ADVERTISEMENT

ഏറ്റവും വലിയ  ക്രിപ്‌റ്റോ കറൻസിയായ  ബിറ്റ്‌കോയിൻ 2024 അവസാനത്തോടെ 100,000 ഡോളറിലെത്തുമെന്ന് 2023 ൽ  സ്റ്റാൻഡേർഡ് ചാർട്ടേഡ്  പ്രവചിച്ചിരുന്നു. “ക്രിപ്‌റ്റോ വിന്റർ” എന്ന് വിളിക്കപ്പെടുന്ന കാലം അവസാനിച്ചു . ബാങ്കിങ് മേഖലയിലെ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങൾ, യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനവ് തുടരാൻ സാധ്യത ഇല്ലാത്തത്,  റിസ്ക് അസറ്റുകളുടെ സ്ഥിരത, ക്രിപ്റ്റോ ഖനനത്തിന്റെ മെച്ചപ്പെട്ട ലാഭം എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളിൽ നിന്ന് ബിറ്റ്കോയിന് നേട്ടമുണ്ടാകുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ ഡിജിറ്റൽ അസറ്റ് റിസർച്ച് മേധാവി ജെഫ് കെൻഡ്രിക്  പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബിറ്റ് കോയിൻ 153 ശതമാനമാണ് ഉയർന്നത്. എന്നാൽ അതിൽ കൂടുതൽ ഉയർന്ന വേറെ ക്രിപ്റ്റോ കറൻസികളുമുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയമാണ് ക്രിപ്റ്റോ കറൻസികളുടെ തലവര മാറ്റിയത്. വേറെ കുറെ സംഭവ വികാസങ്ങളും ക്രിപ്റ്റോ കറൻസികളിൽ 2024 ൽ ഉണ്ടായി. 

സ്പോട് ഇ ടി എഫ്

2024 ജനുവരിയിൽ സ്പോട് ഇ ടി എഫുകൾക്ക് അംഗീകാരം ലഭിച്ചിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യപ്പെടുന്ന ഒരു ബിറ്റ്കോയിൻ സ്പോട്ട് ഇടിഎഫ്  ഭാവിയിലെ ബിറ്റ്കോയിൻ കരാറുകളെ ആശ്രയിക്കുന്ന ഫ്യൂച്ചർ ഇടിഎഫുകളിൽ നിന്ന് വ്യത്യസ്തമായി ബിറ്റ്കോയിൻ അതിന്റെ പ്രാഥമിക ആസ്തിയായി സൂക്ഷിക്കുന്നു. സ്‌പോട്ട് ഇടിഎഫുകൾ ബിറ്റ്‌കോയിന്റെ വില നേരിട്ട് ട്രാക്ക് ചെയ്യുന്നു. നിക്ഷേപകർക്ക് ബിറ്റ് കോയിൻ  നേരിട്ട് സ്വന്തമാക്കാതെ തന്നെ അതിന്റെ വില വ്യതിയാനങ്ങൾ മനസിലാക്കാൻ സാധിക്കും. കുറേകൂടി സുരക്ഷിതവും സുതാര്യവുമായതിനാലാണ് ഇതിനെ നിക്ഷേപകർ ഇഷ്ടപ്പെടുന്നത്.

വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് വിലക്ക്

ഇന്ത്യയിലുള്ള വിദേശ ക്രിപ്റ്റോകറൻസി  എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇന്ത്യയിലെ ഒമ്പത് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ URLകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികളാണ്  സർക്കാർ കൈക്കൊള്ളുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (FIU)ഇന്ത്യയിൽ പ്രവർത്തിക്കുന്ന  ഒമ്പത് വിദേശ  ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ചതിനാണ്  നോട്ടീസ്.

Image Credit: NanoStockk/istockphoto.com
Image Credit: NanoStockk/istockphoto.com

ഈ  ഒമ്പത് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെയും URL ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തോട്  ആവശ്യപ്പെട്ടിട്ടുണ്ട്.  നോട്ടീസ് ലഭിച്ച ഒമ്പത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിൽ Binance, Huobi, Kraken, Gate.io, Kucoin, Bitstamp, MEXC Global, Bittrex, Bitfenex എന്നിവ ഉൾപ്പെടുന്നു.

