ADVERTISEMENT

2025ന്റെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണ്ടും നഷ്ടം കുറിച്ചെങ്കിലും പുതുവർഷവാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച 24196 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ക്രമാനുഗതമായി വീണ് 24000 പോയിന്റിന് തൊട്ട് മുകളിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 720 പോയിന്റുകൾ നഷ്ടമാക്കി 79223 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. 

റിയൽറ്റി, മെറ്റൽ, ബാങ്കിങ് സെക്ടറുകളൊഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടമൊഴിവാക്കിയ കഴിഞ്ഞ ആഴ്ചയിൽ ഓട്ടോ മേഖലയുടെ 4% കൂടുതൽ മുന്നേറ്റമാണ് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് കളമൊരുക്കിയത്. എനർജി, എഫ്എംസിജി, ഫാർമ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ 2%ൽ കൂടുതൽ നേട്ടമുണ്ടാക്കി. 

മാരുതിയും, ഐഷർ മോട്ടോഴ്സും കഴിഞ്ഞ ആഴ്ചയിൽ 9%ൽ കൂടുതൽ മുന്നേറിയപ്പോൾ മഹിന്ദ്രയും, ടാറ്റ മോട്ടോഴ്സും, അശോക് ലെയ്‌ലാൻഡും 5%വും, ടിവിഎസ് മോട്ടോഴ്‌സ് 3.40%വും മുന്നേറി. ബജാജ് ഫിൻ ഇരട്ടകളും കഴിഞ്ഞ ആഴ്ചയിൽ 6%ൽ കൂടുതൽ നേട്ടമുണ്ടാക്കിയിരുന്നു.  

PTI07_03_2024_000209A

ഇനി വിപണിയുടെ നോട്ടം ബജറ്റിൽ തന്നെ 

ഇന്ത്യൻ വിപണി പതിയെ ഫെബ്രുവരി ഒന്നിലെ യൂണിയൻ ബജറ്റിലേക്ക് മാത്രമായി ലക്‌ഷ്യം ചുരുക്കി വരികയാണ്. നികുതി കാര്യങ്ങളിൽ ഇത്തവണ നിർമല സീതാരാമൻ കൂടുതൽ ഹൃദയാലുവാകുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ആദായനികുതി പരിധി ഉയർത്തുന്നതിനൊപ്പം, കോർപ്പറേറ്റ്-ആദായ നികുതികളിന്മേലും പുതിയ പരിഷ്കരണങ്ങൾ വിപണി പ്രതീക്ഷിക്കുന്നു. 

സംസ്ഥാന തെരഞ്ഞെടുപ്പ് വിജയങ്ങളോടെ കൂടുതൽ ആത്മവിശ്വാസം ആർജ്ജിച്ചു കഴിഞ്ഞ മൂന്നാം മോഡി സർക്കാർ ഡൽഹി, ബീഹാർ തെരഞ്ഞെടുപ്പുകളെകൂടി മുന്നിൽക്കണ്ടാകും ഇത്തവണ ബജറ്റ് തയാറാക്കുക. അതിനാൽ ഇടത്തരക്കാർക്കൊപ്പം കർഷകരും, കാർഷിക മേഖലയും ധനമന്ത്രിയുടെ ശ്രദ്ധയിൽ വരും.

ഇൻഫ്രാ, ഡിഫൻസ് മേഖലയിലെ വർദ്ധിച്ച നിക്ഷേപത്തിനൊപ്പം വ്യവസായിക മേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ട് വരുന്നതിനുള്ള പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കുന്നു.

രൂപയുടെ വീഴ്ച 

ട്രംപിന്റെ വിജയത്തിന് ശേഷം ഇന്ത്യൻ രൂപ ഡോളറിനെതിരെ വീഴ്ച തുടരുന്നത് ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്. ഒരു ഡോളറിന് 86.095 എന്ന ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് വീണ രൂപ 85.761 നിരക്കിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിച്ചതും, ഇന്ത്യൻ വിപണിയിൽ നിന്നും വിദേശഫണ്ടുകൾ പുറത്തേക്കൊഴുകുന്നതും രൂപയ്ക്ക് ക്ഷീണമാണ്. 

