സ്വർണപ്പണയം: തിരിച്ചടവ് രീതി മാറും; അവസാന നിമിഷത്തെ 'പുതുക്കൽ' ഇനി എളുപ്പമാകില്ല
![gold-loan-emi5 Image : Shutterstock AI](https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/11/19/gold-loan-emi5.jpg?w=1120&h=583)
Mail This Article
സ്വർണം ഈടുവച്ച് വായ്പ എടുത്തശേഷം, വായ്പാക്കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നവരാണ് പലരും. ആ പ്രവണതയ്ക്ക് പൂട്ടിടാൻ ഈ രംഗത്തെ ധനകാര്യസ്ഥാപനങ്ങൾ ഒരുങ്ങുന്നു. പകരം, പ്രതിമാസ തിരിച്ചടവ് രീതി (ഇഎംഐ) മാത്രം ഏർപ്പെടുത്താനാണ് ആലോചന. സ്വർണപ്പണയ വായ്പാവിതരണം കുത്തനെ കൂടുകയും അതേസമയം ചില ധനകാര്യസ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുന്നതിൽ റിസർവ് ബാങ്ക് കടുത്ത ആശങ്ക പങ്കുവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഎംഐ സൗകര്യം മാത്രം ഏർപ്പെടുത്താനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ നീക്കം.
ഇഎംഐ സംവിധാനം മാത്രം അനുവദിക്കുന്നതോടെ, സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ ആയി മാറും. അതായത്, മറ്റ് വായ്പകൾ തിരിച്ചടയ്ക്കുന്നതുപോലെ പ്രതിമാസ തവണകളായി (ഇഎംഐ) മുതലും പലിശയും തിരിച്ചടയ്ക്കണം. നിലവിലും ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ചെയ്യുന്ന പ്രവണതയാണുള്ളത്. വാണിജ്യ ബാങ്കുകളിൽ 75 ശതമാനത്തോളം സ്വർണപ്പണയ ഇടപാടുകാരും ഈ രീതിയാണ് നിലവിൽ തുടരുന്നത്.
![Gold-Loan Image: Shutterstock/nehaniks](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പലിശമാത്രം അടച്ചശേഷം മുതൽ അവസാനനിമിഷം അടയ്ക്കുക, ബുള്ളറ്റ് പേയ്മെന്റ് സൗകര്യം ഉപയോഗിച്ച് പലിശയും മുതലും അവസാനനിമിഷം ഒറ്റത്തവണയായി തിരിച്ചടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും നിലവിൽ നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ഒഴിവാക്കി, ഇഎംഐ മാത്രം അവതരിപ്പിക്കാനാണ് നിലവിലെ ആലോചന.
റിസർവ് ബാങ്കിന്റെ ആശങ്ക
സ്വർണ വായ്പാവിതരണത്തിൽ കെവൈസി ചട്ടം, ക്യാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയവ പാലിക്കുന്നതിൽ ചില ധനകാര്യസ്ഥാപനങ്ങൾ വീഴ്ചവരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഒരേ പാൻ (PAN) ഉപയോഗിച്ച് നിരവധി പേർക്ക് വായ്പ കൊടുക്കുക. ഇടപാടുകാരന്റെ അസാന്നിധ്യത്തിൽ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുക, 75% എന്ന വായ്പാപരിധി (എൽടിവി) പാലിക്കാതിരിക്കുക, വായ്പാത്തുക കരാർ ലംഘിച്ച് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ വീഴ്ചകളായിരുന്നു റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നത്.
![goldloan goldloan](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സ്വർണപ്പണയ വായ്പകളിൽ പരമാവധി 20,000 രൂപയേ ഇടപാടുകാരന് പണമായി കൈയിൽ നൽകാവൂ. തുക അതിലും കൂടുതൽ ആണെങ്കിൽ ഡിജിറ്റലായി വേണം കൈമാറേണ്ടത്. എൽടിവി (ലോൺ-ടു-വാല്യു) എന്നത് വായ്പാത്തുകയുടെ പരിധിയാണ്. ഈടുവയ്ക്കുന്ന സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ പരമാവധി 75% തുകയേ വായ്പയായി നൽകാവൂ.
