ADVERTISEMENT

രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ആർബിഐ നയപ്രതീക്ഷകളും, വിദേശഫണ്ടുകളുടെ പിന്തുണയും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് മികച്ച മുന്നേറ്റം നൽകി. രണ്ട് മാസങ്ങൾ നീണ്ട വിൽപന സമ്മർദ്ദത്തിന് ശേഷം കഴിഞ്ഞ ആഴ്ചയിലെ മൂന്ന് ദിവസവും വിദേശ ഫണ്ടുകളുടെ തിരിച്ചു വരവ് വിപണിയുടെ തിരിച്ചുവരവിന് പിന്തുണ നൽകി. 

മുൻ ആഴ്ചയിൽ 24131 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഒരു വേള 24800 പോയിന്റ് പിന്നിട്ട ശേഷം വെള്ളിയാഴ്ച 24677 പോയിന്റിലാണ് ക്ളോസ് ചെയ്തത്. കഴിഞ്ഞ ആഴ്ചയിൽ 80000പോയിന്റിൽ താഴെ നിന്ന സെൻസെക്സ് 81709 പോയിന്റിലും ക്ളോസ് ചെയ്തു. 

കഴിഞ്ഞ ആഴ്ചയിൽ ബാങ്കിങ് സെക്ടർ 3%വും, ഐടി സെക്ടർ 4%വും മുന്നേറിയത് തന്നെയാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ആധാരമായത്. ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ, ഇഫ്ര, റിയൽറ്റി സെക്ടറുകളും 3%ൽ കൂടുതൽ നേട്ടമാണ് കഴിഞ്ഞ ആഴ്ചയിൽ നേടിയത്. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 5%ൽ കൂടുതൽ മുന്നേറിയപ്പോൾ നിഫ്റ്റി മിഡ് ക്യാപ് സൂചിക 4%ൽ കൂടുതൽ നേട്ടം സ്വന്തമാക്കി. 

sensex-nifty

സിആർആർ കുറച്ചു  

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനത്തിൽ വന്ന വീഴ്ച പരിഹരിക്കാനായി ആർബിഐ ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) 4.5%ൽ നിന്നും 4%ലേക്ക്  കുറച്ച നടപടി വിപണി പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഇത് വഴി ബാങ്കുകളുടെ റിസർവിൽ അധികം വരുന്ന പണം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ‘’പണദാഹം’’ ഒരു പരിധി വരെ പരിഹരിച്ചേക്കും. 

പണനയത്തിൽ വീണ്ടും മാറ്റം കൊണ്ട് വരാതിരുന്ന ആർബിഐയുടെ പണനയ രൂപീകരണ സമിതി റിപ്പോ നിരക്കും, റിവേഴ്‌സ് റിപ്പോ നിരക്കും യഥാക്രമം  6.50%ലും, 3.35% നിലനിർത്തി. ഡോളർ മുന്നേറുന്ന സാഹചര്യം കൂടി കണക്കിലെടുത്താവണം ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ മുതിരാതിരുന്നത്. റിപ്പോ നിരക്ക് കുറയ്ക്കുന്നത് ബോണ്ട് യീൽഡിനും തുടർന്ന് രൂപയ്ക്കും വീഴ്ച നൽകിയേക്കുമായിരുന്നു. 

ട്രംപ് കൂടി അധികാരത്തിൽ വന്നതിന് ശേഷം മാർച്ചിലാകും ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത് പരിഗണിച്ച് തുടങ്ങുക. ആർബിഐയുടെ അടുത്ത നയാവലോകനയോഗം ഫെബ്രുവരി ആദ്യ വാരത്തിലാണ്. 

indian currency and gdp word spelled out
indian currency and gdp word spelled out

ജിഡിപി കുറയും, പണപ്പെരുപ്പം കൂടും  

കഴിഞ്ഞ പാദത്തിൽ അപ്രതീക്ഷിത വീഴ്ച കുറിച്ച ഇന്ത്യയുടെ ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തിൽ 6.6% മാത്രം വളർച്ചയെ നേടുകയുള്ളു എന്ന ആർബിഐയുടെ അനുമാനം ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്. ഇന്ത്യൻ  ജിഡിപി 7.2% വാർഷിക വളർച്ച കുറിയ്ക്കുമെന്നായിരുന്നു ആർബിഐ ഒക്ടോബറിൽ പ്രഖ്യാപിച്ചത്.  

