ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ടിന് വൈകിട്ടാണ് രാജ്യത്തെയാകെ അമ്പരിപ്പിച്ച് 500,​ 1000 രൂപാ നോട്ടുകൾ അസാധുവാക്കിയത്. കള്ളപ്പണം,​ തീവ്രവാദ ഫണ്ടിങ്,​ കറൻസി നോട്ടുകളുടെ പൂഴ്‌ത്തിവയ്പ്പ് എന്നിവയ്ക്ക് തടയിടുകയാണ് ലക്ഷ്യമെന്നായിരുന്നു മോദിയുടെയും സർക്കാരിന്റെയും വിശദീകരണം. 

എന്നാൽ നോട്ടുകൾ അസാധുവാക്കിയ നടപടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും ജിഡിപി വള‌ർച്ചനിരക്ക് രണ്ടുശതമാനം വരെ ഇടിയുമെന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് രാജ്യസഭയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിയാകുന്നതായിരുന്നു പിന്നീട് രാജ്യം കണ്ടത്. ജിഡിപി വളർച്ചനിരക്ക് തൊട്ടടുത്ത ഏപ്രിൽ-ജൂൺപാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ 7.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനത്തിലേക്ക് നിലംപൊത്തി. 

PTI12_26_2024_000474A

മുൻ പ്രധാനമന്ത്രി എന്നതിലുപരി,​ മുൻ ധനമന്ത്രി എന്ന നിലയിലും സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിലും ഡോ. മൻമോഹൻ സിങ്ങിനുള്ള അറിവും ദീർഘവീക്ഷണവും വ്യക്തമാക്കുന്നതായിരുന്നു പിന്നീട് യാഥാർഥ്യമായ ആ പ്രവചനം. ആഗോളവത്കരണവും ഉദാരവത്കരണവും മുതൽ ആധാർ കാർഡും വിവരാവകാശ നിയമവുമൊക്കെ നടപ്പാക്കി പുതിയ ഇന്ത്യയ്ക്ക് വഴിതുറന്നിട്ട ധനമന്ത്രി കൂടിയായരുന്നു ഡോ. സിങ്. 

ഇന്ത്യയെ മാറ്റിമറിച്ച രാഷ്ട്രതന്ത്രജ്ഞൻ
 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാമ്പത്തികരംഗത്തെ നിരീക്ഷകർ രണ്ടുഘട്ടങ്ങളായാണ് പൊതുവേ തിരിച്ചിട്ടുള്ളത്. 1991ന് മുമ്പും ശേഷവും. അതായത്, ഡോ. മൻമോഹൻ സിങ്ങിന്റെ രംഗപ്രവേശനത്തിന് മുമ്പും ശേഷവും. നരസിംഹ റാവു ആയിരുന്നു പ്രധാനമന്ത്രി പദത്തിൽ. രാജ്യം സാമ്പത്തിക ഞെരുക്കത്തിൽ അമ‌ർന്നകാലം. ദൈനംദിന ചെലവുകൾ കഴിക്കാനും വികസന,​ ക്ഷേമപ്രവർത്തനങ്ങൾക്കും രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്)​ കരുതൽ ശേഖരത്തിലെ സ്വർണംപോലും പണയംവയ്ക്കേണ്ടി വന്നസ്ഥിതി. 

manmohan-singh-narendra-modi-01

ഈ അവസ്ഥ എങ്ങനെയും തരണം ചെയ്യണമെന്ന് ചിന്തിച്ച റാവു,​ ധനമന്ത്രി പദത്തിലേക്ക് മുൻ റിസർവ് ബാങ്ക് ഗവർണർ കൂടിയായ ഡോ. മൻമോഹൻ സിങ്ങിനെ കൊണ്ടുവന്നത് അപ്രതീക്ഷിതമായായിരുന്നു. ചുമതലയേറ്റ ഒരുമാസത്തിനകം, 1991 ജൂലൈ 24ന് മൻമോഹൻ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. അവിടെ തുടങ്ങി ആധുനിക ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തലവര.

ഇന്ത്യയെന്ന വൻ വിപണിയുടെ വാതിൽ ഡോ. സിങ് ആഗോളവത്കരണത്തിലൂടെ (Globalization) ലോകത്തിന് മുന്നിൽ തുറന്നിട്ടു. 1970കളിൽ ഇന്ത്യയിൽ നിന്ന് പടിയറങ്ങിപ്പോയ ഐബിഎം,​ കൊക്ക-കോള പോലുള്ള വൻകിട കമ്പനികൾ ഉൾപ്പെടെ തിരികെവന്നു. നികുതിഭാരം അദ്ദേഹം വെട്ടിക്കുറച്ചു. ഓഹരിവിപണി കുതിപ്പിന്റെ ട്രാക്കിലേറി. വിദേശ നിക്ഷേപകരും ആഗോള കമ്പനികളും ഇന്ത്യയിലേക്ക് ഇരച്ചെത്തി.

manmohan-singh-00

ലൈസൻസ് രാജിന് തടയിട്ട മൻമോഹൻ,​ രൂപയുടെ മൂല്യം രണ്ടുശതമാനം വെട്ടിക്കുറച്ച്,​ കയറ്റുമതി മേഖലയ്ക്ക് കരുത്തുപകർന്നു. ഉദാരവത്കരണം (Liberalization), സ്വകാര്യവത്കരണം (Privatisation) എന്നിവയിലൂടെ ഇന്ത്യയിലേക്ക് നിക്ഷേപം കുതിച്ചൊഴുകാനുള്ള വഴി അദ്ദേഹം വെട്ടിത്തെളിച്ചു. മൻമോഹൻ അന്നുപാകിയ അടിത്തറയിലാണ് ഇന്നും ഇന്ത്യയുടെ സാമ്പത്തികരംഗം നിലകൊള്ളുന്നതെന്ന് കാണാം. 

