വരുന്നൂ റിലയൻസിൽ നിന്നൊരു വമ്പൻ ഐപിഒ; ജിയോയും ഓഹരി വിപണിയിലേക്ക്, പിറക്കുന്നത് റെക്കോർഡ്
Mail This Article
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (IPO) ഒരുക്കത്തിൽ റിലയൻസ് ജിയോ (Reliance Jio). ശതകോടീശ്വരൻ മുകേഷ് അംബാനി (Mukesh Ambani) നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) ടെലികോം/ഡിജിറ്റൽ ഉപസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഐപിഒ 2025ന്റെ രണ്ടാംപാതിയോടെ പ്രതീക്ഷിക്കാമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
35,000 കോടി മുതൽ 40,000 കോടി രൂപവരെ ഉന്നമിട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി കൂടിയായ ജിയോയുടെ ഐപിഒ. നിലവിൽ വിവിധ ബ്രോക്കറേജുകൾ 10,000 കോടി ഡോളർ (ഏകദേശം 8.5 ലക്ഷം കോടി രൂപ) വിപണിമൂല്യം ജിയോയ്ക്ക് വിലയിരുത്തുന്നുണ്ട്. എന്നാൽ 12,000 കോടി ഡോളർ (ഏകദേശം 10 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയായേക്കും ഐപിഒ നടപടികൾ. ഐപിഒ യാഥാർഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നായും ജിയോ മാറും.
ഒഎഫ്എസും പുത്തൻ ഓഹരികളും
നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന മാർഗമായ ഓഫർ-ഫോർ-സെയിലിന് (ഒഎഫ്എസ്) പുറമേ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) ജിയോയുടെ ഐപിഒയിൽ പ്രതീക്ഷിക്കാം. റിലയൻസോ ജിയോയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐപിഒയ്ക്ക് മുന്നോടിയായി യോഗ്യരായ നിക്ഷേപസ്ഥാപനങ്ങളിൽ നിന്ന് മൂലധനസമാഹരണം നടത്തുന്ന പ്രീ-ഐപിഒ നടപടികൾക്കും റിലയൻസ് തുടക്കമിട്ടെന്നാണ് സൂചനകൾ.
തകരുന്നത് ഹ്യുണ്ടായിയുടെ റെക്കോർഡ്
2024 ഒക്ടോബറിൽ ഹ്യുണ്ടായ് ഇന്ത്യ നടത്തിയ 27,870 കോടി രൂപയുടെ ഐപിഒയാണ് നിലവിൽ ഇന്ത്യയിലെ റെക്കോർഡ്. ഇതിനെ മറികടന്ന് പുതിയ റെക്കോർഡ് കുറിക്കാൻ റിലയൻസ് ജിയോയുടെ ഐപിഒയ്ക്ക് കഴിയും. റിലയൻസ് ജിയോയിൽ നിലവിൽ 33% ഓഹരി പങ്കാളിത്തം വിദേശനിക്ഷേപ സ്ഥാപനങ്ങൾക്കാണ്. കോവിഡനന്തരം നിരവധി പ്രമുഖ വിദേശ നിക്ഷേപസ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപം സ്വന്തമാക്കി ജിയോ ശ്രദ്ധ നേടിയിരുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കെകെആർ, മുബദല, സിൽവർലേയ്ക്ക് തുടങ്ങിയവ 2020ൽ 1,800 കോടി ഡോളറോളമാണ് (1.5 ലക്ഷം കോടി രൂപ) നിക്ഷേപിച്ചത്.
റിലയൻസിനും ജിയോയ്ക്കും നിർണായകം
ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന റിലയൻസ് ഇൻഡസ്ട്രീസിനും ജിയോയ്ക്കും നിർണായകമായിരിക്കും ഐപിഒ. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 5% ഇടിഞ്ഞിരുന്നു.
റീചാർജ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചതിനെ തുടർന്ന് റിലയൻസ് ജിയോയിൽ നിന്ന് ഉപഭോക്താക്കളും വൻതോതിൽ കൂടൊഴിഞ്ഞിരുന്നു. എങ്കിലും 40% വിപണിവിഹിതവുമായും 46 കോടി ഉപഭോക്താക്കളുമായും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ജിയോ തന്നെയാണ്. ഐപിഒ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 1.35% വരെ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)