ആഗോള വിപണി മൂല്യം 3.64 ലക്ഷം കോടി ഡോളർ, ക്രിപ്‌റ്റോ കറൻസിക്ക് പ്രിയമേറുന്നു
Mail This Article
കൊച്ചി ∙ ക്രിപ്‌റ്റോകറൻസികളുടെ വിലയിൽ വൻ വേലിയേറ്റം. ഇടക്കാലത്തു പിന്നോട്ടുപോയ ബിറ്റ്‌കോയിൻ വില വീണ്ടും 1,00,000 ഡോളറിനു മുകളിലെത്തി. ഒറ്റയടിക്കു 4% വർധനയാണു ബിറ്റ്‌കോയിൻ വിലയിലുണ്ടായതെങ്കിൽ ക്രിപ്‌റ്റോകളിലെ പുതുമുഖമായ സൂയിയുടെ വിലയിൽ 29 ശതമാനമാണു വർധന.
യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കു നിർണയ സമിതിയുടെ അടുത്ത ആഴ്‌ച ചേരുന്ന യോഗം പലിശനിരക്കിൽ 0.25% കുറവു വരുത്താനുള്ള സാധ്യത ശക്‌തമായ സാഹചര്യത്തിലാണു ക്രിപ്‌റ്റോകൾക്കു പ്രിയം വർധിച്ചിരിക്കുന്നത്.
ക്രിപ്‌റ്റോകറൻസികളിൽ ഏറ്റവും പ്രചാരമുള്ളതു ബിറ്റ്‌കോയിനാണ്. ഏറ്റവും വിലയുള്ളതും ബിറ്റ്‌കോയിനുതന്നെ: 1,00,935 ഡോളർ. മറ്റുള്ള എല്ലാ ക്രിപ്‌റ്റോകോയിനുകളെയും ബദൽ കോയിനുകളായാണു പൊതുവേ പരിഗണിക്കുന്നത്. ‘ഓൾട്ടർനേറ്റ് കോയിൻ’ എന്നതിനെ ചുരുക്കി ‘ഓൾട്ട്‌കോയിൻ‘ എന്നാണ് അവയ്‌ക്കുള്ള വിശേഷണം.
ഓൾട്ട്‌കോയിനായ ചെയിൻലിങ്കിന്റെ വിലയിൽ 24% വർധന രേഖപ്പെടുത്തി. യൂനിസ്വാപ്, കർഡാനോ, അവലാഞ്ച്, പോൾക്കഡോട് എന്നിവയുടെ വിലയിൽ വർധന 10 ശതമാനത്തിലേറെയാണ്. ഡോജികോയിൻ, എഥേറിയം എന്നിവയുടെ വിലയിൽ 7% വർധനയുണ്ട്. സൊലാന വില 5.2% ഉയർന്നു.
ക്രിപ്‌റ്റോകറൻസികളുടെ ആഗോള വിപണി മൂല്യം 3.64 ലക്ഷം കോടി ഡോളറായി ഉയർന്നിട്ടുണ്ട് വർധന 5.38 ശതമാനമാണ്. ക്രിപ്‌റ്റോ ഇടപാടുകാരുടെ ഇന്ത്യയിലെ എണ്ണം നാലു കോടിയിലെത്തിയതായി ബ്ലോക്‌ചെയിൻ അനലിറ്റിക്‌സ് രംഗത്തുള്ളവർ അനുമാനിക്കുന്നു.
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ ക്രിപ്‌റ്റോ വിപണിയിൽ വലിയ മുന്നേറ്റത്തിനാണു സാധ്യത എന്നാണു നിരീക്ഷകരുടെ വിശ്വാസം.