വിൽപന സമ്മർദത്തിൽ വീണ് വിപണി
Mail This Article
കൊച്ചി∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയങ്ങൾ തീരുമാനിക്കാനുള്ള സമിതിയുടെ യോഗം ആരംഭിച്ചപ്പോൾ തന്നെ ആഗോള വിപണികളിലെല്ലാം കടുത്ത വിൽപന സമ്മർദം. ഇന്നലെ രാജ്യത്തെ ഓഹരി വിപണി സൂചികകളിൽ നഷ്ടം ഒരു ശതമാനത്തിനു മുകളിലാണ്. സെൻസെക്സ് 1064 പോയിന്റും നിഫ്റ്റി 332 പോയിന്റും ഇടിഞ്ഞു. ഇന്നലത്തെ ഇടിവോടെ സെൻസെക്സ് 82000 നിലവാരത്തിനു താഴെയെത്തി. സെൻസെക്സ് 80,864 പോയിന്റിലും നിഫ്റ്റി 24,336 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫെഡിൽ നിന്ന് വീണ്ടും പലിശയിളവുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ ഓഹരികൾ വിൽക്കുന്നത്. ഫെഡ് റിസർവിൽ നിന്നു കാൽ ശതമാനം നിരക്കിളവാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ യോഗത്തിൽ പലിശ നിരക്കിൽ അര ശതമാനം കുറവു വരുത്തിയിരുന്നു. ബാങ്ക് ഓഫ് ജപ്പാൻ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നീ കേന്ദ്രബാങ്കുകളും പലിശ നിരക്കു കുറച്ചേക്കുമെന്ന പ്രതീക്ഷ വിപണിയിൽ നിലനിൽക്കുന്നുണ്ട്. രൂപയുടെ മൂല്യത്തകർച്ച, കയറ്റുമതിയിലുണ്ടായ ഇടിവ്, റെക്കോർഡ് വ്യാപാരക്കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ്) തുടങ്ങിയ ഘടകങ്ങളും വിപണിക്കു തിരിച്ചടിയായി.
ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടിസിഎസ്, എൽ ആൻഡ് ടി, റിലയൻസ് തുടങ്ങിയ ഓഹരികളിലാണ് ഇന്നലെ കനത്ത വിൽപന സമ്മർദം നേരിട്ടത്. അതേസമയം, സ്മോൾക്യാപ്, മിഡ്ക്യാപ് ഓഹരികളിൽ നഷ്ടം താരതമ്യേന കുറവായിരുന്നു. ടെലികമ്യൂണിക്കേഷൻ, മെറ്റൽ, ഓട്ടോ, എനർജി, ഓയിൽ ആൻഡ് ഗ്യാസ്, കമ്മോഡിറ്റീസ്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ മേഖലകളാണ് നഷ്ടത്തിലായത്.വിപണിയിലെ ഇന്നലത്തെ നഷ്ടത്തോടെ നിക്ഷേപകരുടെ ആസ്തിയിൽ 4.92 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി