ഇന്ത്യയുടെ ജിഡിപി പ്രതിസന്ധി; കാരണമെന്ത്? ഭാവിയെന്താകും?
Mail This Article
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ തുടരുകയാണ് ഇന്ത്യ. അതില്‍ സംശയമില്ല. അതേസമയം മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ വന്‍പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏഴ് പാദത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. വെറും 5.4 ശതമാനം മാത്രം. കേന്ദ്ര ബാങ്കായ ആര്‍ബിഐയുടെ ജിഡിപി പ്രതീക്ഷയായ ഏഴ് ശതമാനത്തെപോലും തകിടം മറിച്ച കണക്കുകളാണ് പുറത്തുവന്നത്. പോയ വര്‍ഷം ഇതേ പാദത്തില്‍ 8.1 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.
രണ്ടാം പാദ ജിഡിപി കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാന റേറ്റിങ് ഏജന്‍സികളെല്ലാം ഇന്ത്യയുടെ 2025 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിഗമനങ്ങളില്‍ മാറ്റം വരുത്തി. 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 8.2 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായാണ് ക്രിസില്‍ താഴ്ത്തിയത്. പലിശനിരക്കിലെ വര്‍ധനവും സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ അഭാവവുമെല്ലാം ജിഡിപി വളര്‍ച്ചയെ ബാധിച്ചു. നഗര മേഖലകളിലെ ചെലവിടലില്‍ വലിയ ഇടിവ് വന്നതും വളര്‍ച്ചയെ ബാധിച്ചു. സംഘടിത മേഖലയിലെ തൊഴിലുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നില്ല എന്നതാണ് വളര്‍ച്ചയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം.
സംഘടിത മേഖലയിലെ തൊഴിലുകള്‍
2013 സാമ്പത്തിക വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ മൊത്തം മൂല്യ വര്‍ധന (ജിവിഎ)യില്‍ മികച്ച വര്‍ധനവ് പ്രകടമാണെങ്കിലും സംഘടിതമേഖലയുടെ തൊഴിലുകളുടെ കാര്യത്തില്‍ അത് പ്രതിഫലിക്കുന്നില്ല. ഔപചാരിക കണക്കുകള്‍ പ്രകാരം 2013 സാമ്പത്തിക വര്‍ഷത്തില്‍ 447.9 ലക്ഷം പേരാണ് സംഘടിതമേഖലയിലെ തൊഴിലുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഇത് 457.2 ലക്ഷത്തില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. അതായത് .2 ശതമാനം വളര്‍ച്ചയാണ് തൊഴിലുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
അതിവേഗം വളരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ അതിന് ആനുപാതികമായി സംഘടിതമേഖലയിലെ തൊഴിലുകളുടെ എണ്ണത്തിലും വന്‍വര്‍ധനവുണ്ടാകുമെന്നാണ് പൊതുവെയുള്ള യുക്തി. 2016ലെ കണക്കനുസരിച്ച് സംഘടിതമേഖലയിലെ തൊഴിലുകള്‍ 482. 6 ലക്ഷമായിരുന്നു. ഇത് 2023 സാമ്പത്തിക വര്‍ഷത്തേക്കാളും കൂടുതലാണ്.
സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നുവോ
ജനങ്ങളുടെ ചെലവഴിക്കല്‍ വരുമാനത്തില്‍ വന്ന ഇടിവും ജിഡിപി വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. എഒഎന്‍ ഹെവിറ്റ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നല്ലൊരു ശതമാനം ശമ്പളക്കാരുടെയും വാര്‍ഷിക ഇന്‍ക്രിമെന്റ് ഇരട്ടയക്കത്തില്‍ നിന്നും ഒറ്റയക്കത്തിലേക്ക് താഴ്ന്നിട്ടുണ്ട്. വരുമാന വിതരണത്തിലെ അസമത്വവും കാര്യങ്ങള്‍ രൂക്ഷമാക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന് ഉയര്‍ന്ന വരുമാന വളര്‍ച്ച ലഭിക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് വരുമാനം ശുഷ്‌കിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. പ്രീമിയം തലത്തിലെ ഉപഭോഗം കൂടുന്നതിന് ഇത് വഴിവയ്ക്കുമെങ്കിലും അതിവേഗം വിറ്റുപോകുന്ന സാധാരണ മാസ് മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയെ ബാധിക്കുകയാണ് ചെയ്യുന്നത്.
ആര്‍ബിഐ തലവന് ജോലി പോകുമോ?
ജിഡിപി വളര്‍ച്ചയിലെ ഇടിവ് ഏറ്റവുമധികം സമ്മര്‍ദം ചെലുത്തുന്നത് ആര്‍ബിഐ മേധാവി ശക്തികാന്ത ദാസിലാണ്. അദ്ദേഹത്തിന്റെ കാലയളവ് അടുത്തയാഴ്ച്ച അവസാനിക്കാനിരിക്കുകയാണ്. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം നീട്ടി നല്‍കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തത് പലവിധ അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കഴിഞ്ഞ തവണ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടിയ വേളയില്‍ ഒരു മാസം മുമ്പ് തന്നെ കേന്ദ്രം അത് പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഇതുവരെ സര്‍ക്കാര്‍ ഒരു സൂചനയും നല്‍കിയിട്ടല്ല.
വെള്ളിയാഴ്ച്ച പണനയം പ്രഖ്യാപിക്കാനിരിക്കെ പലിശനിരക്കില്‍ കുറവ് വരുത്തണമെന്ന ആവശ്യം ആര്‍ബിഐ പരിഗണിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി 6.5 ശതമാനമെന്ന പലിശനിരക്ക് നിലനിര്‍ത്തിപ്പോരുകയാണ് കേന്ദ്ര ബാങ്ക്. അതേസമയം ഒക്‌ടോബറില്‍ പണപ്പെരുപ്പം 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 6.21 ശതമാനത്തിലെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആര്‍ബിഐ ലക്ഷ്യമായ 4-6 ശതമാനപരിധിക്ക് പുറത്താണ് നിലവില്‍ പണപ്പെരുപ്പനിരക്ക്. പലിശനിരക്കില്‍ ഉടനടി മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശക്തികാന്ത ദാസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.