ADVERTISEMENT

പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare) മഹാരാഷ്ട്ര കോലാപ്പുരിലെ പ്രേരണ ഹോസ്പിറ്റലിന്റെ (ആസ്റ്റർ ആധാർ ഹോസ്പിറ്റൽ‌/Aster Aadhar Hospital) 100% ഓഹരികളും ഏറ്റെടുക്കുന്നു. നിലവിൽ 87% ഓഹരികൾ ആസ്റ്ററിന്റെ കൈവശമാണ്. ബാക്കിയുള്ള 13% കൂടി സ്വന്തമാക്കുന്നതോടെ ആസ്റ്റർ ആധാർ ഹോസ്പിറ്റൽ 100 ശതമാനവും ആസ്റ്ററിന്റെ ഉപസ്ഥാനമായി മാറും.

രണ്ടുഘട്ടങ്ങളിലായാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാവുക. 2025 ഡിസംബർ 31ഓടെ ഏറ്റെടുക്കൽ പൂർണമാകും. 254 കിടക്കകളോട് കൂടിയ, മൾട്ടി-സ്പെഷാലിറ്റി ആശുപത്രിയായ ആസ്റ്റർ ആധാർ 2023-24 സാമ്പത്തിക വർഷം 120.56 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. 2022-23ലെ 98.92 കോടി രൂപയിൽ നിന്നാണ് വളർച്ച. 2021-22ൽ വരുമാനം 91.67 കോടി രൂപയായിരുന്നു. 25ലേറെ സ്പെഷാലിറ്റി സേവനങ്ങൾ നൽകുന്ന ആധാർ ആസ്റ്റർ ഹോസ്പിറ്റലിന്, മികച്ച നിലവാരത്തിനുള്ള ഇന്ത്യയിലെ ഉന്നത അംഗീകാരമായ എൻഎബിഎച്ച് അക്രഡിറ്റേഷനുമുണ്ട്.

Image : asterhospitals.in
Image : asterhospitals.in

നിലവിൽ കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലായി 19 ഹോസ്പിറ്റലുകളും 4,994 കിടക്കകളുമാണ് ആധാർ ഡിഎം ഹെൽത്ത്കെയറിനുള്ളത്. 13 ക്ലിനിക്കുകളും 212 ഫാർമസികളും 232 ലാബുകളുമുണ്ട്. 2027ഓടെ കിടക്കകളുടെ എണ്ണം 6,800ലേക്ക് ഉയർത്തുക കൂടി ലക്ഷ്യമിട്ടാണ് മറ്റ് ആശുപത്രികളെ ഏറ്റെടുക്കുന്ന നടപടികളിലേക്ക് ആസ്റ്റർ കടന്നത്.

ഓഹരികളിൽ മികച്ച നേട്ടം
 

പ്രേരണ ഹോസ്പിറ്റലിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ആസ്റ്റർ അറിയിച്ചിരുന്നു. ഇന്ന് ആസ്റ്ററിന്റെ ഓഹരികൾ 9.13% കുതിച്ച് 480 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 23,976 കോടി രൂപ വിപണിമൂല്യമുള്ള സ്ഥാപനമാണ് ആസ്റ്റർ. ഈ വർഷം ഏപ്രിൽ 15ന് രേഖപ്പെടുത്തിയ 558 രൂപയാണ് ഓഹരികളുടെ 52-ആഴ്ചയിലെ ഉയരം. 52-ആഴ്ചയിലെ താഴ്ച ജൂൺ നാലിന് കുറിച്ച 311.10 രൂപയും.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശൃംഖലയുടെ പേര് വൈകാതെ ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നായേക്കും. അതു സംബന്ധിച്ച വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Aster DM Healthcare Plans to Acquire Remaining Stake in Aster Aadhar Hospital: Aster DM Healthcare strengthening its presence in India by acquiring full ownership of Prerana Hospital in Kolhapur, Maharashtra. The move, coupled with positive stock performance, signals Aster's ambitious growth strategy in the Indian healthcare market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com