സൗത്ത് ഇന്ത്യൻ ബാങ്കിനും സിഎസ്ബി ബാങ്കിനും ‘മിന്നുന്ന’ വായ്പാ, നിക്ഷേപ വളർച്ച; ഓഹരികൾ മുന്നോട്ട്
Mail This Article
കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank), സിഎസ്ബി ബാങ്ക് (CSB Bank) എന്നീ സ്വകാര്യബാങ്കുകളുടെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തോടെ. സിഎസ്ബി ബാങ്കിന്റെ ഓഹരികൾ ഇന്ന് 330 രൂപയിൽ തുടങ്ങി വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 334.90 രൂപയിൽ എത്തിയിരുന്നു. 314 രൂപയായിരുന്നു ഇന്നലെ വ്യാപാരാന്ത്യത്തിൽ വില. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3.66% ഉയർന്ന് 325.50 രൂപയിൽ.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരിവില ഇന്നലത്തെ 25.15 രൂപയിൽ നിന്ന് ഇന്ന് 25.85 രൂപവരെ എത്തി. നിലവിൽ വ്യാപാരം 1.47% വർധിച്ച് 25.52 രൂപയിൽ. തൃശൂർ ആസ്ഥാനമായ ഇരു ബാങ്കുകളും ഇന്നലെ കഴിഞ്ഞ പാദത്തിലെ (ഒക്ടോബർ-ഡിസംബർ) പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ പുറത്തുവിട്ടിരുന്നു. വായ്പയിലും നിക്ഷേപത്തിലും മികച്ച വളർച്ചയുണ്ടായത് ഇന്ന് ഓഹരികൾക്ക് കരുത്തായിട്ടുണ്ട്.
സ്വർണത്തിളക്കത്തിൽ സിഎസ്ബി ബാങ്ക്
സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പകളിൽ 26.45% വളർച്ചയാണ് ഡിസംബർ പാദത്തിലുണ്ടായത്. ഇതിൽ സ്വർണപ്പണയ വായ്പാ (gold loan) വളർച്ച മാത്രം 36.28%. മുൻവർഷത്തെ സമാനപാദത്തിലെ 22,867 കോടി രൂപയിൽ നിന്ന് മൊത്തം വായ്പകൾ 28,914 കോടി രൂപയിലെത്തി. സ്വർണവായ്പകൾ 9,553 കോടി രൂപയിൽ നിന്നുയർന്ന് 13,018 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.
മൊത്തം നിക്ഷേപം 27,345 കോടി രൂപയിൽ നിന്ന് 33,406 കോടി രൂപയായി; വളർച്ച 22.17%. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA/കാസ) നിക്ഷേപം 7,543 കോടി രൂപയിൽ നിന്ന് 6.60% ഉയർന്ന് 8,041 കോടി രൂപയായി. സിഎസ്ബി ബാങ്കിന്റെ ടേം ഡെപ്പോസിറ്റുകൾ (സ്ഥിരനിക്ഷേപം) 28.10 ശതമാനം ഉയർന്ന് 25,365 കോടി രൂപയാണ്. 2023 ഡിസംബർപാദത്തിൽ ഇത് 19,802 കോടി രൂപയായിരുന്നു.
ബാങ്കുകളുടെ പ്രവർത്തന/ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നാണ് കാസ. ബാങ്കുകൾക്ക് കാസയിന്മേൽ പ്രവർത്തനച്ചെലവ് കുറവാണെന്നതും എന്നാൽ, അറ്റ പലിശ മാർജിൻ (Net Interest Margin/NIM) മെച്ചപ്പെടുത്താനുള്ള ഘടകങ്ങളിലൊന്നുമാണിത്. വായ്പാവിതരണത്തിനും മറ്റുമുള്ള പണവും ബാങ്കുകൾക്ക് കാസയിൽ നിന്ന് കണ്ടെത്താനാകും. മാത്രമല്ല, കാസയിന്മേൽ ബാങ്കുകളുടെ പലിശ ബാധ്യത നാമമാത്രമാണെന്നതും നേട്ടമാണ്.
ലക്ഷം കോടി കടന്ന് എസ്ഐബിയുടെ നിക്ഷേപം
തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (SIB/എസ്ഐബി) മൊത്തം വായ്പകൾ കഴിഞ്ഞപാദത്തിൽ 11.94 ശതമാനവും നിക്ഷേപങ്ങൾ 6.28 ശതമാനവും ഉയർന്നു. 77,686 കോടി രൂപയിൽ നിന്ന് വായ്പകൾ 86,965 കോടി രൂപയിൽ എത്തിയപ്പോൾ 99,155 കോടി രൂപയിൽ നിന്ന് 1.05 ലക്ഷം കോടി രൂപയിലേക്കാണ് നിക്ഷേപവളർച്ച.
കാസ 31,529 കോടി രൂപയിൽ നിന്ന് 4.13% മെച്ചപ്പെട്ട് 32,831 കോടി രൂപയായി. അതേസമയം, തൊട്ടുമുൻപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ഇത് 33,530 കോടി രൂപയായിരുന്നു. കാസ അനുപാതം (CASA Ratio) കഴിഞ്ഞപാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ 31.80 ശതമാനത്തിൽ നിന്ന് 31.16 ശതമാനത്തിലേക്കും താഴ്ന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിലും ഇത് 31.80 ശതമാനമായിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business