ഫെഡ് ഷോക്കിൽ തകർന്ന് ലോക വിപണി, സെൻസെക്സ് 80,000 ത്തിലും താഴെ
Mail This Article
ഫെഡ് റിസർവ് നിരക്ക് കുറച്ചത് ഇന്നലെ അമേരിക്കൻ വിപണിക്കും തുടർന്ന് ലോക വിപണിയുടെ തന്നെയും തകർച്ചക്ക് കാരണമായി. റഷ്യൻ വിപണിയൊഴികെ മറ്റെല്ലാ വിപണികളും ഇന്ന് നഷ്ടം കുറിച്ചു.
ഇന്ന് വീണ്ടും വീണ് 23870 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 24004 പോയിന്റ് വരെ വന്നെങ്കിലും 1% നഷ്ടത്തിൽ 23951 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 24768 പോയിന്റിലാണ് നിഫ്റ്റി ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്ന് 79218 പോയിന്റിലും ക്ളോസ് ചെയ്തു.
ഇന്ത്യൻ വിപണിയിലിന്ന് ഫാർമയും, ഐടിയും മാത്രം നേട്ടം കുറിച്ചു. ഫാർമ 1.1% മുന്നേറിയപ്പോൾ ഐടിയും, എഫ്എംസിജിയും നഷ്ടമൊഴിവാക്കി. ബാങ്കിങ്, ഫിനാൻസ്, മെറ്റൽ, എനർജി, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകൾ ഒരു ശതമാനത്തിൽ കൂടുതൽ വീഴ്ച കുറിച്ചു.
ഫെഡ് നിരക്ക് കുറച്ചു
പ്രതീക്ഷിച്ച തോതിൽ ഇന്നലെ ഫെഡ് റിസർവ് നിരക്ക് കുറച്ചെങ്കിലും വരും വർഷങ്ങളിലെ നിരക്ക് കുറക്കലിന്റെ തോത് കുറയുമെന്ന ഫെഡ് റിസർവിന്റെ നിഗമനം വിപണിക്ക് ഷോക്കായി. തുടർച്ചയായ മൂന്നാം തവണയും 25 ബേസിസ് പോയിന്റ്റുകൾ കുറച്ചതോടെ ഫെഡ് റേറ്റ് 4.25%-450% എന്ന നിരക്കിലേക്ക് എത്തി.
2025ൽ നാല് തവണ ഫെഡ് നിരക്ക് കുറക്കൽ നടത്തിയേക്കുമെന്നായിരുന്നു സെപ്റ്റംബറിലെ ഫെഡ് അനുമാനം. എന്നാൽ 2025ൽ രണ്ട് തവണ മാത്രം നിരക്ക് കുറക്കുമ്പോൾ ഫെഡ് നിരക്ക് 3.9% ആയിരിക്കുമെന്നാണ് പുതിയ നിഗമനം.
തകർന്ന് നാസ്ഡാക്
ഡോളറും, ബോണ്ട് യീൽഡും വീണ്ടും മുന്നേറ്റം നേടി. നാസ്ഡാക് ഇന്നലെ 3.56% വീണപ്പോൾ ഡൗ ജോൺസും, എസ്&പിയും യഥാക്രമം 2.58%വും, 2.95%വും വീതം നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് സോണിലാണ് വ്യാപാരം തുടരുന്നത്.
ഡോളർ @ 85 രൂപ
ഫെഡ് നിരക്ക് കുറക്കലിന്റെ തോത് കുറയുന്നത് ഡോളറിന്റെ വീണ്ടും ശക്തമാക്കുന്നത് രൂപ അടക്കമുള്ള നാണയങ്ങളുടെ മൂല്യം കുറയുന്നതിനും ഇടയാക്കി. ഡോളർ 85 രൂപക്ക് മുകളിലാണ് ഇന്ന് വ്യാപാരം നടന്നത്.
കയറ്റുമതി കുറയുകയും, ചരക്ക് ഇറക്കുമതി കയറ്റുമതിയുടെ ഇരട്ടിയിലധികമാകുകയും ചെയ്ത പുതിയ സാഹചര്യവും, വിദേശ ഫണ്ടുകളുടെ വിറ്റൊഴിയലും ഇന്ത്യൻ രൂപക്ക് ഭീഷണിയാണ്.
ക്രൂഡ് ഓയിൽ
ഫെഡ് നിരക്ക് കുറച്ച സാഹചര്യത്തിൽ ക്രൂഡ് ഓയിൽ ഇന്ന് നഷ്ടമില്ലാതെ തുടർന്നു. എന്നാൽ ഡോളർ മുന്നേറുന്നതിനെ തുടർന്ന് ബേസ് മെറ്റലുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ബ്രെന്റ് ക്രൂഡ് ഓയിൽ 73 ഡോളറിന് മുകളിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. നാച്ചുറൽ ഗ്യാസ് 2% നേട്ടവുമുണ്ടാക്കി.
സ്വർണം
അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 0.60% മുന്നേറി 4.52%ലാണ് വ്യാപാരം തുടരുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവും അതെ തോതിൽ 2634 ഡോളറിലും വ്യാപാരം തുടരുന്നു. വെള്ളി 2%ൽ കൂടുതലും വീണു.
ഇനി ഫെഡ് അംഗങ്ങളുടെ തുടർ പ്രഖ്യാപനങ്ങളും ഡോളറിന്റെ തുടർ ചലനങ്ങളുമായിരിക്കും ഓഹരി വിപണികളുടെയും, ലോഹങ്ങളുടെയും ഗതി നിർണയിക്കുക.
മുന്നേറി ഇന്ത്യൻ ഫാർമ
ഇന്ത്യൻ ഫാർമ സെക്ടർ ഇന്നും മുന്നേറ്റം നേടി. പതിവ് പോലെ ലുപിൻ തന്നെയാണ് 3% നേട്ടത്തോടെ ഫാർമയെ മുന്നിൽ നിന്നും നയിച്ചത്. സിപ്ലയും 2% നേട്ടമുണ്ടാക്കി.
ഐടിക്കും പ്രതീക്ഷ
രൂപയുടെ മൂല്യം കുറയുന്ന സാഹചര്യം ഫാർമക്കൊപ്പം ഐടിക്കും അനുകൂലമാണ്. ഐടി സെക്ടറിനെ നാസ്ഡാക്കിന്റെ ചലനങ്ങൾ സ്വാധീനിക്കുമെന്നതിനാൽ ഫാർമ സെക്ടറിലേക്ക് നിക്ഷേപം വരുമെന്നതും ശ്രദ്ധിക്കുക.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക