ADVERTISEMENT

ഇഷ്ടം  പോലെ സമയം, ഇഷ്ടം പോലെ പണം, ബാധ്യതകൾ ഒന്നുമില്ല, യാത്ര ചെയ്യാനും, പുതിയ കാര്യങ്ങൾ ആസ്വദിച്ചറിയാനും ഇഷ്ടമാണ്, എന്നാൽ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ കഴിവില്ല. പറഞ്ഞു വരുന്നത് വയോധികരുടെ കാര്യമാണ്. യുവ ജനതക്ക് ആവശ്യമായതെല്ലാം ഒരുക്കുന്നത് പോലെ വയോധികർക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കുന്ന ഒരു വ്യവസ്ഥിതിയിലേയ്ക്കാണ് രാജ്യങ്ങൾ എത്തുന്നത്.

പ്രായമായവരുടെ നിത്യോപയോഗ സാധനങ്ങൾ, ജീവിതം, ആരോഗ്യ ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിന്  ലക്ഷ്യമിട്ടുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം, വിതരണം, ഉപഭോഗം എന്നിവ ഒരുക്കുന്ന കാര്യങ്ങളെ 'സിൽവർ ഇക്കോണമി' എന്ന് ചുരുക്കി പറയാം. സിൽവർ ഇക്കണോമിക്ക് വെള്ളിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും തലമുടിയിൽ 'വെള്ളി രേഖകൾ' വീണവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഒരുക്കുന്ന രീതിയിലുള്ള ബിസിനസുകളെയും അതിന്റെ ഭാഗമായി വരുന്ന സമ്പദ് വ്യവസ്ഥയുടെ വളർച്ചയെയുമാണ് ഉദ്ദേശിക്കുന്നത്.

retire3

1970 കളിൽ ജപ്പാനിൽ ഉരുത്തിരിഞ്ഞ ഒരു വാക്കാണ് 'സിൽവർ ഇക്കോണമി' എന്നുള്ളത്. വയസാകുന്ന 'സമ്പദ് വ്യവസ്ഥകളുടെ' പ്രശ്നങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഈ വാക്കിന്റെ പ്രസക്തിയും കൂടുകയാണ്. എന്തിനാണ് വയസാകുന്നവരുടെ ആവശ്യങ്ങൾക്കായി മാത്രം ഒരു 'വിപണി' എന്ന് ആലോചിച്ചിട്ടുണ്ടോ? വയസാകുന്നവരുടെ കൈയ്യിൽ സാധനങ്ങൾ വാങ്ങാനും, സേവനങ്ങൾക്ക് നൽകാനും 'പൂത്ത കാശ്' ഉണ്ടെന്ന കാര്യമാണ് ഇതിനു പിന്നിൽ. വയസായവർക്ക് സംസാരിക്കാൻ പോലും ആളെ കിട്ടാൻ 'ആപ്പുകളും' സ്റ്റാർട്ടപ്പുകളും നമ്മുടെ നാട്ടിലും തുടങ്ങുന്നതിന്റെ പിന്നിൽ ഇതാണ്. ഈ കാര്യം ശരിക്ക് മനസിലാക്കിയാണ് സാക്ഷാൽ രത്തൻ ടാറ്റ ഇത്തരം ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയത്.

ചെറുപ്പക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ  മാത്രം മത്സരിച്ചാൽ  മതിയോ?

പല സമ്പദ് വ്യവസ്ഥകളിലും ചെറുപ്പക്കാരുടെ ആവശ്യങ്ങൾ, സേവങ്ങൾക്കുമാണ് എപ്പോഴും മുൻ‌തൂക്കം. മാധ്യമങ്ങൾ മുതൽ പരസ്യങ്ങൾ വരെ ആ ഒരു ഗ്രൂപ്പിന്റെ ആവശ്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കും. എന്നാൽ 50 വയസിനു മുകളിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പല സാധനങ്ങളും കിട്ടാത്ത അവസ്ഥയുണ്ട്. ഈ ആശയം ആരോഗ്യം, ബാങ്കിങ്, ഓട്ടോമോട്ടീവ്, ഊർജം, പാർപ്പിടം, ടെലികമ്മ്യൂണിക്കേഷൻസ്, വിനോദം, ടൂറിസം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ നടപ്പിലാക്കേണ്ട ആവശ്യകതയും പല രാജ്യങ്ങളിലുമുണ്ട്. ലോകം പെട്ടെന്ന് വയസാകുമ്പോൾ ഈ കാര്യത്തെ ബിസിനസുകൾക്ക് അവഗണിക്കാൻ ആകില്ല. ഇതിൽ ഏറ്റവും പ്രധാനം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാറ്റങ്ങൾ ആയിരിക്കും.

