ആസ്റ്റർ ഡിഎം-കെയർ ഹോസ്പിറ്റൽ ലയനം ഉടൻ? പിറക്കുന്നത് ഇന്ത്യയിലെ രണ്ടാമത്തെ വമ്പൻ ആശുപത്രി ശൃംഖല
Mail This Article
പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന മുൻനിര ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും, യുഎസ് നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് കീഴിലെ കെയർ ഹോസ്പിറ്റൽസും തമ്മിലെ ലയനം ഉടൻ നടന്നേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലായെന്ന് സിഎൻബിസി ടിവി18 റിപ്പോർട്ട് ചെയ്തു. ലയനാനന്തരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹോസ്പിറ്റൽ ശൃംഖലയായി ആസ്റ്റർ-കെയർ കൂട്ടുകെട്ട് മാറും. ലയിച്ചുണ്ടാകുന്ന പുതിയ സ്ഥാപനത്തിന്റെ പേര് ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നായേക്കുമെന്നും സൂചനകളുണ്ട്.
ആസ്റ്ററും ക്വാളിറ്റി കെയറിന് കീഴിലെ കെയർ ഹോസ്പിറ്റൽസും തമ്മിലാണ് ലയനം. ലയിച്ചുണ്ടാകുന്ന കമ്പനിക്ക് 38 ആശുപത്രികളിലായി 10,000ഓളം കിടക്കകളുണ്ടാകും. അതോടെ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹോസ്പിറ്റൽ ശൃംഖലയെന്ന നേട്ടവും സ്വന്തമാകും. ബ്ലാക്ക്സ്റ്റോണിന് 79% ഓഹരി പങ്കാളിത്തമാണ് കെയറിലുള്ളത്. മറ്റൊരു യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജിക്ക് 21% ഓഹരികളും കൈവശമുണ്ട്.
ചെയർമാനായി ഡോ. ആസാദ് മൂപ്പൻ തുടരും
ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയുടെ ചെയർമാൻ സ്ഥാനം ഡോ. ആസാദ് മൂപ്പൻ വഹിക്കുമെന്നാണ് സൂചനകൾ. പുതിയ കമ്പനിയിൽ ഡോ. ആസാദ് മൂപ്പനും കുടുംബത്തിനുമായി 23% ഓഹരി പങ്കാളിത്തമുണ്ടായേക്കും. നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൽ ഡോ. ആസാദ് മൂപ്പനും കുടുംബത്തിനുമുള്ളത് 42% ഓഹരിപങ്കാളിത്തമാണ്. പുതിയ കമ്പനിയിൽ 34% ഓഹരികൾ ബ്ലാക്ക്സ്റ്റോണും ടിപിജി 11% ഓഹരികളും കൈവശം വയ്ക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ കമ്പനിയിൽ ഡോ. ആസാദ് മൂപ്പന്റെ കുടുംബത്തിൽ നിന്നും ബ്ലാക്ക്സ്റ്റോണിൽ നിന്നും മാനേജ്മെന്റ് പ്രതിനിധികളുണ്ടാകും.
അതേസമയം, മറ്റ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും പുതിയ കമ്പനിയിൽ 57 ശതമാനവും കെയർ ഹോസ്പിറ്റലിലെ നിക്ഷേപകർക്ക് ബാക്കി 43 ശതമാനവും ഓഹരി പങ്കാളിത്തവുമുണ്ടാകുമെന്നാണ്. ആസ്റ്ററോ കെയർ ഹോസ്പിറ്റൽസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡോ. ആസാദ് മൂപ്പൻ 1987ൽ ദുബൈയിൽ ഒഒരു ചെറിയ ക്ലിനിക്കായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് മുൻനിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആയി വളർന്നത്. നിലവിൽ ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിലായി 19 ആശുപത്രികളും 4,994 കിടക്കകളും ആസ്റ്ററിനുണ്ട്. പുറമേ 13 കിനിക്കുകൾ, 212 ഫാർമസികൾ, 232 ലാബുകൾ എന്നിവയും പ്രവർത്തിക്കുന്നു.
ലയന വാർത്തകളുടെ പശ്ചാത്തലത്തിൽ ഇന്ന് ആസ്റ്റർ ഡിഎം ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. എൻഎസ്ഇയിൽ വ്യാപാരം ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഓഹരിവില 2.32% ഉയർന്ന് 500.05 രൂപയായി. ഈ വർഷം ഏപ്രിൽ 15ന് രേഖപ്പെടുത്തിയ 558 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ജൂൺ4ന് കുറിച്ച 311.10 രൂപയാണ് 52-ആഴ്ചയിലെ താഴ്ച. 24,978 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുമാണ് ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയർ.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)