ADVERTISEMENT

പിഎംഐ ഡേറ്റയും, റിയൽ എസ്റ്റേറ്റ് വില്പനക്കണക്കുകളും, വാഹന വില്പനക്കണക്കുകളും ചേർന്ന് ജിഡിപി വീഴ്ചയുടെ കെണിയിൽ നിന്നും രക്ഷിച്ചതോടെ ഇന്ത്യൻ വിപണി ഇന്ന് അര ശതമാനത്തിൽ കൂടുതൽ നേട്ടം കുറിച്ചു. ഇന്ന് 24000 പോയിന്റിലെ പിന്തുണ നേടിയ നിഫ്റ്റി 145 പോയിന്റുകൾ മുന്നേറി 24276 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് വീണ്ടും 80000 പോയിന്റ് പിന്നിട്ടു. 

റിയൽറ്റി സെക്ടർ ഇന്ന് 3%ൽ കൂടുതൽ മുന്നേറിയപ്പോൾ മെറ്റൽ, ഓട്ടോ സെക്ടറുകൾ ഓരോ ശതമാനവും മുന്നേറ്റം നേടി. നിഫ്റ്റി മിഡ് & സ്‌മോൾ ക്യാപ് സൂചികകളും ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറി. പൊതു മേഖല ബാങ്കുകളും,എഫ്എംസിജി സെക്ടറും മാത്രമാണ് ഇന്ന് നഷ്ടം കുറിച്ചത്.  

വെള്ളിയാഴ്ചത്തെ അമേരിക്കൻ ടെക്ക് റാലിയുടെയും, ഡോളർ മുന്നേറുന്നതിന്റെയും പിൻബലത്തിൽ ഇന്ത്യൻ ഐടി സെക്ടർ മുന്നേറിയതും, റിലയൻസിന്റെ 1.31% മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് നിർണായകമായി. 

ഇന്ത്യൻ കമ്പനികൾക്ക് ലാഭപ്രതീക്ഷ 

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭത്തിൽ വർധനവുണ്ടാകുമെന്ന റേറ്റിങ് കമ്പനിയായ  ഇക്രയുടെ റിപ്പോർട്ട് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഇൻഫ്രാ മേഖലയിലെ ചെലവിടൽ വർധിക്കുന്നതും, ഗ്രാമീണ മേഖലയിലെ വാങ്ങൽ ശേഷി വർധിക്കുന്നതും, ഉത്സവ-വിവാഹ സീസണുകളും ഉപഭോഗവർധനക്ക് വഴിവയ്ക്കുമെന്നതാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയുടെ റിപ്പോർട്ടിനാധാരം. 

മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 

നവംബറിൽ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പ്രതീക്ഷക്കൊപ്പമെത്തിയില്ലെങ്കിലും 56.5 ൽ നിന്നത് ഇന്ത്യയുടെ വ്യവസായിക ഉല്പാദനക്ഷമതയെ സൂചിപ്പിക്കുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഒക്ടോബറിൽ 57.5 കുറിച്ച ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ നവംബറിൽ 57.3 നിരക്ക് കുറിക്കുമെന്നായിരുന്നു അനുമാനം. 

ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ നവംബറിൽ  51.5ലേക്ക് കയറിയത് ഇന്ന് ചൈനീസ് വിപണിക്ക് ഒരു ശതമാനത്തിന് മുകളിൽ മുന്നേറ്റം നൽകി. സ്പെയിനും, ഗ്രീസും ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ പിഎംഐ ഡേറ്റകൾ 50ൽ താഴെയാണെന്നത് ഇന്ന് യൂറോപ്യൻ വിപണികളെയും സ്വാധീനിച്ചു.  

