ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ്, അടിസ്ഥാന പലിശനിരക്ക് തുടർച്ചയായ മൂന്നാംവട്ടവും വെട്ടിക്കുറച്ചിട്ടും ഓഹരി വിപണിയും സ്വർണവിലയും കടപുഴകി. ഡോളറും ബോണ്ടും കത്തിക്കയറി. രാജ്യാന്തര സ്വർണവില ഒരുമാസത്തെ താഴ്ചയിലായി. കേരളത്തിലും ഇന്ന് സ്വർണവില ഇടിയുമെന്ന് ഇതു വ്യക്തമാക്കുന്നു. ഏഷ്യൻ ഓഹരി വിപണികളെല്ലാം ചുവക്കുകയും ഗിഫ്റ്റ് നിഫ്റ്റി 350ലേറെ പോയിന്റ് ഇടിയുകയും ചെയ്തതിനാൽ ഇന്ന് സെൻസെക്സും നിഫ്റ്റിയും ചോരപ്പുഴയായേക്കുമെന്ന ഭീതിയും അലയടിച്ചു തുടങ്ങി.

യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് 0.25% കുറച്ച് 4.25-4.5% ശതമാനമാക്കുകയാണ് ഇന്നലെ ചെയ്തത്. സെപ്റ്റംബറിൽ 0.50%, നവംബറിൽ 0.25% എന്നിങ്ങനെയും കുറച്ചിരുന്നതിനാൽ, 3 തവണയായി അടിസ്ഥാന പലിശനിരക്ക് ഒരു ശതമാനം കുറഞ്ഞു. യുഎസിലെ ബാങ്ക് വായ്പകളുടെ പലിശനിരക്കും ഇഎംഐ ഭാരവും ഇതോടെ കുറയും.

എന്നിട്ടും ലോകമാകെ നിരാശ

പലിശഭാരം കുറച്ചിട്ടും ആഗോളതലത്തിൽ അലയടിക്കുന്നത് കനത്ത നിരാശ. എന്തുകൊണ്ട്? പലിശ കുറയ്ക്കും എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. ഏവരും ഉറ്റുനോക്കിയത് പക്ഷേ, 2025ലേക്കുള്ള പലിശനയം സംബന്ധിച്ച് യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ വാക്കുകളിലേക്കായിരുന്നു.

2025ൽ പലിശനിരക്ക് 4 തവണകളായി കുറയ്ക്കുമെന്ന മുൻ നിലപാടിൽ നിന്ന് യുഎസ് ഫെഡ് മലക്കംമറിഞ്ഞു. അടുത്തവർഷം പരമാവധി രണ്ടുതവണയേ പലിശനിരക്ക് കുറയ്ക്കൂ എന്ന് പറഞ്ഞതിന് പുറമേ, ഇനി പലിശ, പണപ്പെരുപ്പം എന്നിവയിൽ ‘ജാഗ്രത’ പാലിക്കുമെന്ന് പവൽ അഭിപ്രായപ്പെടുക കൂടി ചെയ്തതോടെ ഓഹരികളും സ്വർണവും തകർച്ചയിലേക്ക് പതിച്ചു. പലിശഭാരം 2025ൽ ഉയർന്നതലത്തിൽ തന്നെ നിൽക്കുമെന്നത് ബിസിനസ് ലോകത്തിന് തിരിച്ചടിയാണ്.

വീണുടഞ്ഞ് ഓഹരിയും സ്വർണവും

ഫെഡിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഓഹരികൾ ചോരപ്പുഴയായി. ഡൗജോൺസ് 2.58%, എസ് ആൻഡ് പി 500 2.95%, നാസ്ഡാക് 3.56% എന്നിങ്ങനെ ഇടിഞ്ഞു. തുടർച്ചയായ 10-ാം ദിവസമാണ് ഡൗവിന്റെ വീഴ്ച. 1974 ഒക്ടോബറിനുശേഷം തുടർച്ചയായി ഇത്രയും ദിവസം ഇടിയുന്നത് ആദ്യം. ഡൗവും എസ് ആൻഡ് പിയും ഇന്നലെ നേരിട്ടത് ഇക്കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ്; നാസ്ഡാക്കിന്റേത് ജൂലൈ 24ന് ശേഷമുള്ളതും. യുഎസിന്റെ സ്മോൾക്യാപ് സൂചികയായ റസൽ2000 4.4% ഇടിഞ്ഞു. 2022 ജൂൺ 16ന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.

ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.96%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 1.81% എന്നിങ്ങനെയും നഷ്ടത്തിലായി.  ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 350 പോയിന്റോളം താഴ്ന്നത് സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ്.

Image : iStock/Robin372
Image : iStock/Robin372

യുഎസിൽ പലിശ കുറയുമ്പോൾ സ്വർണവില കൂടുന്നതാണ് പതിവെങ്കിലും കടകവിരുദ്ധമായി രാജ്യാന്തരവില തകർന്നടിഞ്ഞു. ഇന്നലെ ഔൺസിന് 2,650 ഡോളർ നിലവാരത്തിലായിരുന്ന വില, ഇന്നൊരുവേള ഒരുമാസത്തെ താഴ്ചയായ 2,586 ഡോളറിലേക്ക് കൂപ്പുകുത്തി. നിലവിൽ 2,612 ഡോളറിലേക്ക് കയറിയിട്ടുണ്ട്. എന്നിരുന്നാലും കേരളത്തിൽ ഇന്ന് വില കുറയും.

കത്തിക്കയറി ഡോളറും ബോണ്ടും

യുഎസിൽ പലിശനിരക്ക് കുറയുമ്പോൾ യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) യുഎസ് ഡോളറിന്റെ മൂല്യവും ഇടിയേണ്ടതാണ്. എന്നാൽ, ബോണ്ട് യീൽഡ് 4.5 ശതമാനത്തിന് മുകളിലേക്കും യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 108ന് മുകളിലേക്കും കത്തിക്കയറി. ഇതോടെ സ്വർണവില ഇടിയുകയായിരുന്നു. യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര (ബോണ്ട്) വില കുറയുകയും ചെയ്തു. ബോണ്ട് വിലയും ബോണ്ട് യീൽഡും വിപരീത ദിശയിലാണ് സഞ്ചരിക്കുക. വില കൂടുമ്പോൾ ആദായനിരക്ക് കുറയും. വില കുറഞ്ഞാൽ ആദായനിരക്ക് ഉയരും.

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  (Photo by Andrew Harnik / GETTY IMAGES NORTH AMERICA / Getty Images via AFP)
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (Photo by Andrew Harnik / GETTY IMAGES NORTH AMERICA / Getty Images via AFP)

യുുഎസിൽ ഡോണൾഡ് ട്രംപ് ജനുവരിയിൽ പ്രസിഡന്റ് സ്ഥാനമേൽക്കും. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾ യുഎസിൽ പണപ്പെരുപ്പം കൂടാനിടയാക്കുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് പലിശനയത്തിൽ വീണ്ടും കടുംപിടിത്തത്തിന് യുഎസ് ഫെഡ് മുതിരുന്നത്. ചൈനയ്ക്കും ഇന്ത്യക്കും കാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ കനത്ത ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന ഭീഷണി ട്രംപ് മുഴക്കിയിട്ടുണ്ട്. ഇത്, യുഎസിൽ ഇറക്കുമതി ഉൽപന്നങ്ങൾക്ക് വില കൂടാനിടയാക്കും. യുഎസിൽ ആഭ്യന്തര നികുതിഭാരം വെട്ടിക്കുറയ്ക്കാനും ട്രംപ് മുതിരും. ഇത് ഗവൺമെന്റിന്റെ സാമ്പത്തികഭാരം (സാമ്പത്തികച്ചെലവ്) കൂടാനിടയാക്കും. ഫലത്തിൽ ഗവൺമെന്റ് കൂടുതൽ കടമെടുപ്പിന് മുതിരും. ഇതാണ് ബോണ്ട് യീൽഡിന് ആവേശമാകുന്നത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

US Interest Rate Cut Fails to Lift Markets: Gold and Stocks Plunge, Jerome Powell's Statements Dampen Market Sentiment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com