യാത്ര പോകാം; ഉല്ലസിക്കാം പോക്കറ്റ് കീറാതെ പ്ലാൻ ചെയ്യാന് ഈ കാര്യങ്ങളറിയാം
Mail This Article
ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യുകയാണ് ഇപ്പോൾ ചുറ്റുമുള്ള ഏവരും. പ്രായം, ലിംഗം, സാമ്പത്തികനില എന്നീ വ്യത്യാസങ്ങളെല്ലാം ഇവിടെ പ്രസക്തമല്ലാതാകുന്നു. ഈ സാഹചര്യത്തിൽ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങും വിധം, സുഗമമായി രാജ്യത്തിനകത്തും പുറത്തും യാത്രകൾ ചെയ്യാൻ അറിയേണ്ട കാര്യങ്ങളിതാ.
ടൂർ പ്ലാൻ ഇങ്ങനെയാകാം
യാത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും പ്ലാനിങ് ഉണ്ടെങ്കിൽ പണവും സമയവും ലാഭിക്കാം. പ്ലാനിങ്ങിനൊപ്പം പോവുന്ന സ്ഥലത്തിന്റെ ചെറുചരിത്രംകൂടി അറിഞ്ഞാൽ യാത്ര കൂടുതൽ ആസ്വാദ്യകരവുമാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം അനുസരിച്ച് തയാറെടുപ്പുകളിൽ മാറ്റം ആവശ്യമാണ്.
കേരളത്തിൽതന്നെ ഒന്നോ അല്ലെങ്കിൽ 2–3 ദിവസത്തേക്കോ ആണ് യാത്രയെങ്കിൽ, ഭാഷാവ്യത്യാസങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ വലിയ തയാറെടുപ്പുകളും ആവശ്യമില്ല. താമസം മുൻകൂട്ടി ബുക്കുചെയ്താൽ യാത്ര സുഗമമാക്കാം.എന്നാൽ മറ്റു സംസ്ഥാനങ്ങളിലേക്കാണെങ്കിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയ്ക്കു പുറത്താണെങ്കിൽ കൂറെക്കൂടി പ്ലാനിങ് വേണം. ട്രെയിൻ/റോഡു മാർഗമാണെങ്കിൽ 4 ദിവസമെങ്കിലും നീക്കിവയ്ക്കണം. സമയം, ചെലവ്, ഭാഷ എന്നിവയിൽ ഏതു പരിഗണിച്ചാലും നല്ലൊരു തയാറെടുപ്പ് അനിവാര്യമാണ്.
പോകുന്ന സംസ്ഥാനം/രാജ്യത്തെ കാലാവസ്ഥ നോക്കിവേണം തീയതി നിശ്ചയിക്കാൻ. അല്ലെങ്കിൽ നിങ്ങൾക്കു പോകാൻ കഴിയുന്ന സമയത്തെ കാലാവസ്ഥ/സീസൺ നോക്കി സ്ഥലം തിരഞ്ഞെടുക്കണം. കാലാവസ്ഥ മുഖ്യ ഘടകമല്ലെങ്കിൽ ഓഫ് സീസൺ തിരഞ്ഞെടുത്താൽ ചെലവു കുറയ്ക്കാം.
എന്തൊക്കെ കാണണം?
പോകുന്നിടത്തെ പ്രധാന ആകർഷണങ്ങൾ എന്തൊക്കെയെന്നു കൃത്യമായി അറിഞ്ഞാലേ ഓരോ ദിവസവും പ്ലാൻ ചെയ്യാനാകൂ. യാത്രചെയ്യുന്ന വാഹനം, സന്ദർശിക്കുന്ന സ്ഥലങ്ങൾ, അവയുടെ പ്രവർത്തന സമയം, സീസൺ, കാലാവസ്ഥ, താമസസൗകര്യം എന്നിവയെല്ലാം പ്ലാനിങ്ങിന്റെ ഭാഗമാണ്. അപ്പോഴേ ബജറ്റ് കണക്കാക്കാൻ കഴിയൂ.
