വിദേശയാത്രയിൽ രൂപയുടെ വില ഇടിഞ്ഞാൽ പണമിടപാടുകൾ പണിയാകുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Mail This Article
വിദേശയാത്രയിൽ പണം കൈകാര്യംചെയ്യുന്നതു സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയാണ് യുണിമണി സർവീസസിന്‍റെ സിഇഒയും ഡയറക്ടറുമായ കൃഷ്ണൻ ആർ.
വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
ആദ്യംതന്നെ സഞ്ചരിക്കുന്ന രാജ്യത്തെ കറൻസിയെക്കുറിച്ചു മനസ്സിലാക്കണം. അതിനൽപം ഹോംവർക് ആവശ്യമാണ്. വിമാനം, റോഡ് യാത്രകൾ, ഭക്ഷണം, താമസം, വാങ്ങേണ്ട വസ്തുക്കൾ എന്നിവയെല്ലാം മുൻകൂട്ടി വിലയിരുത്തി പണം കരുതണം. ഓരോ രാജ്യങ്ങളിലും അവരുടേതായ നിയന്ത്രണം കറൻസിയിലുണ്ടാകും. ഇന്ത്യയിൽ ആർബിഐ ചട്ടമനുസരിച്ച് 3,000 യുഎസ് ഡോളറിനു തുല്യമായ കറൻസി കൊണ്ടുപോകാം. അതിൽ കൂടുതൽ വേണമെങ്കിൽ മൾട്ടി കറൻസി കാർഡായി കൊണ്ടുപോകാം.
വിദേശയാത്രയിൽ കറൻസി മാത്രമായി കയ്യിൽ സൂക്ഷിക്കരുത്. ‘എല്ലാ മുട്ടയും ഒരു കുട്ടയിൽ പാടില്ല,’ എന്നു പറയുന്നതുപോലെയാണിത്. സുരക്ഷയ്ക്ക് അതാണ് നല്ലത്. പണം നഷ്ടപ്പെട്ടാലും പ്രശ്നമില്ലാതെപോകാം. അതുപോലെ ഇപ്പോൾ ഫോറക്സ് പ്രീപെയ്ഡ് കാർഡുകൾ ലഭ്യമാണ്. നമ്മുടെ ക്രെഡിറ്റ്–ഡെബിറ്റ് കാർഡുപോലെയാണിത്. ഈ മൾട്ടി കറൻസി കാർഡുകൂടി കരുതിയാൽ കറൻസി നഷ്ടപ്പെട്ടാലുള്ള റിസ്ക് ഒഴിവാക്കാം.
ട്രാവൽ ഇൻഷുറൻസ് വളരെ പ്രധാനം.
ചില രാജ്യങ്ങളിൽ യാത്രചെയ്യാൻ ഇൻഷുറൻസ് നിർബന്ധമാണ്. ഇനി നിർബന്ധമല്ലെങ്കിലും അതെടുക്കുന്നതാണ് നല്ലത്. ബാഗേജും പാസ്പോർട്ട്‌പോലുള്ള രേഖകള്‍ നഷ്ടപ്പെട്ടാലും ഫ്ലൈറ്റ് താമസിച്ചാലും നഷ്ടപരിഹാരം തേടാം. യാത്ര തുടങ്ങുംമുൻപ് നമ്മുടെ കയ്യിലുള്ള ഇൻർനാഷനൽ ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകൾ ഇനേബ്ൾ ചെയ്യണം. ഇന്ത്യയിലായിരിക്കുമ്പോൾ അവ ഡിസേബിൾഡ് ആയിരിക്കും. യാത്ര പോകുംമുൻപ് ആപ്പുവഴിയോ ശാഖകൾവഴിയോ കസ്റ്റമർ കെയർവഴിയോ തീർച്ചയായും അത് ഇനേബ്ൾ ചെയ്തിരിക്കണം. ഇവയുടെ ഉപയോഗം ചെലവേറിയതുതന്നെയാണ്. പക്ഷേ. വിദേശത്തുവച്ച് എന്തെങ്കിലും പ്രശ്നമുണ്ടായി പണത്തിന് ആവശ്യം വന്നാൽ ഉപകരിക്കും.
എത്ര പണം ആ രാജ്യത്തെ കറൻസിയായി കയ്യിൽ കരുതണം? അധിക തുക എങ്ങനെ സൂക്ഷിക്കണം?
40:60 അനുപാതത്തിൽ കറൻസിയിലും കാർഡിലുമായി കരുതാം. അതായത് 40% പണമായും ബാക്കി പ്രീപെയ്ഡ് കാർഡായും എടുക്കാം.
വിദേശ കറൻസി എവിടെനിന്ന്, എങ്ങനെ വാങ്ങണം? ഏറ്റവും മികച്ച റേറ്റ് എങ്ങനെ ഉറപ്പാക്കാം?
പോകുന്ന രാജ്യത്തെ കറൻസികളെക്കുറിച്ചു മനസ്സിലാക്കുക. ഇന്ത്യയിൽ ലഭ്യമായ നിരക്കുകൾ ഓൺലൈനിൽ താരതമ്യംചെയ്ത് മികച്ച റേറ്റ് കണ്ടെത്തുക. ആർബിഐ അംഗീകാരമുള്ള ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽനിന്നു മാത്രം കറൻസി വാങ്ങുക. ആർബിഐയുടെ എഡി 2 കാറ്റഗറി സ്ഥാപനങ്ങളിൽ നിന്നാകുന്നത് നല്ലത്. മണി ട്രാൻസ്ഫർ പ്രധാന ബിസിനസായ ഈ സ്ഥാപനങ്ങളിൽനിന്ന് എക്സ്ട്രാകെയറും മികച്ച നിരക്കും പ്രതീക്ഷിക്കാം. നിരക്ക് കൂടുതലായിരിക്കും എന്നതിനാൽ കഴിയുന്നതും എയർപോർട്ട്, മാൾ എന്നിവിടങ്ങളിൽ നിന്ന് കറൻസി വിനിമയം നടത്താതിരിക്കുക.
കറൻസി എക്സ്ചേഞ്ചിൽ തട്ടിപ്പിനു സാധ്യതയുണ്ടോ? എങ്ങനെ ഒഴിവാക്കാം?
കറൻസി എക്സ്ചേഞ്ചുകളിൽ തട്ടിപ്പിനു സാധ്യതയില്ലെന്നു പറയാനാകില്ല, അതുകൊണ്ടാണ് അംഗീകൃത സ്ഥാപനങ്ങളിൽനിന്നുമാത്രം വാങ്ങണം എന്നു പറയുന്നത്. കറൻസി എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഇൻവോയിസ് വാങ്ങുകയും അതു സൂക്ഷിച്ചുവയ്ക്കുകയും വേണം. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും ആവശ്യംവന്നാൽ അതു കാണിക്കാനാകും. അനധികൃതമായി വാങ്ങുമ്പോൾ വ്യാജകറൻസി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതൊഴിവാക്കുക.
ഫോറെക്സ് പ്രീപെയ്ഡ് കാർഡ്, ട്രാവലേഴ്സ് ചെക്ക് എന്നിവ എന്താണ്? എന്താണ് മികവുകളും പോരായ്മകളും?
ട്രാവലേഴ്സ് ചെക്ക് എന്നത് ഡ്രാഫ്റ്റ്‌പോലുള്ള ഒന്നാണ്. നിശ്ചിത പണം അടച്ചാൽ ട്രാവലേഴ്സ് ചെക്ക് ഇഷ്യു ചെയ്യും. വിദേശത്ത് എൻകാഷ് ചെയ്ത് ഉപയോഗിക്കാം. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ട്രാവലേഴ്സ് ചെക്ക് എന്നൊന്നില്ല.ഇപ്പോൾ കറൻസിയായോ കാർഡായോ ആണ് പണം കൈകാര്യം ചെയ്യുന്നത്.