Image Credit: AjayTvm / shutterstockphoto.com.
Image Credit: AjayTvm / shutterstockphoto.com.

‘ട്രംപ്-2.0’ 20 മുതൽ 

ജനുവരി 20ന് ട്രംപ് അധികാരമേറ്റ് കഴിഞ്ഞാൽ ട്രംപും ഒപ്പം ഇലോൺ മസ്‌കും, വിവേക് രാമസ്വാമിയും അടക്കമുള്ള ‘പ്രസ്താവന ചാമ്പ്യ’ന്മാരും ചേർന്ന് ലോക വിപണിയെ തന്നെ വട്ടം കറക്കിക്കളയുമെന്നാണ് വിപണിവിദഗ്ധരുടെ അഭിപ്രായം. അമേരിക്കയുടെ നേട്ടത്തിനായി ചെയ്യുന്ന കാര്യങ്ങളുടെ തുടർപ്രതിഫലങ്ങളെ കുറിച്ചുള്ള യഥാർത്ഥ വിശകലനങ്ങൾ വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കും വഴിവയ്ക്കും. 

ചൈനയുടെ തായ്‌വാൻ നയങ്ങൾ ചൈനക്കെതിരെ ട്രംപ് കാര്യങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിലേക്ക് എത്തുന്നത് ഇന്ത്യൻ വിപണിക്ക് അവസരമായേക്കാം. വിവേക് രാമസ്വാമിക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി അഡ്വൈസർ ആയി ശ്രീറാം കൃഷ്ണൻ വന്നതും, വൈസ് പ്രസിഡന്റിന്റെ ഭാര്യ ഇന്ത്യൻ വംശജയാണെന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ എണ്ണ ശേഖരത്തിലെ വീഴ്ചയും, യുദ്ധവ്യാപനസാധ്യതയും മുന്നേറ്റം നൽകിയ ക്രൂഡ് ഓയിലിന് ബൈഡൻ അമേരിക്കൻ തീരങ്ങളിൽ എണ്ണ പര്യവേഷണവും ഖനനവും നിരോധിച്ചേക്കുമെന്ന വാർത്തയും വിലമുന്നേറ്റം നൽകിയേക്കാം. ബ്രെന്റ് ക്രൂഡ് ഓയിൽ ഒക്ടോബറിന് ശേഷം ആദ്യമായാണ് 76 ഡോളർ കടക്കുന്നത്.

വീണ്ടും ഭയം ചൈനയിൽ നിന്ന് 

ചൈന തായ്‌വാനെ ‘സ്വന്ത’മായി പ്രഖ്യാപിച്ചതും, പുതിയ വൈറസ് ബാധയുടെ വാർത്തകളും ചൈനയിൽ നിന്നു വരുന്നത് ലോക വിപണിക്ക് ക്ഷീണമാണ്. ട്രംപ് അധികാരത്തിൽ വരുന്നതിന് രാണ്ടാഴ്ച മാത്രം ശേഷിക്കെ ചൈന യുക്തമായ സമയത്തിനായി കാത്തിരിക്കുകയാണെന്ന് കരുതുന്നു.  

വെള്ളിയാഴ്ചയും ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടമുണ്ടാക്കിയ ചൈനീസ് വിപണിയുടെ അഞ്ച് സെഷനുകളിലായുള്ള നഷ്ടം 5%ൽ കൂടുതലാണ്

ക്രൂഡ് ഓയിൽ 

അമേരിക്കൻ എണ്ണ ശേഖരത്തിലെ വീഴ്ചയും, യുദ്ധവ്യാപനസാധ്യതയും മുന്നേറ്റം നൽകിയ ക്രൂഡ് ഓയിലിന് ബൈഡൻ അമേരിക്കൻ തീരങ്ങളിൽ എണ്ണ പര്യവേഷണവും ഖനനവും നിരോധിച്ചേക്കുമെന്ന വാർത്തയും വിലമുന്നേറ്റം നൽകിയേക്കാം. ബ്രെന്റ് ക്രൂഡ് ഓയിൽ ഒക്ടോബറിന് ശേഷം ആദ്യമായാണ് 76 ഡോളർ കടക്കുന്നത്.. 

