ADVERTISEMENT

നിങ്ങള്‍ എങ്ങനെ വേണേല്‍ പന്തെറിഞ്ഞോ, ഒത്താല്‍ എല്ലാ പന്തും ഞാന്‍ സിക്സറടിക്കും, ഇതാണ് ഇന്ത്യന്‍ ടി 20 ടീം ക്യാപ്റ്റന്‍ സൂര്യകുമാർ യാദവി(SKY-സ്കൈ)ന്റെ ശൈലി. പുതിയ കാലത്തിന്‍റെ നിർഭയ ബാറ്റിങിന്‍റെ പ്രതിരൂപമായ സൂര്യകുമാർ ഇതാ ഓഹരിവിപണിയില്‍ തുടക്കമിടുന്നതും ബമ്പറടിക്കാന്‍ തന്നെ. കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് 750 ശതമാനം റിട്ടേണ്‍ നേടിക്കൊടുത്ത കമ്പനിയായ ബൊണ്ടാഡ എന്‍ജിനിയറിങ് ലിമിറ്റഡി (ബി.ഇ.എല്‍) ലാണ് സൂര്യകുമാർ ഓഹരിനിക്ഷേപത്തിന്‍റെ ഹരിശ്രീ കുറിച്ചത്. 

ടെലികോം, സോളാർ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്പനി ഇ.പി.സി (എന്‍ജിനിയറിങ്, പ്രൊക്യുർമെന്‍റ്, കണ്‍സ്ട്രക്ഷന്‍) സേവനങ്ങളാണ് നല്‍കുന്നത്. നിലവിലുള്ള വിപണിമൂല്യം 7500 കോടി രൂപയാണ്. 

കമ്പനിക്ക് താല്‍പര്യമുള്ളവർക്ക് ഒരു നിശ്ചിതവിലയ്ക്ക് ഓഹരി നല്‍കുന്ന  പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴിയാണ് സൂര്യകുമാർ ബൊണ്ടാഡയില്‍ നിക്ഷേപം നടത്തിയത്. പുതിയ ഫണ്ട് സമാഹരണത്തിന്‍റെ ഭാഗമായി പ്രിഫറന്‍ഷ്യല്‍ ഇഷ്യു നടത്തിയപ്പോള്‍ 17,000 ഓഹരിക്കാണ് സൂര്യകുമാർ യാദവ് അപേക്ഷിച്ചിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ബൊണ്ടാഡ. ഇക്കഴിഞ്ഞ ബുധനാഴ്ച മാത്രം 48 രൂപയോളം കൂടി 690 നടുത്തെത്തിയ ബൊണ്ടാഡ വ്യാഴാഴ്ച ആറു രൂപ 50 പൈസയോളം കൂടി 696 രൂപയിലേക്കെത്തി. 

stock-market

സ്കൈയുടെ നിക്ഷേപത്തോടെ ഉറച്ച സെലിബ്രിറ്റി എന്‍ഡോഴ്സമെന്‍റ് കിട്ടുന്ന കമ്പനിയുടെ പ്രശസ്തി ഇനി പതിന്മടങ്ങാവും. ഇതോടെ ഈ ഓഹരിയില്‍ കൂടുതല്‍ നിക്ഷേപപങ്കാളിത്തമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഈയിടെ കമ്പനിയുടെ ബോർഡ് പുതിയ ഫണ്ട് സമാഹരണം, ഓഹരി മുഖവില വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരി വിഭജിച്ച് രണ്ടു രൂപയിലേക്ക് ആക്കിയിട്ടുണ്ട്. അതായത്, നൂറ് ഓഹരി ഉണ്ടായിരുന്ന വ്യക്തിക്ക് ബോണ്ടാഡയുടെ അഞ്ഞൂറ് ഓഹരിയാണ് ലഭിച്ചത്. 

അടുത്ത മൂന്നു വർഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ വാർഷിക വരുമാനം 801 കോടി രൂപയാണ്. ലാഭം 46 കോടിയും. 5300 കോടിയില്‍ നിന്ന് 8,500 കോടി രൂപയുടെ ഓർഡർ ബുക്കിലേക്ക് വളരാനും കമ്പനി ലക്ഷ്യമിടുന്നു. രാഘവേന്ദ്രറാവു ബൊണ്ടാഡയാണ് കമ്പനി സ്ഥാപകനും മാനേജിങ് ഡയറക്ടറും.  

surya-kumar-1248

ബീഹാർ റീന്യൂവബ്ള്‍ എനർജി ഡെവല്പമെന്റ് ഏജന്‍സിയില്‍ നിന്നും 1089 കോടി രൂപയുടെ ഓർഡർ കഴിഞ്ഞ ദിവസം കമ്പനിക്ക് ലഭിച്ചിരുന്നു. ബീഹാർ സംസ്ഥാനത്തെ മുഖ്യമന്ത്രി ഗ്രാമീണ്‍ സോളാർ സ്ട്രീറ്റ് ലൈറ്റ് യോജനയുടെ ഭാഗമായാണ് പുതിയ കരാർ കമ്പനിക്ക് ലഭിച്ചത്. 

English Summary:

Indian cricketer Suryakumar Yadav makes a splash in the stock market by investing in multibagger stock Bonded Engineering Limited. Learn more about his investment and the company's growth potential.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com