ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നോര്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ ഓര്‍ക് ല അടുത്ത വര്‍ഷം പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്തിയേക്കും. ഓസ്ലോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ലിസ്റ്റിങ്ങിലൂടെ 3,300 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യന്‍ ഐപിഒ വിപണി നടത്തുന്ന കുതിപ്പ് മുതലാക്കാനാണ് ഓര്‍ക് ലയുടെ നീക്കം. ഓര്‍ക് ലയുടെ ഇന്ത്യന്‍ യൂണിറ്റിന് 16,000 കോടി രൂപ മൂല്യമാണ് കല്‍പ്പിക്കപ്പെടുന്നത്.   

മലയാളിയുടെ ഈസ്റ്റേണ്‍

കേരളത്തിലെ പ്രശസ്ത പലവ്യഞ്ജന-മസാല പൗഡര്‍ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ മാതൃ കമ്പനിയാണ് ഓര്‍ക് ല. 2021ലാണ് മീരാന്‍ കുടുംബത്തില്‍ നിന്ന് ഈസ്‌റ്റേണിന്റെ ഉടമസ്ഥാവകാശം നൊര്‍വീജിയന്‍ കമ്പനി ഏറ്റെടുത്തത്. ഇത് കൂടാതെ എംടിആര്‍ ഫുഡ്‌സും ഓര്‍ക് ലയുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ഭാഗമാണ്. 

curry-leaves-powder

ഒസ്ലോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഓര്‍ക് ല 1356 കോടി രൂപയ്ക്കാണ് ഈസ്റ്റേണിന്റെ 67.8 ശതമാനം ഓഹരി ഏറ്റെടുത്തത്. തങ്ങളുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ എംടിആര്‍ ഫുഡ്‌സിലൂടെയായിരുന്നു ഏറ്റെടുക്കല്‍. 1983ല്‍ മീരാന്‍ കുടുംബം തുടങ്ങിയതാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്. 20,000ത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന, 11 പോര്‍ട്‌ഫോളിയോ കമ്പനികളുള്ള ബഹുരാഷ്ട്ര ബിസിനസ് ശൃംഖലയാണ് ഓര്‍ക് ല. കണ്‍സ്യൂമര്‍ ഗുഡ്‌സിന് പുറമെ അലുമിനിയം, ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 

കുതിക്കുന്ന ഐപിഒ വിപണി

നിരവധി വിദേശ കമ്പനികളുടെ ഇന്ത്യന്‍ യൂണിറ്റുകള്‍ ഇന്ത്യയുടെ പണം കായ്ക്കുന്ന ഐപിഒ പിപണി ഉന്നമിടുന്നുണ്ട്. മികച്ച വാല്യുവേഷനാണ് പ്രധാന കാരണം. ഒക്‌റ്റോബറില്‍ ദക്ഷിണ കൊറിയന്‍ ഓട്ടോഭീമനായ ഹ്യുണ്ടായ് ഇന്ത്യ ഐപിഒ നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയായിരുന്നു അത്. രണ്ട് ദശാബ്ദത്തിനിടെ ഇന്ത്യയിലെ ഒരു കാര്‍ നിര്‍മ്മാതാവ് നടത്തുന്ന ആദ്യ ഐപിഒ ആയിരുന്നു ഇത്. പ്രശസ്ത ആഗോള ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ എല്‍ജിയും തങ്ങളുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ഐപിഒ പദ്ധതിയിടുന്നുണ്ട്. 

മികച്ച നേട്ടമാണ് ഇന്ത്യയുടെ ഐപിഒ വിപണി ഈ വര്‍ഷം നല്‍കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം ഇന്ത്യയിലെ 22 കമ്പനികള്‍ ഐപിഒ വഴി 28,135 കോടി രൂപയാണ് സമാഹരിച്ചത്. നവംബര്‍ മാസത്തില്‍ എന്‍ടിപിസി ഗ്രീനിന്റേത് ഉള്‍പ്പടെയുള്ള ശ്രദ്ധേയ ഐപിഒകളുമുണ്ടായി. ഒക്‌റ്റോബറില്‍ നടന്ന വാരീസ് എനര്‍ജി ഐപിഒ വമ്പന്‍ നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. സ്വിഗ്ഗി ഐപിഒയും ശ്രദ്ധേയമായിരുന്നു. ലിസ്റ്റ് ചെയ്ത മിക്ക കമ്പനികളും ഇഷ്യു പ്രൈസിനേക്കാളും മികച്ച നിലയിലാണ് വ്യാപാരം നടത്തുന്നത്. ഏകദേശം 76 കമ്പനികള്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഐപിഒ വഴി 134,359 കോടിയിലധികം രൂപ സമാഹരിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

English Summary:

Norwegian conglomerate Orkla, parent company of Eastern Condiments and MTR Foods, plans to list its Indian unit in 2024, aiming to raise ₹3,300 crore. Explore the booming Indian IPO market and Orkla's strategic move.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com