ഫെഡ് റിസർവ് തീരുമാനം ഇന്ന്, വീണ്ടും തകർന്ന് ഇന്ത്യൻ വിപണി
Mail This Article
ഫെഡ്ഭയത്തിൽ നിന്നും കരകയറാനാകാതെ ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ വൻവില്പന നടത്തിയ വിദേശഫണ്ടുകൾ ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ വിപണിയിലേക്ക് തിരികെ വന്നില്ലെന്നതും രൂപ വീഴുന്നതും, ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും വിനയായി.
ഇന്ന് 24394 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി പിന്നീട് 24149 പോയിന്റ് വരെ വീണ ശേഷം തിരികെ 24198 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക് 500 പോയിന്റിലേറെ നഷ്ടമാക്കി 80182 പോയിന്റിലും ക്ളോസ് ചെയ്തു.
എച്ച്ഡി എഫ്സി ബാങ്കിനൊപ്പം മറ്റ് മുൻനിര ബാങ്കുകളെല്ലാം 1%ൽ കൂടുതൽ നഷ്ടം കുറിച്ചത് ബാങ്ക് നിഫ്റ്റിക്ക് ഇന്ന് 1.32% തിരുത്തൽ നൽകിയതാണ് ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് ആധാരമായത്. ഫിനാൻഷ്യൽ, മെറ്റൽ, എനർജി ഓഹരികളും 1%ൽ കൂടുതൽ വീണപ്പോൾ ഐടി, ഫാർമ സെക്ടറുകൾ നേട്ടമുണ്ടാക്കി.
വിറ്റു തകർത്ത് വിദേശഫണ്ടുകൾ
വിദേശഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ ഇന്നലെ മാത്രം 6400 കോടി രൂപയുടെ വില്പന നടത്തിയതാണ് ഇന്നലത്തെ വിപണി വീഴ്ചക്ക് കാരണമായത്. ഫെഡ് റിസർവ് തീരുമാനങ്ങൾ വരാനിരിക്കുന്നതും, ചൈനയുടെ സ്റ്റിമുലസ് പദ്ധതികളും ഇന്ത്യൻ വിപണിയിലെ വിദേശഫണ്ടുകളുടെ വില്പനക്ക് ആധാരമായി.
ഫെഡ് നിരക്ക് കുറയ്ക്കുന്നത് ഡോളറിനെയും, ബോണ്ട് യീൽഡിനെയും ക്രമപ്പെടുത്തുന്നത് നാളെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും പ്രധാനമാണ്.
ഡോളർ @ 85 രൂപ
ഫെഡ് റിസർവ് യോഗം ഇന്ന് പുതുക്കിയ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ രൂപ വീണ്ടും സമ്മർദ്ദത്തിലാണെന്നതും വിപണിക്ക് ക്ഷീണമായി. വിദേശ ഫണ്ടുകളുടെ വില്പനയും ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും രൂപയുടെ വീഴ്ചക്ക് കാരണമാണ്.
രൂപയുടെ വീഴ്ച ഇന്ന് ബാങ്കിങ്, ഫിനാൻഷ്യൽ മേഖലക്ക് നഷ്ടം നൽകിയപ്പോൾ ഐടി, ഫാർമ കയറ്റുമതിക്കമ്പനികൾക്ക് നേട്ടവും നൽകി.
ഫെഡ് നിരക്ക് വിപണി പ്രതീക്ഷയ്ക്കൊപ്പം കുറയ്ക്കുന്നില്ലെങ്കിൽ മറ്റ് നാണയങ്ങൾക്കൊപ്പം രൂപ വീണ്ടും വീണേക്കാമെന്നതും ഇന്ത്യൻ വിപണിയിലെ ഇന്നത്തെ വില്പന സമ്മർദ്ദത്തിന് അടിസ്ഥാനമായി.
ഇന്ത്യക്കും നികുതി
ഇന്ത്യയുടെ നികുതി നടപടികൾ പരിഗണിച്ചായിരിക്കും ഇന്ത്യയുടെ മേൽ അമേരിക്കയുടെ നികുതി തീരുമാനങ്ങളെന്ന ട്രംപിന്റെ പ്രഖ്യാപനവും വിപണിയെ സ്വാധീനിച്ചു.
ഫെഡ് തീരുമാനം കാത്ത് വിപണികൾ
തുടർച്ചയായ ഒൻപതാം ദിവസവും നഷ്ടം കുറിച്ച അമേരിക്കയുടെ ഡൗ ജോൺസിനൊപ്പം ഇന്നലെ നാസ്ഡാകും, ഡൗ ജോൺസും നഷ്ടം കുറിച്ചിരുന്നു. ഇന്ന് ഫെഡ് തീരുമാനങ്ങൾ വിപണിക്ക് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്ത്യയും, ജപ്പാനും ഒഴികെയുള്ള ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ഫെഡ് റിസർവ് ഇന്ന് തുടർച്ചയായ മൂന്നാം തവണയും 25 ബേസിസ് പോയിന്റുകൾ കുറച്ച് ഫെഡ് നിരക്ക് 4.50%ൽ എത്തിക്കുമെന്നാണ് വിപണിയുടെ അനുമാനം. അല്ലാത്ത പക്ഷം ലോക വിപണി വീണ്ടും തിരുത്തൽ നേരിട്ടേക്കാം.
ക്രൂഡ് ഓയിൽ
കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ എണ്ണ ശേഖരത്തിൽ നാല് ദശലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന സൂചനയും ഇന്ന് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകിയില്ല. ഇന്നത്തെ ഫെഡ് തീരുമാനങ്ങൾ 74 ഡോളറിൽ താഴെ വ്യാപാരം തുടരുന്ന ക്രൂഡ് ഓയിലിന്റെയും ഗതി നിർണയിക്കും.
ലിസ്റ്റിങ്
വിപണി തകർച്ചക്കിടയിലും മോബിക്വിക്കിന്റെയും, സായി ലൈഫ് സയൻസിന്റെയും, വിശാൽ മെഗാ മാർട്ടിന്റെയും ലിസ്റ്റിങ്ങുകൾ ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. മോബിക്വിക് ലിസ്റ്റിങ് ദിനത്തിൽ 89% നേട്ടമുണ്ടാക്കിയപ്പോൾ വിശാൽ മെഗാമാർട്ടും സായ് ലൈഫും യഥാക്രമം 43% 39% വീതവും നേട്ടമുണ്ടാക്കി.
മുന്നേറി ഫാർമ
ലുപിൻ, സിപ്ല എന്നിവയുടെ നേതൃത്തിൽ ഫാർമ സെക്ടർ മുന്നേറ്റം കുറിച്ചു. ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടിയ നിഫ്റ്റി ഫാർമ 22299 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക