ഗിഗ്ഗിലേറി ഓല; ഉഗ്രൻ റേഞ്ചിൽ 20% കുതിച്ച് ഓഹരികൾ, കരുത്തു പകർന്ന് 'വാങ്ങൽ' റേറ്റിങ്ങും
Mail This Article
വെറും 39,999 രൂപ മുതൽ ആരംഭിക്കുന്ന ‘ഗിഗ്’ ശ്രേണിയിലെ സ്കൂട്ടറുകൾ പുറത്തിറക്കിയതിന് പിന്നാലെ ഓല ഇലക്ട്രിക്കിന്റെ ഓഹരികൾ അടിച്ചുകയറി കുതിക്കുന്നു. ഇന്നലെയാണ് ഗിഗ്, ഗിഗ് പ്ലസ്, എസ്1 ഇസഡ്, എസ്1 ഇസഡ് പ്ലസ് സ്കൂട്ടറുകൾ ഓല പുറത്തിറക്കിയത്. ബുക്കിങ് ആരംഭിച്ചു. 2025 ഏപ്രിൽ മുതലായിരിക്കും വിതരണം.
കുറഞ്ഞവിലയിൽ, മികവുറ്റ ഫീച്ചറുകളും ഉപഭോക്തൃ സൗഹൃദമായ സൗകര്യങ്ങളുമായി എത്തുന്ന ഗിഗ്, എസ്1 ഇസഡ് ശ്രേണി സ്കൂട്ടറുകൾ ഓലയ്ക്ക് പുതിയ കുതിപ്പാകുമെന്നും വിപണിയിൽ എതിരാളികളെ വെല്ലുവിളിക്കാനാകുമെന്നുമാണ് വിലയിരുത്തലുകൾ. റേറ്റിങ് ഏജൻസിയായ സിറ്റി, ഓല ഇലക്ട്രിക്കിന് ‘വാങ്ങൽ’ (buy) റേറ്റിങ് നൽകിയത് ഓഹരികൾക്ക് ഇരട്ടിക്കരുത്തായി. 90 'ലക്ഷ്യവിലയും' (target price) നൽകിയിട്ടുണ്ട്. ഓല പുറത്തിറക്കിയ പുത്തൻ ഗിഗ്, എസ്1ഇസഡ് സ്കൂട്ടർ ശ്രേണികളുടെ പ്രത്യേകതകളെക്കുറിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
ഓഹരികളുടെ തിരിച്ചുകയറ്റം
77.70 രൂപയിൽ ഇന്ന് എൻഎസ്ഇയിൽ വ്യാപാരം തുടങ്ങിയ ഓല ഇലക്ട്രിക് ഓഹരികൾ ഉച്ചയ്ക്കത്തെ സെഷനിലുള്ളത് 19.38% മുന്നേറി 87.65 രൂപയിൽ. ഒരുവേള വില 88.10 രൂപയിൽ എത്തിയിരുന്നു. ഇന്നുമാത്രം ഏകദേശം 1,820 കോടി രൂപയുടെ ഓല ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 38,660 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഇന്നിതുവരെ മാത്രം വിപണിമൂല്യത്തിൽ വർധിച്ചത് 6,000 കോടിയിലധികം രൂപ.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് രേഖപ്പെടുത്തിയ 157.40 രൂപയാണ് ഓല ഇലക്ട്രിക് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. പിന്നീട്, ഉപഭോക്താക്കളിൽ നിന്ന് പരാതികളുണ്ടായ പശ്ചാത്തലത്തിൽ വില താഴേക്ക് നീങ്ങി. ഈമാസം 22ന് രേഖപ്പെടുത്തിയ 66.66 രൂപയാണ് 52-ആഴ്ചയിലെ താഴ്ച. കഴിഞ്ഞ ഒരുവർഷത്തെ വ്യാപാരം കണക്കിലെടുത്താൽ ഓഹരി നിക്ഷേപകർക്ക് ഓല നേട്ടമൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ മൂന്നുമാസത്തിനിടെ വില 30% താഴുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ഒരുമാസത്തിനിടെ വില 26% ഉയർന്നിട്ടുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)