പ്രതീക്ഷ നൽകി ഓട്ടോ 

കാർ വില്പനയിൽ മാരുതി മുൻ വർഷത്തിൽ നിന്നും 10% മുന്നേറ്റം നേടിയത് ഓഹരിക്ക് ഇന്ന് ഒന്നര ശതമാനം മുന്നേറ്റം നൽകി. ടാറ്റ മോട്ടോഴ്സിന്റെ കാർ വില്പന 2% ൽ കൂടുതൽ മുന്നേറിയപ്പോൾ ഹ്യുണ്ടായി മോട്ടോഴ്സിന്റെ നവംബറിലെ വില്പന 6%ൽ കൂടുതൽ വീഴ്ച രേഖപ്പെടുത്തിയത് ഓഹരിക്കും തിരുത്തൽ നൽകി. 

ടിവിഎസ് മോട്ടോഴ്‌സ് മുൻവർഷത്തിൽ നിന്നും 10%ൽ കൂടുതൽ വളർച്ചയോടെ നവംബറിൽ നാല് ലക്ഷത്തിൽ കൂടുതൽ ബൈക്കുകൾ വിറ്റത്  2% മുന്നേറ്റം നൽകി. 

ആർബിഐ യോഗം ഈയാഴ്ച 

ഇന്ത്യൻ രൂപ റെക്കോർഡ് വീഴ്ച നേരിടുമ്പോൾ ആഴ്ചയുടെ അവസാനത്തിൽ നടക്കുന്ന ആർബിഐ നയാവലോകനയോഗം നിർണായകതീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ‘’ഡോളർ മേധാവിത്തം’’ പിടിച്ചു നിർത്താനായുള്ള ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഡോളറിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ ആർബിഐയുടെ പക്കൽ നിന്നും കൃത്യമായ നിലപാടുകളാണ് വിപണിയും രാജ്യവും പ്രതീക്ഷിക്കുന്നത്. 

നിലവിൽ ആർബിഐയുടെ റിപ്പോ നിരക്ക് 6.50%വും, റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%വും, ക്യാഷ് റിസേർവ് റേഷ്യോ 4.50%വുമാണ്.   

റെക്കോർഡ് ഉയരത്തിൽ അമേരിക്കൻ വിപണി 

ഡോളർ ശക്തമാകുന്നതും, ബോണ്ട് യീൽഡ് തിരിച്ചു കയറുന്നതും അമേരിക്കൻ ടെക് മേഖലക്ക് ക്ഷീണമായേക്കാമെങ്കിലും വിപണി വീണ്ടും മുന്നേറ്റ പ്രതീക്ഷയിലാണ്. ട്രംപിന്റെ പുതിയ എഐ നയങ്ങളും, നിയന്ത്രണ ഇളവുകളും ടെക് മേഖലക്ക് മികച്ച സാന്റാ റാലി നൽകുമെന്ന പ്രവചനങ്ങളും ഇന്ന് അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകിയേക്കാം.

ഇന്ന് വരാനിരിക്കുന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ബുധനാഴ്ച സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിയെ കൂടുതൽ സ്വാധീനിച്ചേക്കും.

 നവംബറിലെ അമേരിക്കൻ തൊഴിൽ ലഭ്യതക്കണക്കുകൾ പുറത്ത് വിടുന്ന നോൺ ഫാം പേറോൾ കണക്കുകൾ വെള്ളിയാഴ്ച വരുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

സ്വർണം 

അമേരിക്കൻ ഡോളറും ഒപ്പം ബോണ്ട് യീൽഡും മുന്നേറുന്നത് സ്വർണത്തിന് ഇന്ന് വീണ്ടും തിരുത്തൽ നൽകി. രാജ്യാന്തര വിപണിയിൽ സ്വർണഅവധി 2660 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

ഐപിഓ 

സുരക്ഷ ഡയഗ്നോസ്റ്റിക് ലിമിറ്റഡിന്റെ ഐപിഓ നാളെയാണ് അവസാനിക്കുന്നത്. ആസ്സാം, വെസ്റ്റ് ബംഗാൾ മുതലായ മേഖലകളിൽ പാത്തോളജി, റേഡിയോളജി ലാബുകൾ നടത്തുന്ന കമ്പനിയുടെ ഐപിഓ വില 420-441 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian market rallies despite weak rupee as investors await the RBI's crucial monetary policy meeting this week. Will the central bank act to stabilize the currency?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com