ഇനി നോട്ടം ഹീലിയത്തിലേയ്ക്ക്, യുഎസ് കമ്പനിയില്‍ 100 കോടി നിക്ഷേപിച്ച് അംബാനി
Mail This Article
ബിസിനസ് അവസരങ്ങള്‍ എവിടെക്കണ്ടാലും നിക്ഷേപിക്കുന്ന പ്രവണതയുണ്ട് ഇന്ത്യയുടെ ശതകോടീശ്വര സംരംഭകന്‍ മുകേഷ് അംബാനിക്ക്. ന്യൂജെന്‍ ടെക്‌നോളജിയില്‍ സമീപകാലത്ത് വന്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ഇപ്പോള്‍ നടത്തിയ നീക്കം ശ്രദ്ധേയമാകുകയാണ്.
യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെയ് വ് ടെക് ഹീലിയം എന്ന കമ്പനിയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 21 ശതമാനം ഓഹരി ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രുപ മുതല്‍ മുടക്കിയാണ് യുഎസ് കമ്പനിയുടെ സഹഉടമസ്ഥാവകാശം മുകേഷ് അംബാനി നേടിയത്.
ഭൂഗര്‍ഭ റിസര്‍വോയറുകളില്‍ നിന്ന് ഹീലിയം വാതകം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രോപ്പര്‍ട്ടികളുടെ ഏറ്റെടുക്കല്‍, പര്യവേക്ഷണം, വികസനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹീലിയം വാതക പര്യവേക്ഷണ, ഉല്‍പ്പാദന കമ്പനിയാണ് വെയ് വെ ടെക് ഹീലിയം. 2021 ജൂലൈ മാസത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ വര്‍ഷമാണ് വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
എന്തുകൊണ്ട് ഹീലിയം?
വിവിധ വ്യവസായ മേഖലകളില്‍ വളരെ പ്രാധാന്യത്തോടെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഹീലിയം. പ്രകൃതി വാതകം ഖനനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉപോല്‍പ്പന്നമായ ഇത് നിരവധി ഹരിതോര്‍ജ ടെക്‌നോളജികളില്‍ ഉപയോഗിക്കുന്നുണ്ട്. മെഡിക്കല്‍ ആപ്ലിക്കേഷന്‍സ്, സൈന്റിഫിക് റീസര്‍ച്ച്, എയ്‌റോസ്‌പേസ്, എയ്‌റനോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, ഫൈബര്‍ ഒപ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഹീലിയം ഉപയോഗിക്കപ്പെടുന്നുണ്ട്. എഐ, ഡാറ്റ സെന്ററുകള്‍ വലിയ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സമയം കൂടിയാണിത്. സെമികണ്ടക്ടർ നിര്‍മാണത്തിലും ഹീലിയത്തിന്റെ ആവശ്യകത കൂടും. ഇതെല്ലാം തിരിച്ചറിഞ്ഞാണ് അംബാനിയുടെ നീക്കം.
ലോ കാര്‍ബണ്‍ വ്യവസായം
കാര്‍ബണ്‍ പുറന്തള്ളല്‍ കുറവുള്ള വ്യവസായങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാനിയുടെ പുതിയ നീക്കം. ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം പ്രവര്‍ത്തിപ്പിക്കുന്നത് ശതകോടീശ്വരനായ മുകേഷ് അംബാനിയാണ്. എങ്കിലും ഹരിതോര്‍ജത്തിലേക്കുള്ള ചുവട് മാറ്റത്തിന്റെ ഭാഗമായും 2035 ലെ നെറ്റ് സീറോ കാര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനുമായി 2021-ല്‍ 80,000 കോടി രൂപയിലധികം ഗ്രീന്‍ എനര്‍ജി നിക്ഷേപം അംബാനി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 16,563 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ടെലികോം, റീട്ടെയ്ല്‍, ഫിന്‍ടെക്, ഓയില്‍, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ് റിലയന്‍സ്. അടുത്തിടെയാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാറുമായുള്ള ജിയോ സിനിമയുടെ ലയനം പൂര്‍ത്തിയായത്.