ക്രിപ്റ്റോ വ്യവസായത്തെ നിയന്ത്രിക്കാൻ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വിദേശ ക്രിപ്റ്റോകറൻസി എക്സ് ചേഞ്ചുകൾക്ക്  ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ വഴി വൻ തോതിൽ കള്ളപ്പണം വെളുപ്പിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും ഇവയെ നിരോധിക്കാൻ കാരണമായി.

cryptocurrency

വീണ്ടുമൊരു ക്രിപ്റ്റോ കറൻസി കമ്പനി പാപ്പരായി

തകർന്ന TerraUSD, Luna ടോക്കണുകൾക്ക് പിന്നിലുള്ള ക്രിപ്‌റ്റോകറൻസി കമ്പനിയായ ടെറാഫോം ലാബ്  യുഎസിൽ പാപ്പരത്തത്തിനായി ഫയൽ ചെയ്തു.

ടെറാഫോം ലാബിന്റെ ടോക്കണുകൾ  മെയ് മാസത്തിലാണ് തകർന്നത്. 2022 ലെ "ക്രിപ്‌റ്റോക്രാഷ്" പ്രതിഭാസത്തിൽ  മുഖ്യ പങ്കു വഹിച്ച കമ്പനിയായിരുന്നു ടെറാഫോം.വ്യാജരേഖ ചമച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ സഹസ്ഥാപകൻ ഡോ ക്വോൺ ഇപ്പോൾ മോണ്ടിനെഗ്രോയിലെ ജയിലിലാണ്.

നിക്ഷേപകരെ കബളിപ്പിച്ചതിന് ഇയാൾക്കെതിരെ യുഎസ് റഗുലേറ്റർമാർ കുറ്റം ചുമത്തിയിട്ടുണ്ട്.

യൂറോപ്പിന് ക്രിപ്റ്റോകറൻസികളോട് ഇഷ്ടം  കൂടുന്നു

 യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയ ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ക്രിപ്റ്റോ കറൻസികളെ വേണമെങ്കിൽ മരവിപ്പിക്കാൻ വരെ സർക്കാരുകൾക്ക് അനുവാദം കൊടുക്കുന്ന നിബന്ധനകളുണ്ട്. എന്നാൽ യൂറോപ്പിൽ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളിലേക്ക് ആകൃഷ്ടരാകുകയാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് നികുതി അടയ്ക്കുന്നത് യഥാർത്ഥത്തിൽ സ്വിറ്റ്സർലൻഡിൽ ഇതിനകം തന്നെ നിലവിലുണ്ട്. സ്വിറ്റ്സർലണ്ടിലെ പട്ടണമായ ലുഗാനോവിൽ നികുതിയും പിഴയും എല്ലാം അടയ്ക്കുന്നതിന് ബിറ്റ് കോയിൻ ഉപയോഗിക്കാം എന്ന നിയമം  മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുമോ എന്ന ആശങ്ക കേന്ദ്ര ബാങ്കുകൾക്കുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളിലെ ആളുകളും പലപ്പോഴും ബിറ്റ് കോയിൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നുണ്ട്. കൂടാതെ  ബാങ്കുകളോട് ക്രിപ്റ്റോകറൻസികൾ സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ നിർബന്ധിക്കുന്നു എന്ന വാർത്ത യൂറോപ്പിൽ നിന്നും വരുന്നുണ്ട്. പരമ്പരാഗത കറൻസികളുടെ പോലെ വിശ്വസനീയമായത് അല്ലെങ്കിലും ബിറ്റ് കോയിൻറെ വിപണി വിഹിതം റോക്കറ്റ് പോലെ കുതിച്ചുയർന്നതിനാൽ രാജ്യങ്ങളും വഴി മാറി ചിന്തിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ബ്രിക്സ്  വ്യാപാരത്തിന് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എൽ സാൽവഡോർ

crypto

ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ  ഡിജിറ്റൽ കറൻസികൾ സ്വീകരിക്കുന്നത് പരിഗണിക്കുന്ന വേളയിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.  ബഹാമാസ്, ജമൈക്ക, നൈജീരിയ എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം അത്തരം കറൻസികൾ പുറത്തിറക്കിയിട്ടുണ്ട്.ക്രിപ്റ്റോ കറൻസികളെ രാജ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നില്ലെങ്കിലും പല രാജ്യങ്ങളും അവയിലേക്ക് സാമ്പത്തിക ഇടപാടുകൾ മാറ്റുന്നുണ്ട്. എൽ സാൽവഡോറിൽ ബിറ്റ് കോയിൻ ഒഫിഷ്യൽ കറൻസിയാണ്. എൽ സാൽവഡോർ ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കും എന്ന പ്രസ്‍താവനയിറക്കി ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡോളറിന് പകരക്കാരനെ അന്വേഷിക്കുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് ഇത് സ്വീകാര്യമാകുമോ?

