സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്; പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, പണിക്കൂലിയും ചേർന്നാൽ വില ഇങ്ങനെ
Mail This Article
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം പകർന്ന് സ്വർണവിലയിൽ ഇന്നും വൻ വീഴ്ച. ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 7,140 രൂപയായി. 720 രൂപ ഒറ്റയടിക്ക് താഴ്ന്ന് 57,120 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 5,895 രൂപയിലെത്തി. വെള്ളിവിലയും കുറഞ്ഞു. ഇന്നു വ്യാപാരം നടക്കുന്നത് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയിൽ.
രാജ്യാന്തരവില 5 ആഴ്ചത്തെ ഉയരമായ 2,720 ഡോളർ നിലവാരത്തിൽ നിന്ന് രണ്ടുദിവസത്തിനിടെ 2,646 ഡോളറിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കി. രാജ്യാന്തരതലത്തിൽ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിടിവ് സൃഷ്ടിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് ഈമാസം വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ഒരുങ്ങുകയാണ്. പലിശ കുറയുമ്പോൾ സാധാരണ സ്വർണവില കൂടുകയാണ് ചെയ്യേണ്ടത്. എന്നാൽ, ഡിസംബറിൽ പലിശ കുറഞ്ഞാലും 2025ൽ പലിശ കുറയാനിടയില്ലെന്ന വിലയിരുത്തൽ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കിനും (ട്രഷറി യീൽഡ്) ഉണർവ് പകരുന്നതാണ് സ്വർണത്തെ തളർത്തുന്നത്. ബോണ്ടിൽ നിന്നും ഡോളറിൽ നിന്നും കൂടുതൽ നേട്ടം കിട്ടുമെന്നിരിക്കേ, നിക്ഷേപകർ സ്വർണനിക്ഷേപ പദ്ധതികളെ കൈവിടുന്ന ട്രെൻഡാണ് നിലവിലുള്ളത്.
ജിഎസ്ടിയും പണിക്കൂലിയും ചേർന്നാൽ വില ഇങ്ങനെ
മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവ ചേരുന്നതാണ് കേരളത്തിൽ സ്വർണാഭരണവില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,830 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ.
ഒരു ഗ്രാം ആഭരണത്തിന് നൽകേണ്ടത് 7,729 രൂപയും. സ്വർണാഭരണം വാങ്ങുമ്പോൾ ഏത് ജ്വല്ലറിയിലാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി, ആകർഷകമായ ഡിസൈൻ, വൈവിധ്യമായ ആഭരണ കളക്ഷൻ, ഇൻഷുറൻസ് ഉൾപ്പെടെ മികവുറ്റ സേവനം എന്നിവ മനസ്സിലാക്കിയിരിക്കുന്നത് ഗുണം ചെയ്യും.