യുഎസ് പണപ്പെരുപ്പത്തിൽ തട്ടിക്കുതിച്ച് രാജ്യാന്തര സ്വർണം; കുലുങ്ങാതെ കേരളത്തിലെ വില, സ്വർണം ഇനി മുന്നേറുമോ?
Mail This Article
യുഎസിൽ നവംബറിലും പണപ്പെരുപ്പം ആശ്വാസതലത്തിലെത്തിയതോടെ, രാജ്യാന്തര സ്വർണവില ഔൺസിന് 2,700 ഡോളറും ഭേദിച്ച് കുതിച്ചുകയറിയത് ഒരുമാസത്തെ ഉയരത്തിലേക്ക്. ഒരുവേള 2,724 ഡോളർ വരെ എത്തിയ വില പക്ഷേ, നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ താഴെയെറിങ്ങി 2,711 ഡോളറായി.
അതേസമയം, കേരളത്തിൽ ഇന്ന് വില മാറിയില്ല. ഗ്രാമിന് 7,285 രൂപയിലും പവന് 58,280 രൂപയിലുമാണ് വ്യാപാരം. ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും കൂടിയശേഷമാണ് ഇന്ന് കേരളത്തിൽ വില വിശ്രമമെടുത്തത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 6,015 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. വെള്ളി വിലയിലും മാറ്റമില്ല; ഗ്രാമിന് 101 രൂപ.
ഇനി സ്വർണവില കൂടുമോ കുറയുമോ?
യുഎസിൽ പണപ്പെരുപ്പം നവംബറിലും ആശ്വാസതലത്തിൽ ആയതിനാൽ ഈ മാസത്തെ പണനയ യോഗത്തിൽ കേന്ദ്രബാങ്ക് (യുഎസ് ഫെഡ്) അടിസ്ഥാന പലിശനിരക്ക് താഴ്ത്താൻ സാധ്യതയുണ്ട്. 0.25% ഇളവാണ് പ്രതീക്ഷ. അങ്ങനെയുണ്ടായാൽ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) താഴും. യുഎസ് ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശനിരക്കും കുറയും. ഡോളറും ദുർബലമാകും. അതായത്, ഇവയിൽ നിക്ഷേപിക്കുന്നതുകൊണ്ടുള്ള നേട്ടം കുറയും.
ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഫലത്തിൽ, സ്വർണവില കൂടും. അതായത്, പലിശനിരക്ക് കുറയുന്നത് സ്വർണത്തിനാണ് നേട്ടമാകുക. നിലവിൽ സാഹചര്യം സ്വർണത്തിന് അനുകൂലമായതിനാൽ വില വർധന തുടരുമെന്നും 2,750-2,800 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ കരുതുന്നു. അങ്ങനെയെങ്കിൽ കേരളത്തിലും വില കൂടും.
അഥവാ, ലാഭമെടുപ്പ് ഉൾപ്പെടെ തടസ്സങ്ങളുണ്ടായാൽ വില 2,674 ഡോളറിലേക്ക് വീഴാം. ഇത് സ്വർണാഭരണപ്രേമികൾക്ക് ഗുണമാണ്. കേരളത്തിലും വില താഴും. വരുംദിവസങ്ങളിലും രാജ്യാന്തര, ആഭ്യന്തര സ്വർണവിലയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടമായിരിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business