ഇന്ന് നേട്ടമെടുത്തെങ്കിലും നാളത്തെ ഫെഡ് മിനുട്സ് ആരെയൊക്കെ ക്ഷീണിപ്പിക്കും?
Mail This Article
ഇന്ത്യയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ച വാർത്തയും പൊതു മേഖല ബാങ്കുകളുടെ മൂന്നാം പാദത്തിലെ വായ്പവളർച്ചതോത് കുറഞ്ഞു പോയതും ഇന്നലെ ഇന്ത്യൻ വിപണിക്ക് അതിവീഴ്ച നൽകിയെങ്കിലും ഇന്ന് തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 23800 പോയിന്റിലെ കടമ്പ കടക്കാനാകാതെ പോയ നിഫ്റ്റി 23637 പോയിന്റിൽ പിന്തുണ നേടിയ ശേഷം 23707 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 78199 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്കിങ്,മെറ്റൽ സെക്ടറുകളുടെ തിരിച്ചു വരവാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. ഡിഫൻസ്, ഫാർമ, ഇൻഷുറൻസ്, സിമന്റ്, റിയൽ എസ്റ്റേറ്റ്, വളം, സ്വർണം, ക്രൂഡ് ഓയിൽ, ഇവി, ആർഇ, ആൽക്കഹോൾ സെക്ടറുകളും ഇന്ന് നേട്ടമുണ്ടാക്കി.
റിലയന്‍സിന്റെയും, അദാനിയുടെയും, ഐസിഐസിഐ ബാങ്കിന്റെയും, ഏഷ്യൻ പെയിന്റ്‌സിന്റെയും, ടാറ്റ മോട്ടോഴ്‌സിന്റെയും മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
മെറ്റൽ ഓഹരികൾ
കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിൽക്കുന്ന ഇന്ത്യൻ മെറ്റൽ സെക്ടറിൽ ഇന്ന് വാങ്ങൽ വന്നത് മെറ്റൽ ഓഹരികൾക്ക് പ്രതീക്ഷയാണ്. ഹിൻഡാൽകോയ്ക്ക് ജെഫെറീസ് 800 രൂപ ലക്ഷ്യവിലയിട്ടത് ഓഹരിക്ക് 2% വരെ മുന്നേറ്റം നൽകി. നാഷണൽ അലുമിനിയം 2%ൽ കൂടുതലും മുന്നേറി.
വളം ഓഹരികൾ
മൂന്നാം പാദത്തിൽ ഇന്ത്യൻ വളം ഉല്പാദനക്കമ്പനികൾ മികച്ച വിറ്റുവരവ് നേടിയെന്ന സൂചനകളും പ്രഖ്യാപിച്ചതിൽ കൂടുതൽ സബ്‌സിഡികൾ ഇനിയും പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയും വളം ഓഹരികൾക്കും ഇന്ന് മുന്നേറ്റം നൽകി. ആർസിഎഫ് ഇന്ന് 7%ൽ കൂടുതൽ മുന്നേറിയപ്പോൾ നാഷണൽ ഫെർട്ടിലൈസറും യൂപിഎല്ലും ചമ്പൽ ഫെർട്ടിലൈസറും 4%ൽ കൂടുതലും നേട്ടമുണ്ടാക്കി.
ഫെഡ് മിനുട്സ്
അമേരിക്കൻ ടെക്ക് ഓഹരികൾ ടെസ്ലയുടെയും, എൻവിഡിയയുടെയും നേതൃത്വത്തിൽ മികച്ച കുതിപ്പാണ് തുടരുന്നത്. ജപ്പാനും ചൈനയും ഇന്ത്യയുമടക്കമുള്ള ഏഷ്യൻ വിപണികൾ ഇന്ന്നേ ട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ജാപ്പനീസ് നിക്കി 2%ൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളെ ഫെഡ് മിനുട്സ് വരാനിരിക്കുന്നതും, ഫെഡ് അംഗങ്ങൾ സംസാരിക്കാനുള്ളതും ഡോളറിന് മുന്നേറ്റം നല്കിയേക്കുമെന്ന ഭയം അമേരിക്കൻ വിപണിക്കും, സ്വർണത്തിനും, ഇന്ത്യൻ രൂപ അടക്കമുള്ള നാണയങ്ങൾക്കും ക്ഷീണമാണ്. ഫെഡ് അംഗങ്ങളുടെ നിരക്ക് കുറയ്ക്കലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് വിപണി.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ 76.60 ഡോളറിലേക്ക് മുന്നേറിയത് ഓയിൽ ഓഹരികൾക്ക് അനുകൂലമാണ്. ഇന്ത്യൻ ഓയിൽ ഓഹരികളും ഇന്ന് മുന്നേറ്റം കുറിച്ചു.
നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളെക്കുറിച്ചുള്ള സൂചനകളും, ഫെഡ് മിനുട്സും, ഡോളറിന്റെ ചാഞ്ചാട്ടങ്ങളും ക്രൂഡ് ഓയിൽ വിലയേയും സ്വാധീനിക്കും.
നാളത്തെ റിസൾട്ടുകൾ
ട്രിൽ, ആദർശ് മെർക്കന്റൈൽ, വിവിഡ് മെർക്കന്റൈൽ എന്നീ ഓഹരികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വ്യാഴാഴ്ചയാണ് ടിസിഎസ്സും, ടാറ്റ എൽഎക്‌സിയും റിസൽറ്റുകൾ പ്രഖ്യാപിക്കുന്നത്.
ബുധനാഴ്ചത്തെ എക്സ്-ഡേറ്റുകൾ
എഎ പ്ലസ് ട്രേഡ് ലിങ്ക്, ജൂലിയൻ അഗ്രോ, ജാഗ്‌സൻപാൽ, കാമധേനു മുതലായ ഓഹരികളുടെ എക്സ്-സ്പ്ലിറ്റ് തീയതി നാളെയാണ്.
പാഠം കോട്ടൺ യാൺസ്, അൽഗോക്വാണ്ട് ഫിൻടെക്ക്, എന്നിവയുടെ എക്സ്-ബോണസ് തീയതിയും നാളെയാണ്. ശ്രീറാം ഫിനാൻസിന്റെ 5:1 എക്സ് ബോണസ് തീയതി വെള്ളിയാഴ്ചയാണ്.
ടാറ്റ പഞ്ച്
അംബാസഡറിനും, പ്രീമിയർ പദ്മിനിക്കും ശേഷം 1985 മുതൽ 2004 വരെ മാരുതി800, ശേഷം 2017 വരെ ആൾട്ടോയും, പിന്നീട് ഡിസയറും, സ്വിഫ്റ്റും കൈയാളിയ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വില്പന നടത്തിയ കാർ എന്ന സ്ഥാനമാണ് 2024ൽ ടാറ്റ മോട്ടോഴ്സ് പഞ്ച് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ് 2021ൽ പുറത്തിറക്കിയ ടാറ്റ പഞ്ച് 202031 എണ്ണമാണ് കഴിഞ്ഞ കൊല്ലം വില്പന നടന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക