'ഒരു സംരംഭകനും കേരളത്തിലെ ബിസിനസ് പൂട്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകില്ല' കേരളാ ബ്രാന്‍ഡ് പച്ചക്കറി, സിനിമാ പാർക്ക് - ഡോ. എ വി അനൂപിന് പദ്ധതികളേറെ
Mail This Article
ചെന്നൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന വ്യക്തിയാണെങ്കിലും കേരളത്തിലെ നിരവധി ബിസിനസുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് താനെന്ന് മെഡിമിക്‌സ് ഉള്‍പ്പടെയുള്ള ജനകീയ ബ്രാന്‍ഡുകളുടെ അമരക്കാരനായ അദ്ദേഹം പറയുന്നു. സഞ്ജീവനം ആയുര്‍വേദം, മേളം മസാല തുടങ്ങി നിരവധി ബിസിനസുകള്‍ക്കൊപ്പം കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാഗമാണ് എ വി അനൂപ്. ശ്രീനാരായണ മെഡിക്കല്‍ കോളജും അതിലുള്‍പ്പെടും.
കേരളത്തിന്റെ വ്യാവസായിക മാപ്പില്‍ എന്തെല്ലാമാണ് ഉള്ളതെന്നും എന്തെല്ലാമാണ് ഇവിടുത്തെ സാധ്യതകളെന്നും തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്കകത്ത് ഏത് സംസ്ഥാനമാണെങ്കിലും പുറമെ നിന്ന് നിക്ഷേപിക്കാന്‍ വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവിടങ്ങളിലെയെല്ലാം സാഹചര്യങ്ങള്‍ ഏറെക്കുറേ സമാനമാണ്. ഓരോ പ്രദേശത്തിനും അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മാത്രം.
കഴിഞ്ഞ 10 വര്‍ഷത്തോളമായി കേരളത്തില്‍ മേളം ഫാക്റ്ററിയുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തുന്നു. വളരെ സുഗമമായാണ് അത് മുന്നോട്ട് പോകുന്നത്. എടുത്ത് പറയാനായി മോശം അനുഭവങ്ങളൊന്നുമില്ല. വ്യാവസായ സംരംഭം ആരംഭിക്കുന്നതിന് അനുയോജ്യമായ പ്രദേശം തന്നെയാണ് കേരളം, അതില്‍ സംശയമില്ല-ഡോ. അനൂപ് പറയുന്നു.
കേരളം ചെയ്യേണ്ടത്
'നമുക്ക് ലഭ്യമായ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്നൊവേറ്റിവ് ആയ ആശയങ്ങള്‍ ലോക വിപണിയില്‍ എങ്ങനെ വില്‍ക്കാം എന്നതാകണം ചിന്തിക്കേണ്ടത്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണമാണ്. മേളം, മെഡിമിക്‌സ് എല്ലാം വിദേശരാജ്യങ്ങളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. സഞ്ജീവനം വഴി ഇങ്ങോട്ട് ആളുകള്‍ എത്തുന്നുമുണ്ട്.'
വേണം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍
ആയുര്‍വേദം, ഭക്ഷ്യസംസ്‌കരണം പോലുള്ള മേഖലകളെ സംബന്ധിച്ച് ആദ്യം സാധ്യതകള്‍ വ്യക്തമായി മനസിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിലുള്ള കേരളത്തിന്റെ ആയുര്‍വേദ വിപണി മറ്റ് പല മേഖലകളിലെ കമ്പനിയുടെ വിറ്റുവരവിന്റെ 10 ശതമാനം പോലുമില്ല ഇപ്പോള്‍. പക്ഷേ വലിയ സാധ്യതയുണ്ട് താനും. ആയുര്‍വേദം ഉള്‍പ്പെടുത്തിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനാണ് ശ്രമങ്ങള്‍ വേണ്ടത്. കൂടുതല്‍ വിദേശരാജ്യങ്ങളില്‍ ആയുര്‍വേദത്തിന് അംഗീകാരം കിട്ടാനുള്ള ശ്രമം നടത്തുകയും വേണം.
ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളത്. കേരളം പ്രകൃതി സൗന്ദര്യത്താല്‍ സമ്പല്‍ സമൃദ്ധമാണ്. കേരളം എങ്ങനെയാണോ അതുപോലെ നിലനിര്‍ത്തിയാല്‍ മാത്രം മതി ഈ രംഗം കുതിച്ചുവളരാന്‍.
കേരളത്തില്‍ നിന്ന് പുറത്തു ബിസിനസ് ചെയ്യാനും മറ്റുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പോയവര്‍ ആ കാലവുമായാകും ചിലപ്പോള്‍ കേരളത്തെ ഇപ്പോഴും താരതമ്യം ചെയ്യുക. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ.
എന്റെ അച്ഛന്റെ മരണമാണ് ഞാന്‍ ഇവിടം വിട്ട് പോകാന്‍ കാരണം. എനിക്ക് 19 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അദ്ദേഹം കേരള ഫിഷറീസ് വകുപ്പിലെ ഡയറക്റ്ററായിരുന്നു. അതിനാല്‍ തന്നെ എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടുമായിരുന്നു. എന്നാല്‍ ആ ജോലി കിട്ടുന്നതിന് മുമ്പ് ഒരുപാട് പേപ്പറുകള്‍ ശരിയാക്കണം. അതിന് വേണ്ടി അലഞ്ഞിട്ടുള്ള തിക്താനുഭവങ്ങളാണ് എന്നെ സംരംഭകനാക്കിയത്. പക്ഷേ ഇന്ന് സാഹചര്യങ്ങളെല്ലാം മാറി.
