സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപപ്പെരുമ’; വില മുന്നോട്ട്, ഊർജമാകാൻ ഡോണൾഡ് ട്രംപ്
Mail This Article
ഒരിടവേളയ്ക്കുശേഷം സ്വർണവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. കഴിഞ്ഞ ശനിയാഴ്ചത്തെ നഷ്ടം നികത്തി കേരളത്തിൽ ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപ ഉയർന്ന് വില 7,150 രൂപയായി. 120 രൂപ മുന്നേറി പവന് വില 57,200 രൂപ.
ഇതോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും കൂടി നൽകിയാലേ കേരളത്തിൽ സ്വർണാഭരണം വാങ്ങാനാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് 5,905 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 10 രൂപ. രാജ്യാന്തര വില കഴിഞ്ഞയാഴ്ചയിലെ ഔൺസിന് 2,620 ഡോളറിൽ നിന്ന് 2,624 ഡോളറിലേക്ക് നേരിയതോതിൽ ഉയർന്നു.
ഇനി വിലക്കുതിപ്പിന്റെ ‘പുതുവർഷം’?
2025ൽ സ്വർണവില എങ്ങോട്ടാണ് നീങ്ങുക? യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് ജനുവരിയിൽ ചുമതലയേൽക്കും. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾ ആഗോള വ്യാപാരയുദ്ധത്തിന് വഴിവയ്ക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. ഇത് ഓഹരി, കടപ്പത്ര വിപണികൾക്ക് തിരിച്ചടിയാകുകയും ഡോളറിന് കുതിപ്പേകുകയും ചെയ്യുമെന്നത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ വീണ്ടും സമ്മാനിക്കുമെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇത് സ്വർണവിലയിൽ പ്രതിഫലിച്ച് തുടങ്ങിയിട്ടുമുണ്ട്. ഇറാൻ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളും ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് സ്വർണത്തിന് മികച്ച ഡിമാൻഡ് ഉണ്ടെന്നതും വില കൂടിയേക്കാനുള്ള കാരണങ്ങളാണ്. അതേസമയം, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2025ൽ അടിസ്ഥാന പലിശനിരക്ക് കാര്യമായി കുറയ്ക്കില്ലെന്ന വിലയിരുത്തൽ സ്വർണ മുന്നേറ്റത്തിന്റെ വേഗം കുറയ്ക്കാൻ സഹായിക്കും.
കാരണം, പലിശനിരക്ക് ഉയർന്നതലത്തിൽ തുടരുമ്പോൾ യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), ബാങ്ക് സ്ഥിരനിക്ഷേപ പലിശ എന്നിവയും ഉയർന്നു നിൽക്കും. ഇത്, ഈ നിക്ഷേപങ്ങളിലേക്ക് നിക്ഷേപകരെ ആകർഷിക്കുമെന്നത് സ്വർണ ഡിമാൻഡിനെ ബാധിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business