ഓഹരി വിപണിയിൽ കരടികളുടെ തേരോട്ടം
Mail This Article
കൊച്ചി∙ ആഴ്ചയിലെ എല്ലാ വ്യാപാരദിനങ്ങളിലും നഷ്ടം നേരിട്ടതോടെ സെൻസെക്സ് 4,091 പോയിന്റും നിഫ്റ്റി 1,200 പോയിന്റും ഇടിഞ്ഞു. ആഴ്ചകളിലെ കണക്കുകൾ നോക്കിയാൽ 2.5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ ആഴ്ചയിലെ മൂന്നു വ്യാപാരദിനത്തിലും സെൻസെക്സിന് 1000 പോയിന്റിലേറെയാണു നഷ്ടം. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനയങ്ങളാണ് ഓഹരി വിപണികളിൽ ചോരപ്പുഴയൊഴുകാൻ കാരണം. ഇന്നലെ സെൻസെക്സ് 1176 പോയിന്റും നിഫ്റ്റി 364 പോയിന്റും ഇടിഞ്ഞു. വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരികളുടെ വിൽപന തുടരുകയാണ്.
കമ്പനികളുടെ മോശം പാദഫലങ്ങളും നഷ്ടത്തിന്റെ തീവ്രത കൂട്ടി. 10 വർഷ യുഎസ് ട്രഷറി ബോണ്ടുകളുടെ വരുമാനം മികച്ച നിലയിലേക്ക് ഉയരുന്നതും ഡോളർ അനുദിനം കരുത്താർജിക്കുന്നതും വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിൽ നിന്നു പിന്തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. 5 ദിവസത്തെ ഇടിവിൽ നിക്ഷേപകരുടെ ആസ്തിയിൽ നിന്നു ചോർന്നത് 18.43 ലക്ഷം കോടി രൂപയാണ്. ഏഷ്യൻ, യൂറോപ്യൻ വിപണികളിലും ഇടിവാണ്. അതേസമയം, കഴിഞ്ഞദിവസം ഡോളറിനെതിരെ 85.13 ലേക്ക് ഇടിഞ്ഞ രൂപ ഇന്നലെ 9 പൈസ തിരിച്ചുകയറി. ഡോളറിനെതിരെ 85.04 ആണ് രൂപയുടെ ഇന്നലത്തെ മൂല്യം. റിസർവ് ബാങ്കിന്റെ ഇടപെടലാണ് രൂപയ്ക്കു തുണയായത്.