വ്യവസായ വകുപ്പും ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് മിഷനുമെല്ലാം വളരെ സജീവമാണിന്ന്. രാഷ്ട്രീയപരമായിട്ടോ, ജനങ്ങളുടെ പിന്തുണക്കോ ഒന്നും ഒരു കുറവുമില്ല, വ്യവസായത്തെ സംബന്ധിച്ചിടത്തോളം.
വലിയ ഇന്‍ഡസ്ട്രി തുടങ്ങാനുള്ള സ്ഥലം കിട്ടാനില്ല എന്നത് മാത്രമാണ് കേരളത്തെ സംബന്ധിച്ചുള്ള പരിമിതി. പ്രകൃതി അനുഗ്രഹിച്ച ഭൂമി ആയതിനാല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നതും കണക്കിലെടുക്കണം. അതൊക്കെ ശ്രദ്ധിച്ച് വേണം ഇവിടെ വ്യവസായം ആരംഭിക്കാന്‍. ഐടി, ആയുര്‍വേദം പോലുള്ള മേഖലകളിലെല്ലാം ആ വിഷയമില്ല എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്.
കേരള ബ്രാന്‍ഡ് പച്ചക്കറി
കേരളത്തിന്റെ ബ്രാന്‍ഡായി പച്ചക്കറി ഉല്‍പ്പാദനം മാറണമെന്നതാണ് എന്റെ ആഗ്രഹം. ഓരോ വീടിനെയും അതിന്റെ ഭാഗമാക്കണം. കേരളത്തിലൊരു കമ്പനിയുണ്ടാക്കി മറ്റ് സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ഏക്കറില്‍ കൃഷി ചെയ്ത് അത് ഇങ്ങോട്ട് കൊണ്ടുവരുന്ന രീതിയും ആവിഷ്‌കരിക്കാം. നമുക്കതിന് നല്ല സാധ്യതയുണ്ട്. കേരളത്തില്‍ ഭൂമിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യാമെന്ന സാധ്യതയെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.
സഞ്ജീവനം ഞാന്‍ തുടങ്ങിയത് ചെന്നൈയിലാരുന്നു. ്അവിടെ നല്ല രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെ ഐപി ഫെസിലിറ്റി ചെയ്തിട്ടില്ല. ആയുര്‍വേദം ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്നതേ, കേരളവുമായി കണക്റ്റ് ചെയ്താണ്. ആയുര്‍വേദ ബ്രാന്‍ഡ് കേരളത്തിന്റെ സ്വന്തമാണ്. ആയുര്‍വേദ ചികില്‍സയുടെ ഡെസ്റ്റിനേഷന്‍ കേരളം തന്നെയാണ്. ആ സാധ്യത മുതലെടുക്കണം.
കേരളത്തിലെ ബിസിനസ് പൂട്ടി പുറത്തേക്ക് പോകില്ല
എല്ലാ നിക്ഷേപവും കേരളത്തില്‍ തന്നെയാകണമെന്നില്ല. ഇവിടെ ചെയ്യാനുള്ളതെല്ലാം ചെയ്യും. പിന്നീടുള്ള സാധ്യതകള്‍ക്കനുസരിച്ച് മറ്റിടങ്ങളിലും ഇന്‍വെസ്റ്റ് ചെയ്യും-അതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു. മിക്ക സംരംഭകരുടെയും ചിന്താഗതി ഇതുപോലെ തന്നെയാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ നിലവിലുള്ള ബിസിനസ് പൂട്ടിക്കെട്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു സംരംഭകനും പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികളുടെ ഭാഗമായി പോകുന്നുണ്ടാകാം, അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വ്യഖ്യാനങ്ങളാകാം മറിച്ചുള്ള കാര്യങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ പദ്ധതികള്‍
സിനിമാ നിര്‍മാതാവ് കൂടിയായ എ വി അനൂപിന്റെ അടുത്ത പ്രധാന പദ്ധതി സിനിമയുമായി ബന്ധപ്പെട്ടാണ്. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട വലിയ പ്രൊജക്റ്റിന്റെ കരട് രേഖ അദ്ദേഹം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു സിനിമാ പാര്‍ക്ക് എന്ന തലത്തിലുള്ള പദ്ധതിയാണിത്. സിനിമാ നിര്‍മാണത്തിന് അനുയോജ്യമായ ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
എത്തും മെഡിമിക്‌സ് പേസ്റ്റ്
മെഡിമിക്‌സ് ഷാംപൂ ഇതിനോടകം വിപണിയിലെത്തിയിട്ടുണ്ട്. പുതിയതായി മെഡിമിക്‌സ് ടൂത്ത് പേസ്റ്റ് വിപണിയിലെത്തുമെന്നും എ വി അനൂപ് പറയുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business