ അധികാരത്തിലേറും. അദ്ദേഹത്തിന്റെ സാമ്പത്തികനയങ്ങൾ ഡോളറിന് കരുത്താകുമെന്നാണ് പ്രതീക്ഷകൾ. ഇതിനുപുറമേ, ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം കൊഴിയുന്നതും പൊതുമേഖലാ എണ്ണക്കമ്പനികൾ അടക്കമുള്ള ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതുമാണ് രൂപയെ ദുർബലമാക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business