രാജ്യാന്തരവില താഴ്ന്നിട്ടും കേരളത്തിൽ ഇന്ന് സ്വർണവില കൂടി; തിരിച്ചടിയായി രൂപയുടെ മൂല്യത്തകർച്ച, ഇരുട്ടടിയാകാൻ 'പലിശയും'
Mail This Article
സ്വർണത്തിന്റെ രാജ്യാന്തരവില കുറഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില കൂടി. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് ഇടിഞ്ഞതിനാൽ സ്വർണം ഇറക്കുമതിച്ചെലവ് വർധിച്ചതാണ് കാരണം. യുഎസിൽ ഈ മാസം കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം (0.25%) കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ സ്വർണവില വരുംദിവസങ്ങളിലും കൂടാനിടയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
കേരളത്തിൽ ഇന്ന് ഗ്രാമിന് വില 40 രൂപ ഉയർന്ന് 7,130 രൂപയായി. 320 രൂപ വർധിച്ച് 57,040 രൂപയാണ് പവന്. 18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 30 രൂപ ഉയർന്ന് വില 5,890 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തരവില ഔൺസിന് 2,644 ഡോളർ വരെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 2,640 ഡോളറിൽ. യുഎസ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നത് സ്വർണനിക്ഷേപ പദ്ധതികളുടെ തിളക്കം കൂട്ടുന്നതാണ് വില കൂടാൻ മുഖ്യകാരണം. പലിശ കുറഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമാകും. ഇത് സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപമെത്താൻ വഴിയൊരുക്കും; വിലയും കൂടും.
അതേസമയം, പലിശ കുറയുമെന്നിരിക്കേ തന്നെ ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) ദുർബലമാകേണ്ടതാണ്. എന്നാൽ, ഡോളറും ബോണ്ട് യീൽഡും കൂടുന്ന പ്രവണതയാണ് നിലവിലുള്ളത്. ഡോളറിന്റെ മൂല്യവർധന, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ എന്നിവയും സ്വർണവില വർധനയ്ക്ക് വളമിടുന്നു.
കേരളത്തിൽ ഇന്ന് ജിഎസ്ടിയും (3%) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ഹോൾമാർക്ക് ചാർജും (45രൂപ+18%ജിഎസ്ടി) ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് കൊടുക്കേണ്ടത് 61,744 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,718 രൂപ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.