ADVERTISEMENT

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോറും (Honda Motor) നിസാൻ മോട്ടോറും (Nissan Motor) ലയിച്ചൊന്നാകാനുള്ള ചർച്ചകളിൽ. ലയനം നടന്നാൽ, ലോകത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനികളിലൊന്നിന്റെ പിറവിയായിരിക്കും അത്.

മാത്രമല്ല ടൊയോട്ട (Toyota), ടെസ്‍ല (Tesla) തുടങ്ങിയ വമ്പന്മാർക്ക് കനത്ത വെല്ലുവിളിയുമാകും. ടോക്കിയോ ആസ്ഥാനമായ നിക്കേയ് (Nikkei) മാധ്യമമാണ് ലയനവാർത്ത പുറത്തുവിട്ടത്. ഒറ്റ മാതൃകമ്പനിക്ക് (ഹോൾഡിങ് കമ്പനി) കീഴിൽ പ്രവർത്തനം കേന്ദ്രീകരിക്കാനുള്ള നീക്കമാണ് ഹോണ്ടയും നിസാനും നടത്തുന്നതെന്നും ഇതു സംബന്ധിച്ച കരാറിൽ ഇരുകൂട്ടരും ഉടൻ ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടിലുണ്ട്.

nissan-magnite-1

ഹോണ്ടയും നിസാനും ലയിച്ചുണ്ടാകുന്ന കമ്പനിയിൽ ലയിക്കാൻ മറ്റൊരു ജാപ്പനീസ് വാഹനക്കമ്പനിയായ മിത്സുബിഷി മോട്ടോഴ്സും (Mitsubishi Motors) എത്തിയേക്കും. നിലവിൽ നിസാൻ ആണ് 24% ഓഹരി പങ്കാളിത്തവുമായി മിത്സുബിഷിയുടെ മുഖ്യ ഓഹരി ഉടമകൾ. ടൊയോട്ടയ്ക്ക് പിന്നിലായി യഥാക്രമം ജപ്പാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വാഹന നിർമാണക്കമ്പനികളാണ് ഹോണ്ടയും നിസാനും. 

വൈദ്യുതി വാഹനങ്ങൾക്ക് മുഖ്യ ഊന്നൽ
 

ടൊയോട്ടയും ബിവൈഡി അടക്കമുള്ള ചൈനീസ് കാർ കമ്പനികളും ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നത് വഴി ഉയർത്തുന്ന വെല്ലുവിളി തരണം ചെയ്യുക കൂടി ഉന്നമിട്ടാണ് നിസാനും ഹോണ്ടയും ലയനവഴി ആലോചിക്കുന്നത്. ഇലക്ട്രിക്കിന് (EV/ഇവി) പകരം ഹൈബ്രിഡ് (Hybrid) മോഡലുകൾക്ക് കൂടുതൽ ശ്രദ്ധനൽകിയത് ജാപ്പനീസ് വാഹന ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ ക്ഷീണമായിരുന്നു. ഇവിക്ക് മുന്തിയ പ്രാധാന്യം നൽകിയ ചൈനയാകട്ടെ, ലോകത്തെ ഏറ്റവും വലിയ കാർ കയറ്റുമതി രാജ്യമെന്ന നേട്ടം 2023ൽ ജപ്പാനെ പിന്തള്ളി പിടിച്ചടക്കുകയും ചെയ്തു. ജപ്പാനിൽ ഇപ്പോഴും മൊത്തം കാർ വിൽപനയിൽ രണ്ടു ശതമാനത്തോളമേ ഇവികളുള്ളൂ. അതേസമയം, യൂറോപ്പിൽ ഇത് 15 ശതമാനത്തിലധികമാണ്. യുഎസിൽ 6 ശതമാനത്തോളവും.