റീറ്റെയ്ൽ പണപ്പെരുപ്പം കണക്കാക്കുന്ന സിപിഐ ഡേറ്റ നടപ്പ് സാമ്പത്തിക വർഷത്തിൽ 4.5%ൽ നിന്നും 4.8% വളർച്ച കുറിക്കുമെന്നും വാർഷിക അനുമാനം ഉയർത്തിയതും ക്ഷീണമാണ്.   

അമേരിക്കൻ തൊഴിൽ വിപണി ശക്തം 

വെള്ളിയാഴ്ച വന്ന അമേരിക്കൻ നോൺഫാം പേറോൾ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ചയിൽ തൊഴിൽ ലഭ്യമായ അമേരിക്കക്കാരുടെ എണ്ണം വിപണി അനുമാനിച്ചതിൽ കൂടുതലാണെന്നത് വരും ആഴ്ചയിലെ ഫെഡ് തീരുമാനങ്ങളെയും സ്വാധീനിക്കും. 

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ വിപണി മികച്ച മുന്നേറ്റം നേടിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ 3% മുന്നേറി പുതിയ ഉയരങ്ങൾ തിരുത്തിയ നാസ്ഡാക്ക് 20000 പോയിന്റെന്ന നാഴികക്കല്ലിന് തൊട്ടടുത്താണ് നിൽക്കുന്നത്. അമേരിക്കൻ സമ്പദ് വ്യവസ്ഥ അതിശക്തമായ നിലയിലാണെന്ന അമേരിക്കൻ ഫെഡ് ചെയർമാന്റെ പ്രസ്താവനയാണ് അമേരിക്കൻ വിപണിയുടെ കുതിപ്പിനും ആധാരമായത്. 

A money changer counts U.S. dollar bills, with Turkish lira banknotes in the background, at an currency exchange office in central Istanbul, Turkey, August 21, 2015. REUTERS/Murad Sezer/File Photo
A money changer counts U.S. dollar bills, with Turkish lira banknotes in the background, at an currency exchange office in central Istanbul, Turkey, August 21, 2015. REUTERS/Murad Sezer/File Photo

അമേരിക്കൻ പണപ്പെരുപ്പം 

ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ തന്നെയായിരിക്കും അടുത്ത ആഴ്ച അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെയും ഗതി നിർണയിക്കുക. ഒക്ടോബറിൽ 2.60% വാർഷിക വളർച്ച കുറിച്ച അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം നവംബറിൽ കൂടുതൽ വളർന്നിട്ടുണ്ടെങ്കിൽ ഫെഡ് റിസർവ് നിരക്ക് കുറക്കലിന്റെ തോതും പുനർ നിർണയിക്കപ്പെട്ടേക്കാം. ഫെഡ് നിരക്ക് കുറക്കുന്നത് ഡോളറിന്റെ മൂല്യത്തെയും സ്വാധീനിക്കും. 

ഡിസംബർ 17, 18 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ 2024ലെ അവസാനയോഗം നടക്കുക.  

അടുത്ത ആഴ്ച ലോകവിപണിയിൽ

∙ബുധനാഴ്ചയാണ് നവംബറിലെ അമേരിക്കൻ സിപിഐ ഡേറ്റ പുറത്ത് വരുന്നത്. വ്യാഴാഴ്ച അമേരിക്കയുടെ പിപിഐ ഡേറ്റയും, ജോബ് ഡേറ്റയും പുറത്ത് വരുന്നതും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.