ഇഎംഐയും സ്വർണവായ്പയും
സ്വർണപ്പണയ വായ്പാത്തിരിച്ചടവ് ഇഎംഐയിലേക്ക് ചുരുക്കുമ്പോൾ നിശ്ചിത തിരിച്ചടവ് കാലാവധിയുണ്ടാകും. ഇത് 3 വർഷമെങ്കിലും ലഭിച്ചേക്കാം. അക്കാലയളവിൽ നിശ്ചിതതുക വീതം ഓരോ മാസവും തിരിച്ചടയ്ക്കണം. വായ്പ നൽകുമ്പോൾ സ്വർണം ഈട് നേടുന്നതിന് പുറമേ ഇടപാടുകാരന്റെ തിരിച്ചടവ് ശേഷിയും ഇനി ധനകാര്യസ്ഥാപനങ്ങൾ പരിശോധിച്ചേക്കും. അതായത്, ഈടുവസ്തുവായി സ്വർണമുണ്ടെന്നതുകൊണ്ട്, സ്വർണ വായ്പ നേടുക ഇനി എളുപ്പമായേക്കില്ല.
![1291975213 Businesswoman counting money, calculating the conversion rate of Indian Rupee money as a return of financial investment at the table in her office indoors.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
മറ്റൊന്ന്, ഫണ്ട് വിനിയോഗമാണ്. കാർഷികാവശ്യത്തിന് കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുന്ന സ്വർണപ്പണയ വായ്പ നിരവധി പേർ സ്വന്തമാക്കുന്നുണ്ട്. എന്നാൽ, ഈ തുക കാർഷികാവശ്യത്തിന് തന്നെ ഇടപാടുകാരൻ ഉപയോഗിക്കുന്നു എന്നത് പരിശോധിക്കാൻ ചില ധനകാര്യസ്ഥാപനങ്ങൾ മിനക്കെടാറില്ലെന്ന് റിസർവ് ബാങ്ക് ആരോപിച്ചിരുന്നു. ഇടപാടുകാരന്റെ തിരിച്ചടവ് ശേഷി വിലയിരുത്തുകയും ഇഎംഐ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഫണ്ട് വിനിയോഗം വായ്പാക്കരാർ പ്രകാരം തന്നെയാണെന്നത് ഉറപ്പാക്കാൻ കഴിയുമെന്നും ധനകാര്യ സ്ഥാപനങ്ങൾ കരുതുന്നു.
കുതിച്ചുയരുന്ന പൊൻവായ്പ
ഇന്ത്യയിൽ വൻ സ്വീകാര്യതയാണ് സ്വർണ വായ്പകൾക്കുള്ളത്. പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി, മറ്റ് വായ്പകളെ അപേക്ഷിച്ച് അതിവേഗം നേടാമെന്നതും നൂലാമാലകൾ കുറവാണെന്നതും സ്വർണപ്പണയ വായ്പകളുടെ ആകർഷണമാണ്. സ്വർണം ഈടായി വച്ച് അതിവേഗം വായ്പ നേടാം.
![credit-loan - 1 credit-loan - 1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
2027ഓടെ സംഘടിത മേഖലയിലെ സ്വർണപ്പണയ വായ്പകളുടെ ആകെമൂല്യം നിലവിലെ 10 ലക്ഷം കോടി രൂപയിൽ നിന്ന് 15 ലക്ഷം കോടി രൂപയാകുമെന്നാണ് വിലയിരുത്തൽ. നടപ്പുവർഷം (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മാത്രം രാജ്യത്ത് വിതരണം ചെയ്യപ്പെട്ടത് 79,218 കോടി രൂപയുടെ സ്വർണവായ്പയാണ്. തൊട്ടുമുമ്പത്തെ പാദത്തേക്കാൾ (ജനുവരി-മാർച്ച്) 32 ശതമാനവും മുൻവർഷത്തെ സമാനപാദത്തേക്കാൾ 26 ശതമാനവും അധികമാണിത്. 2023-24 ഏപ്രിൽ-ജൂണിൽ 62,835 കോടി രൂപയും 2022-23ലെ ഏപ്രിൽ-ജൂണിൽ 39,687 കോടി രൂപയുമായിരുന്നു സ്വർണപ്പണയ വായ്പയായി വിതരണം ചെയ്തിരുന്നത്.