ബ്രിക്സ് രാജ്യങ്ങളുടെ അജണ്ട

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്ന് സ്ഥാപിച്ച സംഘടനയായ ബ്രിക്സിൽ ഇപ്പോൾ ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളും ചേർന്നിട്ടുണ്ട്. പൊതുവായ ഒരു കറൻസി ബ്രിക്സ് രാജ്യങ്ങളുടെ ഒരു അജണ്ടയാണ്. ഡോളറിനെ  തഴയലാണ് പ്രധാന ലക്‌ഷ്യം.എന്നാൽ ഏതു കറൻസിയാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾ ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഒരു ഡിജിറ്റൽ കറൻസി ആയിരിക്കും പൊതു കറൻസി ആയി ഉപയോഗിക്കുക എന്ന സൂചനകളുണ്ട്.

ഡീ-ഡോളറൈസേഷൻ തന്ത്രത്തിൻ്റെ ഭാഗമായി, എല്ലാവർക്കും സ്വീകാര്യമായ ബ്രിക്സ് കറൻസിയെ കുറിച്ചുള്ള  ചർച്ചകൾ പുരോഗമിക്കുകയാണ്.  രാജ്യാന്തര  സാമ്പത്തിക ഇടപാടുകൾക്കുള്ള പ്രാഥമിക കറൻസിയായി ഡോളറിന് പകരം വയ്ക്കാൻ അധികം താമസിയാതെ ഒരു കറൻസി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരയുദ്ധവും, ചൈനയ്ക്കും റഷ്യയ്ക്കും മേലുള്ള യുഎസ് ഉപരോധവും ഈ ചർച്ചകൾക്ക് ചൂട് കൂട്ടുകയാണ്. അതിനിടയ്ക്കാണ് ബ്രിക്സ് രാജ്യങ്ങളുമായി വ്യാപാരത്തിന് ക്രിപ്റ്റോ കറൻസി ഉപയോഗിക്കുമെന്ന പ്രസ്താവനയുമായി എൽസാൽവഡോർ വന്നിരിക്കുന്നത്. എൽസാൽവഡോറിന് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ  ചേരണമെന്ന് താത്പര്യമുണ്ടെന്ന സൂചനകളുമുണ്ട്. എൽ സാൽവഡോർ  ഇപ്പോൾ ബിറ്റ് കോയിൻ ബോണ്ടുകളും ഇറക്കാൻ പോകുകയാണ്.

ക്രിപ്റ്റോ കറൻസിയിൽ ശമ്പളം നൽകുന്നതിൽ തെറ്റില്ലെന്ന് ദുബായ് കോടതി 

A person uses a cell phone to pay with Bitcoins during the Latin Bitcoin conference (LABITCONF) in San Salvador, on November 18, 2021. (Photo by Sthanly ESTRADA / AFP)
A person uses a cell phone to pay with Bitcoins during the Latin Bitcoin conference (LABITCONF) in San Salvador, on November 18, 2021. (Photo by Sthanly ESTRADA / AFP)

ഡിജിറ്റൽ കറൻസികൾക്ക് സ്വീകാര്യത കൂടുന്ന ഈ സമയത്ത് ക്രിപ്റ്റോ കറൻസിയിൽ ശമ്പളം കൊടുക്കുന്നതിൽ തെറ്റില്ല എന്ന് വിധിച്ചിരിക്കുകയാണ് ദുബായ് കോടതി. ശമ്പളം നൽകാതിരിക്കുകയും, പിരിച്ചു വിടുകയും ചെയ്തതിനെ തുടർന്ന് ഒരു ജീവനക്കാരൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിലാണ് വിധി വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കാൻ പല രാജ്യങ്ങളും മടിക്കുന്ന ഈ സമയത്ത്, ദുബായ് കോടതി വിധിക്ക് വലിയ പ്രസക്തിയുണ്ട്. 