ഫോറക്സ് പ്രീപെയ്ഡ് കാർഡാണ് യാത്രചെയ്യുന്നവർ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. 16–20 തരം കറൻസികൾവരെ ഒറ്റ കാർഡിൽ ലഭ്യമാക്കുന്ന മൾട്ടി കറൻസി കാർഡുകളുണ്ട്. ഇന്ത്യയിൽവച്ച് റേറ്റ് നിശ്ചയിച്ച് പണം അടച്ച് കാർഡ് എടുത്താൽ വിദേശത്തും അതേ നിരക്കു കിട്ടും. ഈ കാർഡുകൊണ്ട് എടിഎമ്മിൽനിന്നും പണം പിൻവലിക്കാം, പിഒഎസ് മെഷീനിലും ഓൺലൈൻ ഇടപാടിനും ഉപയോഗിക്കാം. ചെറിയ ചാർജേ ഈടാക്കൂ. ഇത്തരം പ്രീപെയ്ഡ് ഫോറക്സ് കാർഡ് നഷ്ടപ്പെട്ടാൽ ആപ്പ്‌വഴിയോ കോൾ സെന്റർവഴിയോ ബ്ലോക് ചെയ്യാം എന്നതിനാൽ സുരക്ഷ കൂടുതലാണ്. ടെക്നോളജിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ എന്തെങ്കിലും എറർ ഉണ്ടായാൽ പ്രശ്നമാകാം. പക്ഷേ, വളരെ അപൂർവമായേ അങ്ങനെ ഇടപാടുകൾ മുടങ്ങൂ. എന്നാൽ സംഭവിക്കില്ലെന്നു തീർത്തു പറയാനുമാകില്ല.
രൂപ പല കറൻസികളുമായി നല്ല ചാഞ്ചാട്ടത്തിലാണ്. ഇതു യാത്രയ്ക്കാവശ്യമായ തുകയിലും പ്രതിഫലിക്കില്ലേ? ഈ റിസ്ക് ഒഴിവാക്കാനാകുമോ?
ഇന്ത്യയിൽനിന്നും പുറപ്പെടുംമുൻപ് പല സ്ഥാപനങ്ങളുടെയും നിരക്കുകൾ താരതമ്യംചെയ്ത് ഏറ്റവും മികച്ചതു കണ്ടെത്തണം. എന്നിട്ട് പരമാവധി നെഗോഷിയേറ്റ് ചെയ്ത് നല്ല റേറ്റ് നേടിയെടുക്കാം. പിന്നീടുള്ള ചാഞ്ചാട്ടം നിങ്ങളെ ബാധിക്കില്ല. അതേ നിരക്കിൽ എക്സ്ചേഞ്ച് നടക്കും.
ക്രെഡിറ്റ് കാർഡിൽ എന്തെല്ലാം ശ്രദ്ധിക്കണം?
കയ്യിലുള്ള ക്രെഡിറ്റ്–ഡെബിറ്റ് കാർഡിൽ ഇന്റർനാഷനൽ ഇടപാട് ഉണ്ടെങ്കിൽ അത് ഇനേബ്ൾ ചെയ്യണം. കാർഡിന് 2.5മുതൽ 3%വരെ ഫീസും ജിഎസ്ടിയും ഉണ്ട്. അത് ഓരോ ബാങ്കിനും സ്ഥാപനത്തിനും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കാർഡിന്റെ നിരക്കു മനസ്സിലാക്കി വേണം ഇടപാട്.
വിദേശയാത്രയ്ക്കു വേണ്ടതെല്ലാം ഒരുക്കി യുണിമണി
1999ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ യുണിമണി 2002മുതൽ ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങൾ ലഭ്യമാക്കുന്നു. 2006ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി എഡി2 ലൈസൻസ് നൽകിയത് യുണിമണിക്കാണ്. നിലവില്‍ 312 ശാഖകളുണ്ട്. താമസിയാതെ എണ്ണം 350ൽ എത്തും. യാത്രാരംഗത്ത് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സ്ഥാപനം. പാസ്‌പോർട്ട്–വീസാ സേവനങ്ങൾ, എയർടിക്കറ്റ്, ട്രാവൽ ഇൻഷുറൻസ്, കറൻസി കാർഡുകൾ എന്നിവയെല്ലാം നൽകുന്നു.
ഡിസംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്