യുഎസിന്റെ ‘പലിശ’യിൽ തട്ടി സ്വർണവിലയിൽ ഇടിവ്; നികുതിയടക്കം ഇന്നത്തെ വില നോക്കാം, വെള്ളിയും താഴേക്ക്
Mail This Article
രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 65 രൂപ താഴ്ന്ന് വില 7,070 രൂപയും പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഒരാഴ്ചയ്ക്കിടെ പവന് 1,720 രൂപയും ഗ്രാമിന് 215 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ താഴ്ന്ന് 5,840 രൂപയായി. വെള്ളിക്കും ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് വില 95 രൂപയിലെത്തി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര സ്വർണവില ഔൺസിന് 2,650 ഡോളർ നിലവാരത്തിൽ നിന്ന് ഒരുവേള 2,586 ഡോളറിലേക്ക് വീഴുകയും പിന്നീട് 2,612 ഡോളറിലേക്ക് കയറുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില ഇടിഞ്ഞത്.
എന്തുകൊണ്ടാണ് ഇന്ന് രാജ്യാന്തരവില ഇടിഞ്ഞത്? അതിന്റെ വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85ലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. രൂപ ദുർബലമാകുകയും ഡോളർ കരുത്താർജ്ജിക്കുകയും ചെയ്യുന്നത് ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിച്ചെലവ് കൂടാനിടയാക്കും. അതായത്, രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില ആഭ്യന്തരതലത്തിൽ കൂടുതൽ താഴുമായിരുന്നു.
ജിഎസ്ടിയും പണിക്കൂലിയും ചേർന്നാലുള്ള വില
3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. സ്വർണാഭരണത്തിന് 53.10 രൂപ ഹോൾമാർക്ക് (എച്ച്‍യുഐഡി) ചാർജുമുണ്ട്. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് 61,225 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,653 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business