Image : Shutterstock/deepadesigns
Image : Shutterstock/deepadesigns

ഓഹരികളും സെക്ടറുകളും 

∙ഇലക്ട്രോണിക്സ് & കംപ്യൂട്ടർ സോഫ്ട്‍വെയർ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ഇഎസ് സി) ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവിനായി (ഡിഎൽഐ) ശ്രമം നടത്തുന്നത് ഇലക്ട്രോണിക്സ് മേഖലക്ക് പ്രതീക്ഷയാണ്. വിറ്റുവരവിന്റെ 3%ൽ കൂടുതൽ ആർ&ഡിയിൽ മുടക്കുന്ന കമ്പനികൾക്കും നികുതിയിളവുകൾക്ക് വേണ്ടിയും ഇഎസ്സി ശ്രമം നടത്തുന്നുണ്ട്.

∙ബജറ്റ് ലക്‌ഷ്യം വച്ച് ഡിഫൻസ്, ഇൻഫ്രാ, ട്രാൻസ്മിഷൻ, സോളാർ-വിൻഡ് എനർജി, ബാറ്ററി ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. ഇൻഫ്രാ സെക്ടർ ഇത്തവണയും ബജറ്റിൽ വലിയ നേട്ടമുണ്ടാക്കിയേക്കും. റെയിൽ ഇൻഫ്രാ, എനർജി ട്രാൻസ്മിഷൻ ഇൻഫ്രാ, ഹൈഡ്രജൻ, ഗ്രീൻ എനർജി മേഖലകൾ റോഡ്, എയർപോർട്ട്-സീപോർട്ട് മേഖലക്കൊപ്പം കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നു.

∙ജെഫെറീസ് നാല് ഇൻഫ്രാ ഓഹരികളാണ് ബജറ്റിന് മുന്നോടിയായി തെരഞ്ഞെടുത്തത്. എച്ച്എഎൽ, തെർമാക്സ്, സീമെൻസ്, എൽ &ടി എന്നിവയാണ് ജെഫറീസിന്റെ ബജറ്റ് പിക്കുകൾ. വോൾട്ടാസിന് 2142 രൂപയും, ഡിക്‌സൺ ടെക്‌നോളജിക്ക് 22256 രൂപയുമാണ് നോമുറ ലക്‌ഷ്യം കാണുന്നത്.

∙എച്ച് 1-ബി വിസ വിഷയത്തിൽ ഡോണൾഡ് ട്രംപ് ഇന്ത്യക്ക് അനുകൂലമായ പ്രസ്‌താവന നടത്തിയത് ഇന്ത്യൻ ഐടിക്ക് പ്രതീക്ഷയാണ്. 

∙ഡോളറിനെതിരെ രൂപ വീഴുന്ന സാഹചര്യവും ഐടി കയറ്റുമതി ഓഹരികളെ സുരക്ഷിത മേഖലയായി മാറ്റുന്നു. ടാറ്റ കൺസൾട്ടൻസിയും, ടാറ്റ എൽഎക്‌സിയും അടുത്ത ആഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നതും ഇന്ത്യൻ ഐടി സെക്ടറിനും, മറ്റ് ടാറ്റ ഓഹരികൾക്കും പ്രധാനമാണ്. 

