സ്വർണത്തെ കാത്ത് ഇനി ‘ട്രംപ് ചരിതം, രണ്ടാം അധ്യായം’; വീണ്ടും തുടങ്ങി വിലക്കുതിപ്പ്
Mail This Article
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശയിലാഴ്ത്തി സ്വർണവില വീണ്ടും കൂടിത്തുടങ്ങി. ഏതാനും ദിവസമായി അനക്കമില്ലാതെ കിടന്ന വെള്ളിവിലയും ഉയിർത്തെണീറ്റു. കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് വില 7,150 രൂപയിലെത്തി. പവൻ വില 200 രൂപ ഉയർന്ന് 57,200 രൂപ.
ക്രിസ്മസ് ദിനം മുതൽ തുടർച്ചയായ മൂന്നാംനാളിലാണ് സ്വർണവില കൂടുന്നത്. 3 ദിവസത്തിനിടെ ഇതോടെ ഗ്രാമിന് കൂടിയത് 60 രൂപ; പവന് 480 രൂപയും. മൂന്നു ശതമാനം ജിഎസ്ടി, 54.10 രൂപ ഹോൾമാർക്ക് (എച്ച്‍യുഐഡി) ചാർജ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് സ്വർണാഭരണ വില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 20 രൂപ ഉയർന്ന് 5,905 രൂപയായി. ഗ്രാമിന് ഒരു രൂപ ഉയർന്ന് 96 രൂപയിലാണ് വെള്ളിയുടെ വ്യാപാരം.
സ്വർണത്തിന് പുതുവഴി തുറക്കുമോ ട്രംപ്?
ക്രിസ്മസിന് മുമ്പ് ഔൺസിന് 2,620 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര സ്വർണവില മെല്ലെ കൂടിത്തുടങ്ങിയതിന്റെ പ്രതിഫലനമാണ് കേരളത്തിലെ വിലയിലുമുണ്ടായത്. നിലവിൽ 2,632 ഡോളറാണ് രാജ്യാന്തരവില. യുഎസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേൽക്കുന്ന ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോള വ്യാപാരയുദ്ധത്തിന് വഴിതുറക്കുമെന്നാണ് പൊതുവിലയിരുത്തൽ. മാത്രമല്ല, ഡോളറിന്റെ കുതിപ്പിനും കരുത്തായേക്കും. ഇവ രണ്ടും സ്വർണവില കൂടാനിടയാക്കും.
രാജ്യാന്തര സ്വർണവ്യാപാരം ഡോളറിൽ ആണെന്നതിനാൽ, ഡോളറിന്റെ മൂല്യക്കുതിപ്പ് സ്വർണത്തിന്റെ വാങ്ങൽച്ചെലവ് ഉയർത്തും. ഇത് വിലയിൽ പ്രതിഫലിക്കും. പുറമേ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവിലുണ്ടാകുന്ന വർധന, ഇന്ത്യയിലും വിലക്കയറ്റത്തിന് ഊർജമാകും. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണത്തിനാണ് അനുകൂലമാകുക. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയം കൂടുന്നത് വില കൂട്ടും.
ഇനി വില എങ്ങോട്ട്?
ആഗോളതലത്തിൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതാണ് നിലവിലെ ട്രെൻഡ്. ഇന്ത്യയിൽ ആഭരണമെന്നതിന് പുറമേ റിസർവ് ബാങ്കിൽ നിന്നും നല്ല ഡിമാൻഡുണ്ട്. 2024 ജൂലൈ-സെപ്റ്റംബറിൽ ആഗോള സ്വർണ ഡിമാൻഡ് ചരിത്രത്തിൽ ആദ്യമായി 100 ബില്യൺ ഡോളർ കടന്നിരുന്നു. 2,062 ഡോളറിൽ 2024ലെ യാത്ര തുടങ്ങിയ രാജ്യാന്തരവില, ഈ വർഷം ഇതിനകം 27 ശതമാനത്തോളം ഉയർന്നു. 2010ന് ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണിത്. 2025ൽ വില 3,000 ഡോളർ കടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business