∙ജർമനി ചൊവ്വാഴ്ചയും, ഇന്ത്യ വ്യാഴാഴ്ചയും നവംബറിലെ സിപിഐ ഡേറ്റകൾ പ്രഖ്യാപിക്കും. 

∙തിങ്കളാഴ്ച വരുന്ന ചൈനയുടെ സിപിഐ ഡേറ്റയും, ചൊവ്വാഴ്ച വരുന്ന ചൈനയുടെ കയറ്റുമതി ഇറക്കുമതി കണക്കുകളും ഏഷ്യൻ വിപണികൾക്കൊപ്പം യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും. 

∙നാളെ ജപ്പാന്റെ മൂന്നാം പാദ ജിഡിപി ഡേറ്റ വരുന്നതും ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്.

ഇന്ത്യൻ ഐഐ പി 

ഇന്ത്യയുടെ ഒക്ടോബറിലെ വ്യവസായികോല്പാദന കണക്കുകളും, മാനുഫാക്ച്ചറിങ് ഡേറ്റയും വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. ഇന്ത്യയുടെ മൊത്ത വിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റവും വെള്ളിയാഴ്ചയും  പുറത്ത് വരും.  

Side view of Trader analyzing share market by looking charts in multiple monitors or making strategy at home office - concept of studying equity market, waiting for success.
Side view of Trader analyzing share market by looking charts in multiple monitors or making strategy at home office - concept of studying equity market, waiting for success.

ഓഹരികളും സെക്ടറുകളും

∙ആർബിഐ കാഷ് റിസേർവ് റേഷ്യോ (സിആർആർ) കുറച്ച നടപടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പണലഭ്യത വർദ്ധിപ്പിക്കുമെന്നത് ആഭ്യന്തര ഉല്പാദന വളർച്ചയെ ത്വരിതപ്പെടുത്തിയേക്കാം. മാനുഫാക്ച്ചറിങ് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

∙സിആർആർ കുറയുന്നത് ബാങ്കുകളുടെ വായ്പാനുപാതത്തെ സ്വാധീനിക്കുമെന്നത് പലിശ വരുമാനവർദ്ധനക്കും വഴിവയ്ക്കും. കാഷ് റിസർവ് റേഷ്യോ തുടർന്നും കുറയ്ക്കുന്നത് ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്ക് അനുകൂലമാണ്. 

∙ഡോളർ ശക്തമാകുന്നതും, അമേരിക്കൻ സമ്പദ് വ്യവസ്ഥ മുന്നേറ്റം നേടുകയാണെന്ന അമേരിക്കൻ ഫെഡ് ചെയർമാന്റെ പ്രസ്താവനയും ഇന്ത്യൻ ഐടി സൂചികക്ക് കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റമാണ് നൽകിയത്. ഡോളർ മുന്നേറുന്നത് ഐടി ഓഹരികൾ കൂടുതൽ ആകർഷകമാക്കും.

∙സെമികണ്ടക്ടർ നിർമിതിക്കാവശ്യമായ പ്രത്യേക ലോഹങ്ങളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ചൈന നിരോധിച്ചത് ഇന്ത്യയുടെ മൈനിങ്, സ്പെഷ്യൽ മെറ്റൽ സെക്ടറുകൾക്ക് അനുകൂലമാണ്. 

∙ചൈനക്ക് പുറമെ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സോളാർ പാനൽ ഇറക്കുമതിക്കും അമേരിക്ക ആന്റി-ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്തുന്നത് ഇന്ത്യൻ സോളാർ പാനൽ നിർമാണ ഓഹരികളെ ദീർഘകാല നിക്ഷേപത്തിന് യോഗ്യമാക്കുന്നു. 

∙നാഷണൽ ഹൈവേകളിൽ 146 കിലോമീറ്റർ ദൈർഘ്യത്തിൽ 75 ഇടങ്ങളിൽ 49000 കോടി രൂപ മുടക്കിൽ ടണലുകളുടെ പണി നടക്കുന്നത് ഇൻഫ്രാ സെക്ടറിന് അനുകൂലമാണ്. 