വമ്പൻ പദ്ധതികൾക്ക് ഹോണ്ട
 

ഇലക്ട്രിക് വാഹന നിർമാണരംഗത്ത് വലിയ പദ്ധതികൾക്ക് ഒരുങ്ങുകയാണ് ഹോണ്ട. ഇവികളുടെ നിർമാണത്തിനായി 2030നകം 6,500 കോടി ഡോളർ നിക്ഷേപിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിരുന്നു. 2040ഓടെ വിൽപന പൂർണമായും ഇവിയാക്കുക കൂടിയാണ് ഉന്നം. നിസാനും അടുത്ത മൂന്നുവർഷത്തിനകം പുതുതായി അവതരിപ്പിക്കുന്ന 30 വാഹനങ്ങളിൽ 16 എണ്ണവും ഇലക്ട്രിക് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

നിസാനും ഹോണ്ടയും ലയിച്ചുണ്ടാകുന്ന കമ്പനിയുടെ മൊത്തം വാർഷിക വിൽപന നിലവിലെ കണക്കുപ്രകാരം 80 ലക്ഷമായിരിക്കും. ഇതുപക്ഷേ, ടൊയോട്ടയുടെ 1.12 കോടിയെയും ജർമൻ ബ്രാൻഡായ ഫോക്സ്‍വാഗന്റെ 92 ലക്ഷത്തെയും അപേക്ഷിച്ച് കുറവുമാണ്. അതായത്, ലയനാനന്തരവും ഹോണ്ട-നിസാൻ കൂട്ടുകെട്ടിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവികളായിരിക്കും. 2024ൽ ഇതുവരെ ടൊയോട്ട 52 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ ഹോണ്ടയും നിസാനും മിത്സുബിഷിയും സംയോജിതമായി രേഖപ്പെടുത്തിയത് 40 ലക്ഷം.

toyota-land-cruiser-prado1

2021ൽ ഫിയറ്റ് ക്രിസ്‍ലറും പിഎസ്എ ഗ്രൂപ്പും ലയിച്ചതിന് ശേഷമുള്ള വാഹനമേഖലയിലെ ഏറ്റവും വലിയ ലയനമായിരിക്കും ഹോണ്ടയുടെയും നിസാന്റെയും. ലയനവാർത്ത ഇരുകമ്പനികളും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 

ഹോണ്ടയുടെ മൂല്യവും നിസാന്റെ ഓഹരിക്കുതിപ്പും
 

ഹോണ്ടയുടെ മൂല്യം നിലവിൽ 6.8 ലക്ഷം കോടി ജാപ്പനീസ് യെൻ ആണ്. ഇന്നലത്തെ ഓഹരി വിലപ്രകാരമാണിത്. നിസാന്റേത് 1.3 ലക്ഷം കോടി യെൻ. ടൊയോട്ടയ്ക്കു പക്ഷേ, 42.2 ലക്ഷം കോടി യെന്നുണ്ട്. നിസാനും ഹോണ്ടയും മിത്സുബിഷിയും ഒന്നിച്ചാലും ടൊയോട്ടയ്ക്കൊപ്പമെത്തില്ല. അതേസമയം, ലയന വാർത്തകളുടെ പശ്ചാത്തലത്തിൽ നിസാന്റെ ഓഹരിവില ഇന്നലെ 24% കുതിച്ചുയർന്നു. ഹോണ്ടയുടേത് 3% കുറഞ്ഞു. മിത്സുബിഷി ഓഹരികൾ 13% മുന്നേറി.

ഇവികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയും പുത്തൻ ടെക്നോളജികളിലേക്ക് ചുവടുവച്ചും വിപണിയിൽ ശക്തമായ സാന്നിധ്യമാവുകയാണ് ലയനത്തിലൂടെ നിസാനും ഹോണ്ടയും ഉദ്ദേശിക്കുന്നത്. വിപണിയിൽ നിലവിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കുകയും മുഖ്യ ലക്ഷ്യമാണ്. വിൽപനത്തളർച്ച മൂലം നിസാൻ നേരിട്ട സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്യണം.

renault-duster-2

ഫ്രഞ്ച് ബ്രാൻഡായ റെനോയുമായുള്ള (Renault) സഹകരണം നിസാൻ ഏറെക്കുറെ അവസാനിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുഎസ് കമ്പനിയായ ജനറൽ‌ മോട്ടോഴ്സുമായുള്ള (GM/ജിഎം) സഹകരണം ഹോണ്ടയും അവസാനിപ്പിക്കുകയാണ്. അതേസമയം സുസുക്കി, സുബാറു (Subaru), മാസ്ദ (Mazda) തുടങ്ങിയ കമ്പനികളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകാനാണ് ടൊയോട്ട ശ്രമിക്കുന്നത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Honda and Nissan to start talks on potential mega-merger: Honda and Nissan's potential merger, possibly with Mitsubishi, aims to create a powerful competitor against industry giants like Toyota and Tesla.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com