ഉണ്ട്, രണ്ട് ഓപ്ഷനുകൾ
യാത്ര എവിടേക്കാണെങ്കിലും രണ്ട് ഓപ്ഷനുകളുണ്ട്. ഒന്ന്, ട്രാവൽ കമ്പനിയെ ആശ്രയിക്കാം, അവരുടെ പാക്കേജുകളനുസരിച്ചു യാത്രചെയ്യാം. വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമായിരിക്കും. ഐറ്റിനറി, ഹോട്ടലിന്റെ നിലവാരം, ട്രാൻസ്പോർട്ടേഷന്‍ തുടങ്ങി എല്ലാം. പല പാക്കേജിലും ഫ്ലൈറ്റ് ടിക്കറ്റ് ഉണ്ടാകണമെന്നില്ല. അതുകൊണ്ട് പാക്കേജ് ആണെങ്കിലും നേരത്തെ എടുത്താൽ ഫ്ലൈറ്റ് ടിക്കറ്റ് കുറഞ്ഞ ചെലവിൽ ലഭിക്കും.
സ്വയം പ്ലാൻചെയ്യാം
രണ്ട്, സ്വന്തമായിട്ട് യാത്ര ആസൂത്രണം ചെയ്യാം. അതാണ് പോക്കറ്റിനു ലാഭം. ട്രാവൽ സൈറ്റുകളിൽ നോക്കി അവരുടെ ഐറ്റിനറികൾ അതേപോലെ പകർത്താം. ഇവിടെ ട്രാവൽ വ്ലോഗുകളും ലേഖനങ്ങളും സഹായിക്കും. സ്ഥലപ്പേരും താമസിക്കുന്ന ദിവസങ്ങളുടെ എണ്ണവും പ്രോംപ്റ്റ് ചെയ്താൽ ചാറ്റ് ജിപിടിയും മെറ്റ എഐയും ഒക്കെ നല്ല ഒന്നാന്തരം ഐറ്റിനറി തരും. നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലം, ഹോട്ടൽ റിവ്യൂ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കും പ്രവർത്തനസമയവും എല്ലാം നെറ്റിൽ തിരഞ്ഞു ധാരണയുണ്ടാക്കണം. സുവനീറുകൾ വാങ്ങുമ്പോൾ സമാനമായവ ഓൺലൈനിൽ ലഭ്യമാണോ എന്നും നോക്കാം. അങ്ങനെയെങ്കിൽ അവ തിക്കിനിറച്ച് ബാഗിലെ സ്ഥലം കളയേണ്ട.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ സന്ദർശിക്കുന്ന നാട്ടിലെ ഭാഷയിൽ ഒന്നുരണ്ടുവാക്കുകളൊക്കെ നോക്കിവയ്ക്കാം. ഗൂഗിൾ ട്രാൻസ്‌ലേറ്ററും ഗൂഗിൾ ലെൻസും ഉള്ളതുകൊണ്ട് ആശയവിനിമയം പ്രശ്നമാകില്ല.
∙ അത്യാവശ്യം നമ്പറുകൾ എഴുതി സൂക്ഷിക്കാം. സ്വന്തം ഇ–മെയിൽ ഐഡിയുടെ പാസ്‌വേർഡും ഓർമവേണം. ഫോൺ നഷ്ടപ്പെട്ടാൽ ഉപയോഗിക്കാം. ലോക്കൽ ഹെൽപ് ലൈൻ/ ഇന്ത്യൻ എംബസി നമ്പറുകൾ നോക്കി വയ്ക്കണം.
∙ ഗൂഗിൾമാപ് ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്യാം. നെറ്റ്‌വർക്ക് പ്രശ്നം വന്നാലും യാത്ര തടസ്സപ്പെടില്ല.
∙ വിദേശയാത്രയാണെങ്കിൽ ലോക്കൽ കറൻസിയുടെ മൂല്യവും അവിടത്തെ ജീവിതച്ചെലവുകളും മനസ്സിലാക്കണം, ഒപ്പം സുരക്ഷയും. പരമാവധി ഓൺലൈൻ ഇടപാടുകൾ നടത്തുക.
∙ പ്രാദേശിക മദ്യമോ, ലഹരിയോ ഉപയോഗിക്കു ന്നുണ്ടെങ്കിൽ അതിന്റെ വീര്യം മനസ്സിലാക്കിമാത്രം ഉപയോഗിക്കുക.
∙ ലക്ഷ്യസ്ഥാനത്തിനോടു ചേർന്നതും സന്ദർശിക്കാൻ ആഗ്രഹിക്കുന്നതുമായ സ്ഥലങ്ങൾ കൂടി ചേർത്തുവേണം പ്ലാൻ ചെയ്യാൻ. അവിടേക്കു മാത്രമായി പിന്നീട് യാത്രചെയ്യാൻ കൂടുതൽ ചെലവുവരും എന്നതോർക്കണം.
ഡിസംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്