എത്ര പൊടിയിട്ടിട്ടും ചായയ്ക്കും, കാപ്പിയ്ക്കും കടുപ്പമില്ലേ? പക്ഷേ മത്സരത്തിന് നല്ല 'കടുപ്പം', ഉൻമേഷം കിട്ടുമോ
Mail This Article
ഒരു ഉണർവിന് ഇടയ്ക്കിടെ കാപ്പിയോ, ചായയോ കുടിക്കുന്നവരാണ് മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ ഇപ്പോൾ കാപ്പിയും, ചായയും ഉണ്ടാക്കുമ്പോൾ എത്ര പൊടി കൂട്ടിയിട്ടാലും വേണ്ട കടുപ്പം വരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ? ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഒരു കപ്പ് കാപ്പിക്ക് എന്ന് കമ്പനികൾ നിർദേശിക്കുമ്പോൾ രണ്ടു വർഷം മുൻപ് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഇട്ടിരുന്നപ്പോൾ കിട്ടിയ രുചി ഇപ്പോൾ എന്തുകൊണ്ടാണ് ലഭിക്കാത്തത്?
ഇതുമൊരു ബിസിനസ് തന്ത്രം
മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ കമ്പനികൾ ബവ്റേജ്‌സ് മേഖലയിലേക്ക് എത്തിയതാണ് 'കടുപ്പം' കുറയാൻ ഒരു കാരണം. കടുത്ത മത്സരത്തിൽ പിടിച്ചു നില്ക്കാൻ ആഗോള ബ്രാൻഡുകൾ വരെ ഗുണനിലവാരം കുറച്ചാണ് ഇന്ത്യയിൽ വിൽക്കുന്നത്. ചെറു ഗ്രാമങ്ങളിൽ നിന്ന് പോലും പുതിയ കോഫി, ടീ സ്റ്റാർട്ടപ്പുകൾ തലപൊക്കുമ്പോൾ ഇന്ത്യയിൽ വർഷങ്ങളായി ആധിപത്യം സ്ഥാപിച്ചിരുന്ന വൻകിടക്കാർക്ക് പോലും വില്പന കൂട്ടാൻ സാധിക്കാത്ത അവസ്ഥയാണ്. പ്രീമിയം ഉത്പന്നങ്ങൾ ചെറുകിടക്കാർ വൻ വിലയിൽ വിൽക്കുമ്പോൾ ചായയുടെയും, കാപ്പിയുടെയും ഗുണത്തിന് പ്രാധാന്യം നൽകുന്ന നഗരങ്ങളിലെ ഉപഭോക്താക്കൾ അതിലേക്ക് മാറുകയാണ്. രുചിയുണ്ട് ഗുണമുണ്ട് ജൈവവുമാണ് എങ്കിൽ 'പൈസ പ്രശ്നമല്ല' എന്ന രീതിയിൽ ചിന്തിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരും, ന്യൂക്ലിയർ കുടുംബങ്ങളും 'പ്രീമിയം' ഉത്പന്നങ്ങളെ കൈയയച്ചു വളർത്തുന്നുണ്ട്.
