കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് നഗരങ്ങളിൽ 7,783 രൂപ;ഗ്രാമങ്ങളിൽ 6,611 രൂപ
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് (എംപിസിഇ) ഗ്രാമ മേഖലകളിൽ 6,611 രൂപയും നഗരങ്ങളിൽ 7,783 രൂപയുമെന്ന് കേന്ദ്രത്തിന്റെ കണക്ക്. 2022–23ൽ ഇത് യഥാക്രമം 5,924 രൂപയും 7,655 രൂപയുമായിരുന്നു. ഒരു വർഷത്തിനിടയിൽ ഗ്രാമ മേഖലകളിൽ ചെലവ് 687 രൂപയും നഗരമേഖലകളിൽ 128 രൂപയും വർധിച്ചു.
നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് (2023–24) വിവരങ്ങളുള്ളത്.ഒരു വ്യക്തി ഒരു മാസം തന്റെ അടിസ്ഥാന ചെലവുകൾക്ക് (ഭക്ഷണം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, വിദ്യാഭ്യാസം) ചെലവഴിക്കുന്ന തുകയെയാണ് പ്രതിമാസ ആളോഹരി ചെലവായി കണക്കാക്കുന്നത്.
ഉയർന്ന എംപിസിഇ മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെയും ഉയർന്ന വാങ്ങൽ ശേഷിയുടെയും അടയാളമായിട്ടാണ് കണക്കാക്കുന്നത്. ഗ്രാമ–നഗരമേഖലകളിലെ ചെലവിലെ അന്തരം പരിശോധിച്ച് ഇതിന്റെ ഫലം ആസൂത്രണത്തിനും നയരൂപീകരണത്തിനും ഉപയോഗിക്കാറുണ്ട്.
ഏറ്റവും കൂടുതൽ ആളോഹരി ചെലവ് സിക്കിമിലാണ് (ഗ്രാമം: 9,377 രൂപ, നഗരം: 13,927 രൂപ). ഏറ്റവും കുറവ് ഛത്തീസ്ഗഡിലും (ഗ്രാമം: 2,739 രൂപ, നഗരം: 4,927 രൂപ).രാജ്യമാകെയുള്ള പ്രതിമാസ ആളോഹരി ചെലവ് ഗ്രാമ, നഗരമേഖലകളിൽ യഥാക്രമം 4,122 രൂപയും 6,996 രൂപയുമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനവും 8 ശതമാനവും വളർച്ചയുണ്ട്.