വേദനിപ്പിച്ച് ഡോളർ; 84.93ലേക്ക് ഇടിഞ്ഞ് രൂപ, ഓഹരി വിപണിക്കും തകർച്ച, നിക്ഷേപക സമ്പത്തിൽ 3 ലക്ഷം കോടി നഷ്ടം
Mail This Article
ആഭ്യന്തര, വിദേശതലങ്ങളിൽ നിന്ന് ആഞ്ഞടിച്ച വെല്ലുവിളികളുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും കനത്ത വീഴ്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 84.93 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ചയിലായി. രാജ്യാന്തരതലത്തിൽ ഡോളർ ശക്തമാകുന്നതിന് പുറമേ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയതുമാണ് രൂപയെ നോവിച്ചത്.
ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. കയറ്റുമതിയേക്കാൾ കൂടുതലാണ് ഇറക്കുമതി എന്നതിനാൽ വിദേശ കറൻസികൾക്ക് ഡിമാൻഡ് ഏറുകയും രൂപയ്ക്കത് സമ്മർദമാവുകയുമാണ് ചെയ്യുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയും സമ്മർദത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ അടക്കമുള്ളവ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റാനായി വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതും തിരിച്ചടിയാണ്. മാത്രമല്ല, യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് അടുത്തമാസമെത്തുന്നു എന്നതും ഡോളറിന് കരുത്താണ്. ട്രംപിന്റെ സാമ്പത്തികനയങ്ങൾ പൊതുവേ ഡോളറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകൾ.
രൂപയുടെ വീഴ്ചയുടെ ആക്കംകുറയ്ക്കാൻ വിദേശനാണയ ശേഖരത്തിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ വഴി ഡോളർ വൻതോതിൽ വിറ്റഴിച്ച് റിസർവ് ബാങ്ക് രക്ഷാദൗത്യം നടത്തുന്നുണ്ട്. അല്ലായിരുന്നെങ്കിൽ രൂപ കൂടുതൽ ദുർബലമാകുമായിരുന്നു. ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപം കൊഴിയുന്നതും രൂപയ്ക്ക് പ്രതിസന്ധിയാണ്. ഇന്നലെ മാത്രം 280 കോടിയോളം രൂപയുടെ ഇന്ത്യൻ ഓഹരികൾ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) വിറ്റൊഴിഞ്ഞിരുന്നു.
വീണുടഞ്ഞ് ഓഹരി വിപണി
ഡോളറിന്റെ മുന്നേറ്റം, ഇന്ത്യയുടെ വ്യാപാരക്കമ്മി വർധന തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് തുടക്കംമുതൽ നഷ്ടത്തിലാണുള്ളത്. സെൻസെക്സ് ഒരുവേള 1,000 പോയിന്റിലധികം വീണു. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 800 പോയിന്റിലേറെ (-1.02%) ഇടിഞ്ഞ് 80,955ൽ. ഇന്നൊരുവേള ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 3 ലക്ഷം കോടിയോളം രൂപയും കൊഴിഞ്ഞിരുന്നു.
ഐടിസി, അദാനി പോർട്സ്, ടാറ്റാ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് 0.19 മുതൽ 0.88% വരെ ഉയർന്ന് സെൻസെക്സിൽ നേട്ടത്തിലുള്ളവ. ഭാരതി എയർടെൽ 2.66% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതാണ്. ടിസിഎസ്, എൽ ആൻഡ് ടി, ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, നെസ്‍ലെ എന്നിവ 1.4 മുതൽ 1.80% വരെ ഇടിഞ്ഞത് സെൻസെക്സിന് കനത്ത തിരിച്ചടിയായി. ടെലികോം മന്ത്രാലയത്തിൽ നിന്ന് എയർടെല്ലിന് ഉപഭോക്തൃ വെരിഫിക്കേഷൻ ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിന് നോട്ടിസ് കിട്ടിയിട്ടുണ്ട്.
നിഫ്റ്റിയുടെ പ്രകടനവും ആശങ്കയും
നിഫ്റ്റിയും ഇന്ന് തുടക്കം മുതൽ ചുവപ്പിൽ തന്നെ. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 1.05% താഴ്ന്ന് 24,405ൽ. 1.17% ഉയർന്ന് ഐടിസിയാണ് നേട്ടത്തിൽ മുന്നിൽ. ടാറ്റാ മോട്ടോഴ്സ് 0.45% നേട്ടവുമായി രണ്ടാമതുണ്ട്. കഴിഞ്ഞവാരം ഭവന വായ്പാ ഉപസ്ഥാപനത്തെ വിറ്റൊഴിഞ്ഞതുമുതൽ നേരിടുന്ന നഷ്ടം ശ്രീറാം ഫിനാൻസ് ഇന്നും തുടർന്നു; ഓഹരി 4.03% താഴേക്കുപോയി. 2.75% താഴ്ന്ന് ഭാരതി എയർടെല്ലാണ് നഷ്ടത്തിൽ രണ്ടാമത്. ഗ്രാസിം ഇൻഡസ്ട്രീസ്, ടിസിഎസ്, ഹിൻഡാൽകോ എന്നിവ 1.7 മുതൽ 2.01% വരെ ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്.
വിശാല വിപണിയിൽ നിഫ്റ്റി റിയൽറ്റി, എഫ്എംസിജി, മീഡിയ എന്നിവ 0.43-0.82% ഉയർന്നുനിൽക്കുന്നു. മറ്റ് ഓഹരി വിഭാഗങ്ങളെല്ലാം ചുവന്നു. പൊതുമേഖലാ ബാങ്ക് സൂചിക 1.38%, പ്രൈവറ്റ് ബാങ്ക് 1.21%, ബാങ്ക് നിഫ്റ്റി 1.20%, ധനകാര്യ സേവനം 1.25%, ഓയിൽ ആൻഡ് ഗ്യാസ് 1.11% എന്നിങ്ങനെ താഴ്ന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് 4.22% കയറി 14.61ൽ എത്തി. നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
വീഴ്ചയുടെ മുഖ്യ കാരണങ്ങൾ
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാളെ പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് 0.25% കുറച്ചേക്കും. 2025ലെ പണനയത്തിന്റെ ദിശയെക്കുറിച്ച് ഫെഡ് നൽകുന്ന സൂചനകളിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. പലിശ 2025ൽ കുറയ്ക്കില്ലെന്നാണ് പറയുന്നതെങ്കിൽ അത്, യുഎസിൽ ശക്തമായ സാന്നിധ്യമുള്ള ഐടിയിലെ അടക്കം ഇന്ത്യൻ കമ്പനികൾക്ക് പ്രതിസന്ധിയാകും.
മറ്റൊന്ന്, യുഎസിലെ സാമ്പത്തികചലനങ്ങൾ ഡോളറിന് കരുത്താവുകയാണ്. ഇത് രൂപയ്ക്ക് വൻ തിരിച്ചടിയുമാകുന്നു. ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയതും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു. ലോക വ്യാവസായിക, വ്യാപാരരംഗത്തെ മുൻനിര രാജ്യമായ ചൈനയുടെ സമ്പദ്‍വ്യവസ്ഥ തളർച്ചയിൽ നിന്ന് കരകയറാത്തതും തിരിച്ചടിയാണ്. ചൈനയിലെ ഉപഭോക്തൃ വിൽപന, വ്യാവസായിക ഉൽപാദനം എന്നിവ കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും താഴ്ന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)