സ്വർണവില ഇനി കുറയുമോ? എല്ലാ കണ്ണുകളും യുഎസിലേക്ക്; നിർണായക യോഗത്തിന് നാളെത്തുടക്കം, കേരളത്തിൽ ഇന്ന് വില മാറ്റമില്ല
Mail This Article
എങ്ങോട്ടാണ് ഇനി സ്വർണവിലയുടെ സഞ്ചാരം? ഇനി കുറയാനാണോ അതോ കൂടാനാണോ സാധ്യത? ആഭരണപ്രിയരും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങാൻ ശ്രമിക്കുന്നവരും നിക്ഷേപമായി പൊന്നിനെ കാണുന്നവരും ഉന്നയിക്കുന്ന ചോദ്യം. കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57,120 രൂപയും ഗ്രാമിന് 7,140 രൂപയുമാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5,895 രൂപയിലും വെള്ളി വില ഗ്രാമിന് 97 രൂപയിലും മാറ്റമില്ലാെ തുടരുന്നു.
രാജ്യാന്തര സ്വർണവില ഔൺസിന് 2,640-2,655 ഡോളർ നിലവാരത്തിൽ ചാഞ്ചാട്ടത്തിലാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഡിസംബർ 18ന് അറിയാം. നാളെയാണ് പണനയ യോഗം ആരംഭിക്കുന്നത്. 18ന് പണനയം പ്രഖ്യാപിക്കും. സെപ്റ്റംബറിൽ 0.50 ശതമാനവും കഴിഞ്ഞമാസം 0.25 ശതമാനവും പലിശനിരക്ക് കുറച്ച യുഎസ് ഫെഡ്, ഇത്തവണയും 0.25% ഇളവ് വരുത്തുമെന്നാണ് കരുതുന്നത്.
കാതോർക്കാം യുഎസിലേക്ക്
യുഎസിൽ പണപ്പെരുപ്പം ആശ്വാസതലത്തിൽ തുടരുന്നതും തൊഴിൽ വിപണി സമ്മർദത്തിലാണെന്നതും പലിശഭാരം കുറയാനുള്ള അനുകൂലഘടകങ്ങളാണ്. പലിശ കുറയുമെന്ന വിലയിരുത്തൽ ശക്തമായതിനാൽ യുഎസ് ട്രഷറി യീൽഡ് (കടപ്പത്ര ആദായനിരക്ക്), യുഎസ് ഡോളർ ഇൻഡക്സ് എന്നിവ നഷ്ടം നേരിട്ടിട്ടുണ്ട്. പണനയ പ്രഖ്യാപനം വരുന്നതോടെ ഇവ കൂടുതൽ താഴേക്ക് നീങ്ങിയേക്കാം. അതായത്, ഇവയിലും ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുമുള്ള നേട്ടം/ആദായം (റിട്ടേൺ) കുറയും. അതോടെ, നിക്ഷേപകർ സ്വർണനിക്ഷേപ പദ്ധതികളിലേക്ക് തിരിയും.
സ്വർണത്തിൽ നിന്ന് വലിയ ആദായം കിട്ടുമെന്നത് കൊണ്ടല്ല അത്. ബോണ്ടിലും ഡോളറിലും പണമൊഴുക്കി നഷ്ടം നേരിടുന്നതിലും ഭേദം സ്വർണത്തിൽ നിന്നുള്ള ഭേദപ്പെട്ട നേട്ടമാണെന്ന് നിക്ഷേപകർ കരുതുന്നു.
എന്നാൽ, പലിശ കുറച്ചതുകൊണ്ട് സ്വർണക്കുതിപ്പ് ശക്തമാകുമോ? ഡിസംബറിലും പലിശനിരക്ക് കുറയ്ക്കുമെന്നത് ഏറെക്കാലമായുള്ള പ്രതീക്ഷകളാണെന്നിരിക്കേ, ഇത് കാര്യമായ ചലനം നിക്ഷേപകർക്കിടയിൽ സൃഷ്ടിക്കില്ല. മറിച്ച്, 2025ൽ പലിശ സംബന്ധിച്ച നയം എന്തായിരിക്കും? ഇതു സംബന്ധിച്ച സൂചന ഇത്തവണത്തെ പണനയത്തിൽ ഉണ്ടാകുമോ എന്നാണ് നിക്ഷേപകലോകം ഉറ്റുനോക്കുന്നത്. ഡോണൾഡ് ട്രംപിന്റെ നയങ്ങൾ പണപ്പെരുപ്പം കൂടാൻ ഇടയാക്കുമെന്നും അതിനാൽ 2025ൽ പലിശനിരക്കിൽ മാറ്റംവരാൻ ഇടയില്ലെന്നും ചിലർ വിലയിരുത്തുന്നുണ്ട്.
വില ഇനി എങ്ങോട്ട്?
2025ൽ സ്വർണവിലയെ സ്വാധീനിക്കാവുന്ന നിരവധി ഘടകങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്ന്, നിലവിൽ തന്നെ ഇന്ത്യ, ചൈന എന്നിവയുടെ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. രണ്ട്, ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾക്ക് അയവില്ലെന്നതും സ്വർണത്തിനാണ് നേട്ടമാകുക. ഇതിനുപുറമേ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തമാസമാണ് സ്ഥാനമേൽക്കുന്നത്. അദ്ദേഹം ചൈനയ്ക്കും മറ്റ് ബ്രിക്സ് രാജ്യങ്ങൾക്കുംമേൽ ഉൾപ്പെടെ സ്വീകരിക്കാവുന്ന ഇറക്കുമതി തീരുവ നയങ്ങൾ പുതിയൊരു വ്യാപാരപ്പോരിന് വഴിവച്ചേക്കാം. ഇത് ഓഹരി, കടപ്പത്ര വിപണികൾക്ക് തിരിച്ചടിയായേക്കും.
ഫലത്തിൽ, അവിടെയും സ്വർണനിക്ഷേപങ്ങൾക്ക് പ്രിയമേറാം. അതായത്, വില കൂടാനുള്ള സാധ്യതയേറെയെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്ക് അയവുണ്ടാവുകയും കടുത്ത വിദേശനയങ്ങളിലേക്ക് ട്രംപ് കടക്കാതിരിക്കുകയും ചെയ്താൽ സ്വർണവിലയുടെ കുതിപ്പിന് ആക്കംകുറയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business