വെടിനിർത്തൽ ആഹ്വാനം ചീറ്റി; വീണ്ടും കത്തിക്കയറി സ്വർണം; 57,000 രൂപ മറികടന്ന് പവൻ, വിലക്കയറ്റം 'ആളിക്കത്തിച്ച്' റഷ്യയും
Mail This Article
ഫ്രാൻസും യുഎസും മുൻകൈ എടുത്ത് നടപ്പാക്കിയ ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ കരാർ തുടക്കത്തിലേ ചീറ്റി. അവസരം മുതലെടുത്ത് ആഗോളതലത്തിൽ സ്വർണവില വീണ്ടും കത്തിക്കയറുകയും ചെയ്തു. 60 ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ താവളത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ മേഖല വീണ്ടും യുദ്ധത്തിന് വഴിതുറന്നു. പുറമേ, യുക്രെയ്ന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെ റഷ്യയും വൻ ആക്രമണം അഴിച്ചുവിട്ടതും സ്വർണത്തിന് കുതിച്ചുകയറാനുള്ള ആവേശമായി.
കേരളത്തിൽ പവൻവില ഇന്ന് 560 രൂപ വർധിച്ച് 57,280 രൂപയിലെത്തി. 70 രൂപ ഉയർന്ന് ഗ്രാം വില 7,160 രൂപയായി. ഗ്രാമിന് 55 രൂപ കുതിച്ച് 5,915 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിവിലയും ഗ്രാമിന് ഒരു രൂപ വർധിച്ച് 97 രൂപയായിട്ടുണ്ട്. സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ എക്കാലത്തും സ്വർണത്തിന് 'സുരക്ഷിത നിക്ഷേപം' എന്ന പെരുമയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ തളരും. ആഗോള സമ്പദ്‍വ്യവസ്ഥ ആശങ്കകളുടെ നിഴലിലാകും. ഇത്തരം വേളകളിൽ ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്ന നിക്ഷേപകർ, ആ പണം തൽകാലത്തേക്ക് സ്വർണനിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. അപ്പോൾ സ്വർണവില കുതിക്കും. അതാണ് നിലവിൽ സംഭവിക്കുന്നത്.
ഇന്നലെ ഔൺസിന് 2,630 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്നുള്ളത് 2,661 ഡോളറിൽ. ഈ വിലക്കുതിപ്പ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു. യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 107 നിലവാരത്തിൽ നിന്ന് 105ലേക്ക് താഴ്ന്നത് രാജ്യാന്തര വിപണിയിൽ നിന്ന് സ്വർണം വാങ്ങുന്നവരുടെ സാമ്പത്തികഭാരം കുറച്ചു; ഇതോടെ ഡിമാൻഡ് മെച്ചപ്പെട്ടതും വില വർധനയുടെ ആക്കംകൂട്ടി. യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) 4.4 നിലവാരത്തിൽ നിന്ന് 4.25 ശതമാനത്തിലേക്ക് ഇടിഞ്ഞതും സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ കൂടുമാറാൻ ഇടയാക്കുകയും വിലക്കുതിപ്പിന് വളമാകുകയും ചെയ്തു.