sensex-nifty

∙വെള്ളിയാഴ്ചത്തെ അമേരിക്കൻ ടെക്ക് ഓഹരികളുടെയും നാസ്ഡാക്കിന്റെയും കുതിച്ചു കയറ്റം തിങ്കളാഴ്ച ഐടി സെക്ടറിന് മികച്ച തുടക്കം  നൽകിയേക്കാം.ഡിസംബറിലെ വില്പന കണക്കുകളോടെ ഓട്ടോ ഓഹരികൾ വീണ്ടും കളം പിടിച്ചത് ഇന്ത്യൻ വിപണിക്കു അനുകൂലമായി. മാരുതിക്ക് മോർഗൻ സ്റ്റാൻലി 14124 രൂപയാണ് ലക്‌ഷ്യം കാണുന്നത്. 

∙ഐഷറിന് സിറ്റി 5350 രൂപയും, മഹീന്ദ്രക്ക് 3520 രൂപയും ലക്‌ഷ്യം ഉറപ്പിച്ചതും ഓഹരികൾക്ക് മുന്നേറ്റവും നൽകി. മാരുതിക്ക് 13500 രൂപയാണ് സിറ്റിയുടെ ലക്ഷ്യം.മഹീന്ദ്രക്കും ടാറ്റ മോട്ടോഴ്സിനും പ്രോഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി പ്രകാരം 256 കോടി രൂപ ലഭിക്കുന്നതും ഓഹരികൾക്ക് അനുകൂലമാണ്. എം&എം 2024 ൽ 90%ൽ കൂടുതൽ നേട്ടമുണ്ടാക്കിയിരുന്നു. 

∙കഴിഞ്ഞ വര്‍ഷം താരിഫ് ഉയർത്തിയത് ടെലികോം കമ്പനികളുടെ വരുമാനത്തിലും , മാര്ജിനിലും മുന്നേറ്റം നൽകുന്നത് ടെലികോം ഓഹരികൾക്ക് അനുകൂലമാണ്. സ്പെക്ട്രത്തിന് വേണ്ടിയിരുന്ന ബാങ്ക് ഗ്യാരന്റിയിൽ ഇളവ് ലഭിച്ചത് ടെലികോം ഓഹരികൾക്ക് പിന്തുണ നൽകി.  

∙ഐടിസിയിൽ നിന്നും ഐടിസി ഹോട്ടൽ വിഭജിച്ച് പുതിയ കമ്പനി നിലവിൽ വരുന്നത് തിങ്കളാഴ്ചയാണ്. ഐടിസി പ്രധാന സൂചികകളുടെയും, മ്യൂച്വൽ ഫണ്ടുകളുടെയും ഭാഗമാകയാൽ ഐടിസി ഹോട്ടലിന്റെ വിപണി വില നിശ്ചയിക്കുന്നത് പ്രത്യേകമായാണ്. പത്ത് ഐടിസി ഓഹരിക്ക് ഒരു ഐടിസി ഹോട്ടൽ എന്നതാണ് വിഭജനതോത്. 

∙ടാറ്റ മോട്ടോഴ്സും 2025 ൽ തന്നെ കമ്പനിയുടെ വിഭജനം പൂർത്തിയാക്കിയേക്കാമെന്ന് കരുതുന്നു. 2024 ഓഗസ്റ്റിലാണ് ടാറ്റ മോട്ടോഴ്‌സ് 1:1 തോതിൽ വിഭജിക്കുമെന്ന് കമ്പനി പ്രസ്താവിച്ചത്. ഓഹരിയുടമകളുടെയും, കടക്കാരുടെയും, എക്സ്ചേഞ്ചുകളുടെയും മറ്റും നിയമാനുസൃത അനുമതികൾ നേടി വരുമ്പോഴേക്കും 12 മാസങ്ങൾ കഴിയാനും സാധ്യതയുണ്ട്.

