നേട്ടത്തോടെ 2024നോട് വിടപറയാൻ സെൻസെക്സും നിഫ്റ്റിയും; യുഎസിനെയും കടത്തിവെട്ടി, കൂടുതൽ മുന്നേറിയവരും തളർന്നവരും ഇവർ
Mail This Article
അങ്ങനെ 2024 വിടപറയുന്നു. ഇന്ത്യൻ ഓഹരി വിപണികൾക്ക് മുന്നിൽ ഇനി ഈവർഷം ബാക്കിയുള്ളത് നാലേനാല് പ്രവൃത്തിദിനങ്ങൾ മാത്രം. റെക്കോർഡുകൾ തകർക്കുകയും വൻ വീഴ്ചകൾക്ക് സാക്ഷിയാവുകയും ചെയ്തശേഷമാണ് 2024നോട് സന്തോഷത്തോടെ ‘ഗുഡ്ബൈ’ പറയാൻ സെൻസെക്സും നിഫ്റ്റിയും ഒരുങ്ങുന്നത്.
കനത്ത ചാഞ്ചാട്ടങ്ങൾക്ക് സാക്ഷിയായെങ്കിലും തുടർച്ചയായ 9-ാം വർഷവും നേട്ടത്തോടെയാണ് വർഷാന്ത്യ വ്യാപാരത്തിന് ഇരു സൂചികകളും താഴിടുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്ന് നിരവധി വെല്ലുവിളികൾ 2024ൽ ഇന്ത്യൻ ഓഹരി വിപണികൾ നേരിട്ടു. എന്നാലും, ഇന്ത്യ ഓഹരി നിക്ഷേപകർക്ക് സുരക്ഷിതമെന്ന് അടിവരയിടുന്നത് കൂടിയാണ് തുടർച്ചയായ 9-ാം വർഷത്തിലെയും ഈ പോസിറ്റിവ് നേട്ടം.
നിഫ്റ്റിയുടെയും സെൻസെക്സിന്റെയും തിളക്കം
2024ന്റെ ആദ്യപകുതിയിലായിരുന്നു പ്രധാനമായും സെൻസെക്സിന്റെയും നിഫ്റ്റിയുടെയും മുന്നേറ്റം. രണ്ടാംപാതിയിൽ പക്ഷേ, കനത്ത കയറ്റിറക്കങ്ങളുണ്ടായി. 2024ൽ ഇതിനകം നിഫ്റ്റി50 സൂചിക 9.21 ശതമാനവും സെൻസെക്സ് 8.62 ശതമാനവും നേട്ടമാണ് കൈവരിച്ചത്. 2024ൽ ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് നേരിട്ട തളർച്ച ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ ഓഹരി വിപണിയെ അലട്ടിയിരുന്നു. എന്നാൽ, 2025ൽ സ്ഥിതി മെച്ചപ്പെടുമെന്ന വിലയിരുത്തൽ ഓഹരി വിപണികൾക്കും കരുത്താകുമെന്നാണ് വിലയിരുത്തലുകൾ.
യുഎസിനെയും കടത്തിവെട്ടി
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിലെ ഓഹരി വിപണികളെപ്പോലും പിന്നിലാക്കിയാണ് ഇന്ത്യൻ ഓഹരി വിപണികളുടെ മുന്നേറ്റമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മോത്തിലാൽ ഓസ്വാളിന്റെ ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 35 വർഷമായി യുഎസ് വിപണികളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ ഓഹരി വിപണികൾ നടത്തുന്നത്. ഇന്ത്യൻ ഓഹരി വിപണികളിലേക്കുള്ള നിക്ഷേപം 1990 മുതൽ ഇതിനകം 95 മടങ്ങ് വർധിച്ചിട്ടുമുണ്ട്.
മറ്റൊരു രസകരമായ താരതമ്യം കൂടി റിപ്പോർട്ടിലുണ്ട്. 1990ൽ നിങ്ങൾ യുഎസ് വിപണിയിൽ 100 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം 8,400 രൂപയാകുമായിരുന്നു. അതായത് ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോഴത് വളർന്ന് 84 ലക്ഷം രൂപയാകുമായിരുന്നു. എന്നാൽ, നിക്ഷേപിച്ചത് ഇന്ത്യൻ വിപണിയിൽ ആയിരുന്നെങ്കിലോ..? 1990ലെ 100 രൂപ ഇന്ന് 9,500 രൂപയാകുമായിരുന്നു. ഒരുലക്ഷം രൂപ 95 ലക്ഷം രൂപയും.
കുതിച്ചവരും കിതച്ചവരും
2024ൽ ഇതിനകം നിഫ്റ്റി50 സൂചിക 9.21 ശതമാനമാണ് വളർന്നതെന്ന് പറഞ്ഞുവല്ലോ. ഇക്കാലയളവിൽ നിഫ്റ്റി500 സൂചികയുടെ വളർച്ച 15.3 ശതമാനമാണ്. 318.2% നേട്ടമുണ്ടാക്കിയ (നിക്ഷേപകർക്ക് സമ്മാനിച്ച റിട്ടേൺ) ജിഇ വെർണോവ ടി ആൻഡ് ഡി ഇന്ത്യയാണ് നിഫ്റ്റി500ലെ നേട്ടത്തിൽ മുന്നിൽ. കെഫിൻ ടെക്നോളജീസ് (206%), മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് (196.2%), ഓറക്കിൾ ഫിനാൻഷ്യൽ (192%), അനന്ത് രാജ് (178.2%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
സീ എന്റർടെയ്ൻമെന്റ് ആണ് നഷ്ടം നേരിട്ടവരിൽ ഒന്നാംസ്ഥാനത്ത്. സോണിയുമായുള്ള ലയനനീക്കം പൊളിഞ്ഞത് സീ ഓഹരികളെ സാരമായി ബാധിച്ചു. സീ ഓഹരികൾ താഴേക്കിറങ്ങിയത് 54.1 ശതമാനം. 53.4% നഷ്ടവുമായി രണ്ടാമത് വോഡഫോൺ ഐഡിയ. ക്രെഡിറ്റ്ആക്സസ് ഗ്രാമീൺ (-48.2%), ഹൊനാസ കൺസ്യൂമർ (-42.3%), ആർബിഎൽ ബാങ്ക് (-41.5%) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
ഇനി മുന്നിലെന്ത്?
2024ന്റെ അവസാനപാതിയിലെന്ന പോലെ 2025ലും ഇന്ത്യൻ ഓഹരി വിപണികളുടെ പാത അത്ര സുഗമമായിരിക്കില്ല. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് മടങ്ങിവരുന്നു എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. ഇന്ത്യയും ചൈനയുമടക്കം ട്രംപിന്റെ വ്യാപാരയുദ്ധത്തിന് ഇരകളായേക്കുമെന്ന ആശങ്ക ശക്തം. അതേസമയം, ആഭ്യന്തര സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുമെന്ന വിലയിരുത്തൽ, താഴ്ന്നുതുടങ്ങിയേക്കാവുന്ന പലിശഭാരം എന്നിവ ഇന്ത്യൻ കമ്പനികൾക്കും ഓഹരി വിപണിക്കും കരുത്തു പകരുകയും ചെയ്യാം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business