ഫാക്ട് ഓഹരിക്ക് വൻ കുതിച്ചുകയറ്റം; വിപണിമൂല്യത്തിൽ ഇഞ്ചോടിഞ്ച് പോരുമായി കല്യാൺ ജ്വല്ലേഴ്സും മുത്തൂറ്റ് ഫിനാൻസും
Mail This Article
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ രാസവളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ (Fertilizers and Chemicals Tranvancore Limited/FACT) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 12 ശതമാനത്തിലധികം കുതിപ്പോടെ. ഓഹരിവില സെപ്റ്റംബറിന് ശേഷം ആദ്യമായി 1,000 രൂപയ്ക്ക് മുകളിലുമെത്തി. ഇന്ന് 894.95 രൂപയിൽ വ്യാപാരം തുടങ്ങിയ ഫാക്ട് ഓഹരി വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 12.78% കുതിച്ച് 1,009.35 രൂപയിൽ. ഇന്നൊരുവേള വില 1,017.65 രൂപയിൽ എത്തിയിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 21ന് രേഖപ്പെടുത്തിയ 1,187 രൂപയാണ് ഫാക്ട് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. കഴിഞ്ഞ മാർച്ച് 14ന് കുറിച്ച 572.60 രൂപയായിരുന്നു 52-ആഴ്ചത്തെ താഴ്ച. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 20 ശതമാനത്തിലധികം ഉയർന്ന ഓഹരിവില, 6 മാസത്തിനിടെ മുന്നേറിയത് 45%. 5 വർഷം മുമ്പ് നിങ്ങൾ ഫാക്ട് ഓഹരി വാങ്ങുകയും ഇപ്പോഴും വിറ്റഴിക്കാതെ കൈവശം സൂക്ഷിച്ചിട്ടുമുണ്ടെങ്കിൽ നേട്ടം 2,500 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വെറും 24 രൂപയായിരുന്ന വിലയാണ് 5 വർഷത്തിനിടെ 1,000 രൂപയും കടന്ന് കുതിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫാക്ട് ഓഹരികളുടെ ശരാശരി പ്രതിദിന വ്യാപാരയളവ് 1.35 ലക്ഷം ആയിരുന്നെങ്കിൽ ഇന്നത് 6.7 ലക്ഷം ഓഹരികളായി ഉയർന്നിട്ടുണ്ട്. 4.5 ലക്ഷത്തിലധികം ഓഹരികളാണ് ഇന്ന് നിക്ഷേപകർ വാങ്ങിയത്. ഇത് ഓഹരിവിലയിൽ കുതിപ്പിന് വഴിവച്ചു. റാബി കർഷകർക്ക് ആവശ്യമായ വളം ഉറപ്പാക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഫാക്ട് ഓഹരികളുടെ ഇന്നത്തെ മികച്ച പ്രകടനം.
വിപണിമൂല്യത്തിലും ഉണർവ്
ഒക്ടോബറിൽ ശരാശരി 55,000 കോടി രൂപയായിരുന്ന ഫാക്ടിന്റെ വിപണിമൂല്യം ഇന്ന് 64,000 കോടി രൂപയായിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ മൂല്യത്തിൽ മൂന്നാംസ്ഥാനത്താണ് ഫാക്ട്. 76,806 കോടി രൂപയുമായി മുത്തൂറ്റ് ഫിനാൻസ് ആണ് കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ കമ്പനി. 74,403 കോടി രൂപയുമായി കല്യാൺ ജ്വല്ലേഴ്സ് തൊട്ടുപിന്നിലുണ്ട്.
51,747 കോടി രൂപ വിപണിമൂല്യമുള്ള ഫെഡറൽ ബാങ്കാണ് 4-ാം സ്ഥാനത്ത്. ഏതാനും മാസംമുമ്പ് ഒന്നാംസ്ഥാനം പിടിച്ചെടുത്ത കൊച്ചിൻ ഷിപ്പ്‍യാർഡ് നിലവിൽ 41,450 കോടി രൂപയുമായി 5-ാം സ്ഥാനത്താണ്. അപ്പോളോ ടയേഴ്സ് (32,300 കോടി രൂപ), ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (25,000 കോടി രൂപ), വി-ഗാർഡ് (18,200 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ള കമ്പനികൾ.
Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)