 ക്രിപ്റ്റോ കറൻസികൾക്ക് പൊതു ചട്ടക്കൂട് ഇല്ലെങ്കിലും, പല രാജ്യങ്ങളും ഷോപ്പിങ്ങും, പണമിടപാടുകളും, ശമ്പള വിതരണവും ക്രിപ്റ്റോ കറൻസികളിൽ നടക്കുന്നുണ്ട്. ബിറ്റ് കോയിൻ പോലുള്ള മുൻനിര ക്രിപ്റ്റോ കറൻസികൾ അല്ലാത്തവയിൽ ശമ്പളം ലഭിക്കുന്നതിൽ ചില അപകടങ്ങൾ ഉണ്ട്. ഓരോ ദിവസവും, ഓരോ മണിക്കൂറിലും ചാഞ്ചാടുന്ന വിലകളുള്ള ക്രിപ്റ്റോകളിൽ ചില ദിവസങ്ങളിൽ വില കുറഞ്ഞിരിക്കുന്ന സമയത്ത് ശമ്പളം ലഭിച്ചാൽ സാധാരണ ലഭിക്കുന്ന ശമ്പളം ലഭിക്കാതെയാകും എന്ന പ്രശ്നമുണ്ടാകാറുണ്ട്. 

ബിറ്റ് കോയിൻ സൃഷ്ടാവിനെ വെളിപ്പെടുത്തി HBO ഡോക്യുമെൻ്ററി

ബിറ്റ് കോയിൻ ആരാണ് ഉണ്ടാക്കിയത് എന്നത് ലോകത്തിലെ വലിയ നിഗൂഢതയാണ്. അതിനു ഉത്തരമായി പുതിയ HBO ഡോക്യുമെൻ്ററി, ബിറ്റ്‌കോയിൻ്റെ സ്രഷ്ടാവ് സതോഷി നകമോട്ടോയുടെ യഥാർത്ഥ ഐഡന്റിറ്റി പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. ബിറ്റ്‌കോയിൻ ഗവേഷകനായ പീറ്റർ ടോഡ് യഥാർത്ഥത്തിൽ സതോഷിയാണെന്ന് 'മണി ഇലക്ട്രിക്: ദി ബിറ്റ്‌കോയിൻ മിസ്റ്ററി'  എന്ന HBO  ഡോക്യുമെൻ്ററി അവകാശപ്പെടുന്നു.

ആരാണ് ടോഡ്? 

39 കാരനായ കനേഡിയൻ സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് ടോഡ്. ബിറ്റ്കോയിൻ്റെയും മറ്റ് ക്രിപ്റ്റോ, ബ്ലോക്ക്ചെയിൻ സോഫ്റ്റ് വെയറിന്റെയും  ഒരു പ്രധാന ഡവലപ്പറായി ടോഡ് അറിയപ്പെടുന്നു. ബിറ്റ്‌കോയിൻ്റെ ആദ്യ വർഷങ്ങളിൽ ടോഡ് പൂർണമായും ഇതിൽ സഹകരിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ആദ്യകാല ബിറ്റ്‌കോയിൻ പ്രവർത്തകരായ  ഹാൽ ഫിന്നിയുമായും  ആദം ബാക്കുമായും താൻ കൗമാരപ്രായത്തിൽ ഇടപഴകാൻ തുടങ്ങിയതാണെന്ന് ടോഡ് സമ്മതിച്ചിട്ടുണ്ട്. തൻ്റെ ആദ്യത്തെ ബിറ്റ്കോയിൻ  20 സെൻ്റായപ്പോൾ വാങ്ങിയതായി അദ്ദേഹം അവകാശപ്പെടുന്നു.

2011-ൽ കാണാതാകുന്നതിന് മുമ്പ് നകാമോട്ടോയുമായി ആശയവിനിമയം നടത്തിയതായി പരസ്യമായി പറഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. ന്യൂയോർക്ക് മാഗസിൻ അനുസരിച്ച്, 2010 ഡിസംബർ 10-ന് ടോഡ് ബിറ്റ്കോയിൻ ബ്ലോഗിൽ ബിറ്റ്കോയിൻ ഇടപാട് ഫീസിനെക്കുറിച്ചുള്ള സതോഷിയുടെ ഒരു പോസ്റ്റിനോട് പ്രതികരിച്ചു.