വിലകളിലെ കളികൾ
ഇന്ത്യൻ ഉപഭോക്താക്കൾ അങ്ങേയറ്റം വിലയോട് പ്രതികരിക്കുന്നവരായതിനാൽ വിലകളിലെ കളികളും കാപ്പി പൊടി, ചായപ്പൊടി ഗുണം കുറയാൻ കാരണമാകുന്നുണ്ട്.10 രൂപ കുറവാണെങ്കിൽ കൂടി ആ ഉൽപ്പന്നത്തിന് ഡിമാൻഡ് കൂടുന്ന വിപണിയാണ് ഇന്ത്യയിലേത് .വില കുറയുമ്പോൾ ഗുണവും കുറക്കുന്നുണ്ട് എന്ന കാര്യം പലപ്പോഴും തിരിച്ചറിയാറില്ല. വില കുറവായതിനാൽ ഒരു കിലോ ഇൻസ്റ്റന്റ് കാപ്പിപ്പൊടി വാങ്ങി ചെലവ് ചുരുക്കാൻ നോക്കുന്ന വീട്ടമ്മമാർക്കാണ് ഏറ്റവും പണി കിട്ടുന്നത്. വില കുറയുമ്പോൾ ഒരു ടീസ്പൂണിന് പകരം രണ്ടു ടീസ്പൂൺ ഇടേണ്ട അവസ്ഥയുണ്ട് എന്ന് ചുരുക്കം. നാല് ടീസ്പൂൺ ചായപൊടി ഇട്ടാൽ പോലും 'അനങ്ങി കൊടുക്കാത്ത പാലിനെയും വെള്ളത്തിനേയും' എങ്ങനെ മെരുക്കണമെന്ന് യു ട്യൂബിൽ തിരയുന്നവരും കുറവല്ല. ഹോട്ടൽ പായ്ക്കുകൾ വീടുകളിൽ വാങ്ങി പരീക്ഷണം നടത്തുന്നവരും ഉണ്ട്. അരക്കിലോ ഇൻസ്റ്റന്റ് കാപ്പിപ്പൊടിയുടെ 'സൂപ്പർ സ്ട്രോങ്ങ്' പാക്കിന്റെ വില 750 രൂപയാണെങ്കിൽ അത് ഒരു കിലോയ്ക്ക് 'സൂപ്പർ സ്‌ട്രോങ്' ടാഗ് ഇല്ലാതെ വരുമ്പോൾ 900 രൂപക്ക് വരെ ക്വിക്ക് ഡെലിവറി കമ്പനികൾ മത്സരിച്ച് വിൽക്കുന്നുണ്ട്.
മാറുന്ന ബിസിനസ് തന്ത്രങ്ങൾ
'മൾട്ടിനാഷണൽ' കമ്പനി എന്ന ബ്രാൻഡ് ഐഡന്റിറ്റി പോലും കമ്പനികളെ തുണയ്ക്കാത്ത ഈ കാലഘട്ടത്തിൽ, ഉത്പന്നങ്ങളുടെ നിലവാരം കുറക്കുക, വില കൂട്ടാതെ കുറഞ്ഞ തൂക്കം സാധനങ്ങൾ നൽകുക തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ പഴയ പലചരക്ക് കടക്കാരുടെ തന്ത്രങ്ങൾ വലിയ കമ്പനികളും ഇപ്പോൾ പുറത്തെടുക്കുകയാണ്. ഓരോ പാദത്തിലും വില്പന കൂടിയില്ലെങ്കിൽ കമ്പനിയുടെ ഓഹരി വില കുറയുമെന്ന തലവേദനയുള്ളതിനാൽ വില്പന കൂട്ടാതെ പറ്റില്ല എന്ന കടുംപിടുത്തം വൻ കമ്പനികൾക്കുണ്ട്.
കാപ്പിയുടെയും ചായയുടെയും ഉല്പാദനം ആഗോളതലത്തിൽ തന്നെ കുറയുന്നതാണ് പുതിയ തന്ത്രങ്ങൾ മെനയാൻ കമ്പനികളുടെ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യം. ശരിക്കുമുള്ള കാപ്പിയും, ചായയുമല്ലാതെ 'ഗ്രീൻ ടീ ' പോലുള്ള ഉത്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് കമ്പനികൾ ബിസിനസ് വളർത്താൻ നോക്കുന്നുണ്ട്. പല മരുന്ന് ചെടികളും കാപ്പിപ്പൊടിയേക്കാൾ കൂടുതൽ 'കാപ്പിപ്പൊടി പാക്കറ്റിൽ' കയറി പറ്റുന്നത് അങ്ങനെയാണ്. മുൻകാലങ്ങളിൽ ഇൻസ്റ്റന്റ് കാപ്പി കുടിച്ചിരുന്നവർ 'പണക്കാർ' ആയിരുന്നെങ്കിൽ ഇന്ന് ഏതു സാധാരണക്കാരനെയും ഇതിലേക്കാകർഷിക്കാൻ 2 രൂപ, 5 രൂപ സാഷേകൾ മിക്ക കമ്പനികൾക്കുമുണ്ട്. ദീപാവലി, ദസറ, ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ഉപഭോക്താക്കൾക്ക് സാധാരണയായി 'ഗിഫ്റ്റ് ബോക്സുകൾ' ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ കൊടുക്കുമ്പോൾ അതിലും ചായ, കാപ്പി കമ്പനികൾ അവസരങ്ങൾ കണ്ടെത്തുന്നു.