മുഖച്ഛായ മാറ്റിയ പരിഷ്കാരങ്ങൾ
 

2004 മുതൽ 2014 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ചപ്പോഴും ഡോ. മൻമോഹൻ സിങ്ങിനു കീഴിൽ ഇന്ത്യ കണ്ടത് നിരവധി സാമ്പത്തിക പരിഷ്കാരങ്ങളായിരുന്നു. അവയിൽ മിക്കവയും ഇപ്പോഴും തുടരുന്നു എന്ന് മാത്രമല്ല,​ ജനകീയവുമായിരുന്നു. അതിലൊന്നാണ്,​ ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമായി ഉയർന്ന ആധാർ.  സർക്കാരിന്റെയോ ബാങ്കുകളുടെയോ എന്നല്ല,​ സിം കാർഡ് എടുക്കാനുൾ‌പ്പെടെ ഇന്ന് ഏത് ആവശ്യത്തിനും ആധാർ കാർഡ് നിർബന്ധമാണ്. ഡോ. സിങ് പ്രധാനമന്ത്രിയായിരിക്കേ 2009 ജനുവരി 28നായിരുന്നു ആധാറിന്റെ പിറവി.

ദി മേക്കിങ് ഓഫ് ഹീറോ എന്ന പുസ്തകത്തിന്റെ ലോഞ്ചിന് മൻമോഹൻ സിങ് എത്തിയപ്പോൾ. 2020 ജനുവരി 13ലെ ചിത്രം. (PTI Photo/Arun Sharma)
ദി മേക്കിങ് ഓഫ് ഹീറോ എന്ന പുസ്തകത്തിന്റെ ലോഞ്ചിന് മൻമോഹൻ സിങ് എത്തിയപ്പോൾ. 2020 ജനുവരി 13ലെ ചിത്രം. (PTI Photo/Arun Sharma)

മറ്റൊരു സുപ്രധാന നടപടിയായിരുന്നു ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ അഥവാ ഡിബിടി. അർഹർക്ക് പെൻഷനും സ്കോളർഷിപ്പുകളും സബ്സിഡികളും മറ്റ് സർക്കാർ ധനസഹായവുമൊക്കെ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്ന സേവനം. പണം അനർഹർ തട്ടിയെടുക്കുന്നത് തടയിടുന്ന പദ്ധതി ഇന്നും സജീവം. 2013 ജനുവരിയിലായിരുന്നു തുടക്കം.

മറ്റൊരു സുപ്രധാന പരിഷ്കാരമായിരുന്നു വിവരാവകാശ ബിൽ (Right t Information Act/RTI). 2005 ഒക്ടോബറിൽ നിലവിൽ വന്ന നിയമം,​ ജനങ്ങൾക്ക് അറിയാനുള്ള അവകാശം അരക്കിട്ടുറപ്പിക്കുക മാത്രമല്ല,​ ഉദ്യോഗസ്ഥർക്കും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കും ജനങ്ങളിൽ നിന്ന് മറച്ചുവച്ച് ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു.

ബഹുബ്രാൻഡ് എഫ്ഡിഐയും ജിഡിപി വളർച്ചയും
 

എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യത്തോടെയുള്ള തൊഴിലുറപ്പ് പദ്ധതി (2005ലെ നാഷണൽ റൂറൽ എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി സ്കീം)​,​ 2005ൽ നടപ്പിൽവന്ന പ്രത്യേക സാമ്പത്തിക മേഖല (സെസ്)​ പദ്ധതി,​ 2012ൽ നടപ്പാക്കിയ ബഹു ബ്രാൻഡ് റീട്ടെയ്ൽ മേഖലയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ)​ തീരുമാനം (ബഹു ബ്രാൻഡ് റീട്ടെയ്‌ലിലേക്ക് 51%,​ ഏക ബ്രാൻഡ് റീട്ടെയ്‌ലിലേക്ക് 100% എന്നിങ്ങനെ വിദേശ നിക്ഷേപത്തിനാണ് യുപിഎ സർക്കാർ അനുവാദം നൽകിയത്)​ തുടങ്ങിയ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ദിശ തന്നെ മാറ്റിവരച്ചു.

ഡോ. മൻമോഹൻ സിങ്
ഡോ. മൻമോഹൻ സിങ്

ഡോ. സിങ് പ്രധാനമന്ത്രി പദം അലങ്കരിച്ച 10 വർഷക്കാലത്ത് ശരാശരി 7.5% ജിഡിപി വളർച്ച നേടാൻ ഇന്ത്യക്ക് കഴിഞ്ഞു. 2010-11ലെ 10.03% വളർച്ചനിരക്ക് സ്വതന്ത്ര ഇന്ത്യ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വളർച്ചയായിരുന്നു. 2007ൽ മൻമോഹന്റെ കീഴിലാണ് ഇന്ത്യ ആദ്യമായി ഒരു ട്രില്യൺ സമ്പദ്‍വ്യവസ്ഥ (ഒരുലക്ഷം കോടി ഡോളർ മൂല്യം)​ എന്ന പട്ടം ചൂടിയത്. 2008-09ലെ ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയെ സാരമായി ഉലയ്ക്കാതിരിക്കാനും മൻമോഹൻ സിങ് നടപടിയെടുത്തിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുത്തനെ ഉയർത്തിയ അദ്ദേഹം,​ സാധാരണക്കാരുടെ സമ്പാദ്യത്തിന് മികച്ച നേട്ടം ഉറപ്പുനൽകി.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business

English Summary:

Manmohan Singh: From Liberalization to Aadhaar, Architect of Modern India's Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com