2014 ജൂലൈ മുതൽ ടോഡ്, കോയിൻകൈറ്റിലെ ബിറ്റ്കോയിൻ കോർ ഡവലപ്പറാണ്. 2015 മുതൽ ഡിജിറ്റൽ ശേഖരണ പ്ലാറ്റ്‌ഫോമായ വെരിസാർട്ടിൻ്റെ ബോർഡ് ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടോഡ് നിലവിൽ ഓപ്പൺ സോഴ്‌സ് ബിറ്റ്‌കോയിൻ വാലറ്റിലെ ഡാർക്ക് വാലറ്റിൻ്റെയും ഡിജിറ്റൽ കറൻസി, കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോൾ മാസ്റ്റർകോയിൻ്റെയും മുഖ്യ ശാസ്ത്രജ്ഞനാണ്.

image Credit: BlackJack3D/istockphoto.com
image Credit: BlackJack3D/istockphoto.com

അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെ തലസ്ഥാനം ആക്കും

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിജയം ക്രിപ്റ്റോകറൻസികളെ ഉയർത്തുമെന്നുള്ള  നിക്ഷേപകരുടെ വിശ്വാസം ശരിയാകുന്നുവെന്നാണ് സ്ഥിതിഗതികൾ കാണിക്കുന്നത്. അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെ 'തലസ്ഥാനം' ആക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.  തന്ത്രപരമായ ബിറ്റ്കോയിൻ ശേഖരം സൃഷ്ടിക്കുന്നതിനും ക്രിപ്റ്റോകറൻസി വിപണിയെ പിന്തുണയ്ക്കുന്ന റെഗുലേറ്ററി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ട്രംപ് ശ്രമിക്കും എന്ന് സൂചനയുണ്ട്.  

ഫിയറ്റ് കറൻസികളിൽ വിശ്വാസം നഷ്ടപ്പെടുന്നു, അമേരിക്കയുടെ കൊടും കടത്തിന് പരിഹാരം ബിറ്റ് കോയിൻ! ഇലോൺ മസ്‌ക്

തെരഞ്ഞടുപ്പ് ചൂടിനിടെ അമേരിക്കയിൽ ബിറ്റ് കോയിൻ ചൂടും കൂടുകയാണ്. അമേരിക്കയുടെ പിടിച്ചാൽ കിട്ടാതെ വളരുന്ന കടം കുറക്കാൻ ബിറ്റ് കോയിൻ സഹായിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ഇലോൺ മസ്ക്." കടം ഇപ്പോൾ 35.7  ട്രില്യൺ ഡോളറായി,  കടത്തിൻ്റെ പലിശ മാത്രം ഫെഡറൽ നികുതി വരുമാനത്തിൻ്റെ 23 ശതമാനം വരുന്നുണ്ട് " മസ്‌ക് പറഞ്ഞു. ഇത് പ്രതിരോധ വകുപ്പിൻ്റെ ഭീമമായ ബജറ്റിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  അമേരിക്കയെ  സംബന്ധിച്ചിടത്തോളം, ഇത് ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന്  മസ്ക് പറഞ്ഞു.

ഇലോൺ മസ്‌ക്കും , ട്രംപും ചേർന്ന് ക്രിപ്റ്റോ കറൻസികളിൽ ഒരു തേരോട്ടം നടത്തുമെന്ന പ്രതീതിയാണ് 2024 കഴിയുന്ന ഈ സമയത്ത് നിക്ഷേപകർക്ക് ഉണ്ടാകുന്നത്. എന്നാൽ ക്രിപ്റ്റോ കറൻസികൾ ഡി ഡോളറൈസേഷൻ  പ്രവണതയിലേക്ക് നയിക്കുമോ എന്ന ഭയം ട്രംപിന് ഉണ്ടായാൽ വീണ്ടും ഇവയെ പിന്തുണക്കുമോ എന്ന് 2025 ൽ കാത്തിരുന്നു കാണേണ്ടി വരും.

English Summary:

Explore the major cryptocurrency events of 2024, from Bitcoin's price surge to Trump's pro-crypto stance and BRICS' de-dollarization efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com