മ്യൂള്‍ അക്കൗണ്ടും സൈബര്‍ തട്ടിപ്പും, എഐ ടൂളുമായി ആര്‍ബിഐ
Mail This Article
രാജ്യത്തെ സൈബര്‍ തട്ടിപ്പുകളില്‍ 67 ശതമാനത്തിലേറെയും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് എന്ന് വസ്തുത മുന്‍നിര്‍ത്തി ഇതിനിരയാകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടിയിരിക്കുകയാണ് ആര്‍ബിഐ. റിസര്‍വ് ബാങ്കിന്റെ ബംഗളൂരുവിലെ ഇന്നവേഷന്‍ ഹബ് സംവിധാനം ചെയ്ത് മ്യൂള്‍ഹണ്ടര്‍ എഐ എന്ന ടൂള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ തടയാനാണ് നീക്കം.
മ്യൂള്‍ അക്കൗണ്ട്
തട്ടിപ്പിനായി ആളുകള്‍ മ്യൂള്‍ അക്കൗണ്ടുകളെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രതിഫലം നല്‍കി ഏറ്റെടുത്തോ വാടകയ്ക്ക് എടുത്തോ ആണ് തട്ടിപ്പുകാര്‍ കബളിപ്പിക്കലിനായി ഉപയോഗിക്കുന്നത്. ഇത്തരം അക്കൗണ്ടുകളെയാണ് മ്യൂള്‍ അക്കൗണ്ടുകള്‍ എന്നു പറയുന്നത്. തട്ടിപ്പുകാരും തട്ടിച്ച പണം കൈമാറാനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് ഉടമകളുമായും പലപ്പോഴും നേരിട്ട് കാര്യമായ ബന്ധം ഉണ്ടാകില്ല. തന്മൂലം തട്ടിപ്പ് കണ്ടെത്തിയാലും പണം തിരികെ പിടിക്കാന്‍ കഴിയാതെ വരുന്നു.
ഇന്ത്യയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മ്യൂള്‍ അക്കൗണ്ടുകള്‍ ഉള്ളത് ഭുവനേശ്വറില്‍ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ മൊത്തം മ്യൂള്‍ അക്കൗണ്ടില്‍ 14 ശതമാനമാണ് ഭുവനേശ്വറില്‍ ഉള്ളത്. ലക്‌നൗവിലും നവി മുംബൈയിലും 3.4 ശതമാനം വീതവും മുംബെയില്‍ 2.2 ശതമാനവും ബംഗളൂരുവില്‍ 1.8 ശതമാനവും കട്ടക്കില്‍ 1.6 ശതമാനവും മ്യൂള്‍ അക്കൗണ്ടുകള്‍ ഉണ്ട്. ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ വശംവദരായാണ് പലരും ഇത്തരത്തില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നത്. പലര്‍ക്കും ഇവ തട്ടിപ്പിനായി ഉപയോഗിക്കുന്നതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരിക്കില്ല.
പിടി മുറുക്കും
ഇത്തരത്തിലുള്ള മ്യൂള്‍ അക്കൗണ്ടുകള്‍ കണ്ടെത്തി നടപടിയെടുക്കാനാണ് പ്രധാനമായും മ്യൂള്‍ഹണ്ടര്‍ എഐ ടൂള്‍ ഉപയോഗിക്കുക. രണ്ട് പൊതുമേഖല ബാങ്കുകളില്‍ ഈ ടൂള്‍ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു എന്ന് ആര്‍ബിഐ പറയുന്നു. മ്യൂള്‍ അക്കൗണ്ടുകളായി കണ്ടെത്തിയ 19 തരത്തിലുള്ള ഇടപാടുകളുടെ സ്വഭാവം വിലയിരുത്തി അത്തരത്തിലുള്ളവ കണ്ടെത്താനാണ് മ്യൂള്‍ഹണ്ടര്‍ പ്രയോജനപ്പെടുത്തുക. തങ്ങളുടെ നെറ്റ് വര്‍ക്കില്‍ തട്ടിപ്പ് സ്വഭാവത്തിലുള്ള ഇടപാടുകളും നീക്കങ്ങളും മുന്‍കൂട്ടി കണ്ടെത്തി തടയാന്‍ ഈ പുതിയ ടൂളുകള്‍ ബാങ്കുകളെ സഹായിക്കും.