∙ടാറ്റായുടെ മൈക്രോ എസ് യു വി ടാറ്റ പഞ്ചാണ് 2024ൽ ഏറ്റവും കൂടുതൽ വില്പന നടന്ന ഇന്ത്യൻ കാർ. 

tcs-illinois

∙ന്യുമോണിയക്കുള്ള പുതിയ മരുന്ന് ഇന്ത്യയിൽ വിൽക്കാനുള്ള അനുമതി ലഭിച്ചത് വോക്ക്ഹാർട്ട്‍ ഫാർമക്ക് മുന്നേറ്റം നൽകി. പുതിയ ക്യാൻസർ മരുന്നിനുള്ള അവസാനവട്ട ടെസ്റ്റുകൾ നടക്കുന്നതും ഓഹരിക്ക് പ്രതീക്ഷയാണ്.

സിഎൽഎസ്എ 5390 രൂപ ലക്‌ഷ്യം ഉറപ്പിച്ചതോടെ അവന്യൂ സൂപ്പർ മാർക്കറ്റ് വെള്ളിയാഴ്ച 11% മുന്നേറി 4025 രൂപയിലാണ് ക്ളോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് ഓയിൽ 76 ഡോളറിലേക്ക് കയറിയത് ഓഎൻജിസിക്കും, ഓയിൽ ഇന്ത്യക്കും, റിലയൻസിനും അനുകൂലമാണ്. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

ടിസിഎസ്, ടാറ്റ എൽഎക്സി, ജിഎം ബ്രൂവറീസ്, മോബിക്വിക്, ട്രിൽ, സെസ്‌ക്, പിസിബിഎൽ, ജിഎൻഎ ആക്സിൽ,  യാഷ് ഹൈവോൾട്ടേജ് മുതലായ കമ്പനികൾ അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ലിസ്റ്റിങ് 

227 ഇരട്ടി ആപേക്ഷകൾ സ്വന്തമാക്കിയ ഇൻഡോ ഫാം എക്വിപ്മെന്റ് ചൊവ്വാഴ്ച എൻഎസ്ഇയിലും, ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ട്രാക്ടറുകളും കൊയ്ത്തുപകരണങ്ങളും നിർമിക്കുന്ന കമ്പനി മികച്ച ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു. 

ഐപിഓ 

നാൽപതോളം കമ്പനികൾ ഐപിഓക്ക് അനുമതി നേടിക്കഴിഞ്ഞതും 55 കമ്പനികൾ ഐപിഓക്ക് അനുമതി കാത്തിരിക്കുന്നതും 2025 ൽ ഇന്ത്യൻ വിപണിയിൽ റെക്കോർഡ് ഐപിഓ നടക്കുമെന്നതിന്റെ തെളിവാണ്. ഈ കമ്പനികളെല്ലാം ചേർന്ന് ഒന്നര ലക്ഷം കോടി രൂപയിൽ കൂടുതൽ വിപണിയിൽ നിന്നും സംഭരിക്കുകയും ചെയ്യും.

റിലയൻസ് ജിയോ, ടാറ്റ ക്യാപിറ്റൽ, എൽജി ഇലക്ട്രോണിക്സ്, എച്ച്ഡിബി ഫിനാൻഷ്യൽ, ഹീറോ ഫിൻ, എൻഎസ്ഡിഎൽ, വിക്രം സോളാർ, അപ്പോളോ ഗ്രീൻ, ഹെക്സാവെയർ ടെക്ക് മുതലായവയാണ് വിപണി കാത്തിരിക്കുന്ന 2024 സൂപ്പർ ഐപിഓകൾ. 

സ്റ്റാൻഡേർഡ് ഗ്ലാസ് ലൈനിങ്, ക്യാപിറ്റൽ ഇൻഫ്രാ ട്രസ്റ്റ്, ക്വാഡ്രൻറ് ഫ്യൂച്ചർ ടെക്ക് എന്നിവയാണ് അടുത്ത ആഴ്ചയിലെ ഐപിഓകൾ

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

India's Union Budget 2025 is the market's focus. Will Finance Minister Nirmala Sitharaman offer tax relief? Analyze the market's performance, key sectors, and upcoming IPOs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com