രൂപ തൊണ്ണൂറിലേക്ക്, ട്രംപിന്റെ 'അമേരിക്ക ഫസ്‌റ്റ്' നിർബന്ധം കൂടുതൽ തളർത്തുമോ
Mail This Article
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 90.00 നിലവാരത്തിലേക്കോ? അതിനുള്ള സാധ്യത വർധിച്ചുവരുന്നതായാണു വിദേശ നാണ്യ വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം.
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജനുവരി 20ന് അധികാരമേൽക്കുന്നതോടെ ഡോളർ കൂടുതൽ കരുത്താർജിക്കുമെന്നു വിപണി നിരീക്ഷകർ കണക്കുകൂട്ടുന്നു. ഇതാണു രൂപയ്‌ക്കു കനത്ത ഇടിവു നേരിട്ടേക്കുമെന്ന നിഗമനത്തിന് ആധാരം. ട്രംപ് അധികാരമേറ്റ് ഒരു വർഷത്തിനകംതന്നെ ഡോളർ – രൂപ വിനിമയ നിരക്ക് 90.00 നിലവാരത്തിലെത്തുമെന്നാണു നിരീക്ഷകരുടെ പക്ഷം.
ട്രംപിന്റെ ‘അമേരിക്ക ഫസ്‌റ്റ്’ എന്ന നിർബന്ധത്തിന്റെ ഭാഗമായ ഇറക്കുമതി നയം ഡോളർ സൂചിക ഗണ്യമായി വർധിക്കാൻ ഇടയാക്കും. കോർപറേറ്റ് നികുതി കുറയ്‌ക്കാൻ ട്രംപ് തയാറായേക്കുമെന്നാണു കരുതുന്നത്. ഇതു യുഎസിലേക്കുള്ള വിദേശ മൂലധന നിക്ഷേപം വർധിക്കാനും ഡോളറിനു ഡിമാൻഡ് കൂടാനും ഇടയാക്കും. യുഎസിലെ നാണ്യപ്പെരുപ്പ നിരക്കു വർധിക്കാനുള്ള സാധ്യത പലിശ നിരക്കുകളുടെ പടിയിറക്കത്തിനു തടസ്സമാകും. വികസ്വര വിപണികളിലെ ഓഹരി, കടപ്പത്ര നിക്ഷേപം പിൻവലിക്കുന്നതു തുടരാനാണ് ഇത് ഇടയാക്കുക. ഈ സാഹചര്യങ്ങളെല്ലാം രൂപയെ കൂടുതൽ ദുർബലമാക്കും.
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 85.00 നിലവാരത്തിലെത്തുന്ന വ്യാപാരദിനം ആസന്നമായിരിക്കുകയാണ്. ഇന്നലെ ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിലെ വ്യാപാരത്തിന്റെ തുടക്കത്തിൽ നിരക്ക് 84.76 എന്ന റെക്കോർഡ് നിലവാരത്തിലേക്കെത്തിയെങ്കിലും ക്ലോസ് ചെയ്തത് 84.69 നിലവാരത്തിലാണ്.
ആർബിഐ വിപണിയിൽ ഇടപെട്ട് ഇടിവിനു കടിഞ്ഞാണിടുന്ന പതിവുണ്ടെങ്കിലും അതു തുടരാനുള്ള സാധ്യത പരിമിതപ്പെടുകയാണത്രേ. വിദേശനാണ്യ ശേഖരത്തിന്റെ അളവിനെ ബാധിക്കുമെന്നതാണു പ്രശ്‌നം.
കഴിഞ്ഞ ദിവസം നിരക്ക് 84.72 രൂപയിലെത്തിയത് ഒറ്റയടിക്കു 12 പൈസയുടെ ഇടിവുണ്ടായതു മൂലമാണ്. രാജ്യത്തെ ജിഡിപി വളർച്ച 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കു താഴ്‌ന്നതായുള്ള റിപ്പോർട്ടായിരുന്നു ഇടിവിന് ഒരു കാരണം. ഡോളറിനു ബദലായി ബ്രിക്‌സ് രാജ്യങ്ങളുടെ കറൻസി നിലവിൽ വന്നാൽ ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കു 100% ചുങ്കം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടു വിദേശ നാണ്യ വിപണിയിലുണ്ടായ പ്രതികരണത്തിനു പക്ഷേ ന്യായീകരണമില്ലെന്നാണു നിരീക്ഷകരുടെ അഭിപ്രായം.