Bull and bear, symbols of stock market trends. Hand-drawn editable vector illustration with elements as separate objects.
Bull and bear, symbols of stock market trends. Hand-drawn editable vector illustration with elements as separate objects.

ബജറ്റ്  ലക്‌ഷ്യം വെച്ച് റെയിൽ, ഇൻഫ്രാ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

മാസഗോൺ ഡോക്സിന്റെ 1:1 ഓഹരി വിഭജനത്തിനായുള്ള റെക്കോർഡ് തീയതി ഡിസംബർ 27 നാണ്. പത്ത് രൂപ മുഖവിലയുള്ള കപ്പൽ നിർമാണ കമ്പനിയുടെ ഓഹരി അഞ്ച് രൂപ മുഖവിലയിലേക്ക് മാറും.

മാർച്ചിൽ തന്നെ വേദാന്തയുടെ ഡിമെർജെർ നടന്നേക്കുമെന്നത് ഓഹരിക്ക് അനുകൂലമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യൻ മൈനിങ് കമ്പനികൾക്ക് അനുകൂലമാണ്. ഓഹരി വീണ്ടും 500/- രൂപ കടന്നു

സ്റ്റാർ സിമന്റ് ഏറ്റെടുക്കുന്നത് വിലയിരുത്തുന്നതിനായി അംബുജ സിമന്റ് ഏണസ്റ്റ് & യങ്ങിനെ ചുമതലപ്പെടുത്തി. 

പുതിയ കോൺട്രാക്ടുകൾ സ്വന്തമാക്കിയത് എൻബിസിസിക്ക് അനുകൂലമാണ്. ഓഹരി 104 രൂപയിലാണ് ക്ളോസ് ചെയ്തത്. 

പുഷ്പ-2 സിനിമയുടെ വിജയം പിവിആർ-ഐനോക്‌സ് ഓഹരിയെയും സ്വാധീനിച്ചേക്കാം. 

ക്രൂഡ് ഓയിൽ

ഒപെക് പ്ലസ് ക്രൂഡ് ഓയിലിന്റെ ഉല്പാദനനിയന്ത്രണം 2025 ഏപ്രിൽ വരെ നീട്ടിയത് അനുകൂലമാണെങ്കിലും ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു. നേട്ടങ്ങൾ കൈവിട്ട ബ്രെന്റ് ക്രൂഡ് ഓയിൽ 1% നഷ്ടത്തിൽ 71 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

ഒപെക് മാസറിപ്പോർട്ട് ബുധനാഴ്ച്ച വരുന്നതും, ചൈനീസ് ഡേറ്റകളും  ക്രൂഡ് ഓയിലിന് പ്രധാനമാണ്. 

Image : iStock/Robin372
Image : iStock/Robin372

സ്വർണം 

ഡോളറും ബോണ്ട് യീൽഡും  ക്രമപ്പെട്ടത് സ്വർണത്തെ കഴിഞ്ഞ ആഴ്ചയിൽ നഷ്ടമൊഴിവാക്കാൻ സഹായിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2659 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കൻ സിപി ഐ ഡേറ്റയും, തുടർന്ന് ഫെഡ് തീരുമാനങ്ങളും സ്വർണ വിലയുടെയും ഗതി നിർണയിക്കും. 

ഐപിഓ 

വിശാൽ മെഗാ മാർട്ട്, മോബി ക്വിക്, സായി ലൈഫ് സയൻസ് എന്നിവയുടെ ഐപിഓ അടുത്ത ബുധനാഴ്ച ആരംഭിക്കും. ഇൻവെറ്ററസ് നോളേജ് സൊല്യൂഷന്റെ ഐപിഓ വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Explore how RBI's CRR reduction impacts the Indian Stock Market, Nifty, and Sensex. Get insights on GDP growth, inflation, investment opportunities, and key stocks to watch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com