ഹോം ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഇഹെൽത്ത്, സ്മാർട്ട് സിറ്റികളിലെ മറ്റ് സേവനങ്ങൾ എന്നിവയിലെ മുന്നേറ്റങ്ങൾ വയസായവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനായാൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോകുകയുള്ളൂ എന്ന അവസ്ഥ കേരളത്തിൽ പോലുമുണ്ട്.

retirement3

മക്കളെല്ലാവരും വിദേശത്ത് ആയിരിക്കുമ്പോൾ വയസുകാലത്തെ കരുതലിന് കേരളത്തിൽ ബിസിനസുകൾ ഉണ്ടായേ തീരു. വരും ദശകങ്ങളിൽ കമ്പനികൾ ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്നത് സാധാരണമായിരിക്കും. ആ നിലയ്ക്കുള്ള മാറ്റങ്ങൾ വിദേശങ്ങളിലെ പോലെ കേരളത്തിലും വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഡെമോഗ്രാഫിക് വിന്റർ

ജനന നിരക്ക് കുറയുകയും പ്രായമായവരുടെ എണ്ണവും ആയുർദൈർഘ്യവും കൂടുകയും ചെയ്യുമ്പോൾ സമ്പദ് വ്യവസ്ഥക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ജനനനിരക്ക് കുറയുന്നതിനനുസരിച്ച് ജനസംഖ്യയുടെ പ്രായം കൂടുന്നത് ആരോഗ്യ സംരക്ഷണ ആവശ്യകത, പെൻഷൻ സമ്മർദ്ദം, തൊഴിൽ ക്ഷാമം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് സാമ്പത്തിക വെല്ലുവിളികളും സൃഷ്ടിക്കാം.

ഇത് മറികടക്കാൻ ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വമ്പൻ ബിസിനസ് സംരംഭങ്ങൾ തുടങ്ങാം. കൂടുതൽ പ്രായമായവർ ഒറ്റക്ക് വീടുകളിൽ താമസിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ ഒട്ടനവധി ആശയങ്ങൾ ഇതിനോട് ചുറ്റിപ്പറ്റിയുണ്ട്. 

1999-ലെ  വയോജനങ്ങളെ കുറിച്ചുള്ള നാഷണൽ പോളിസി (എൻപിഒപി)പറയുന്നത് പ്രായമായവരെ ഉൾപ്പെടുത്തിയുള്ള  സാമ്പത്തിക വികസനം സാധ്യമാകണം എന്നാണ്. നിഷ്ക്രിയ സ്വീകർത്താക്കളെന്നതിനേക്കാൾ സജീവ പങ്കാളികളായി ഈ ആളുകളെ സമ്പദ്വ്യവസ്ഥയിലേക്ക് സമന്വയിപ്പിക്കുന്നതിനെക്കുറിച്ചും  'സിൽവർ ഇക്കണോമി' ചർച്ചകൾ നമ്മുടെ സമൂഹത്തിൽ കൂടേണ്ട  സമയമായി.

aged1

പ്രതിവർഷം ഏകദേശം 3 ശതമാനം വളർച്ചയോടെ വളരുന്ന പ്രായമായവരുടെ എണ്ണം 2050 ഓടെ 319 ദശലക്ഷമായി (മൊത്തം ജനസംഖ്യയുടെ  20%) ഉയരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകബാങ്കിന്റെയും ലോകാരോഗ്യ സംഘടനയുടെയും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് 2020 ൽ ലോകം  ശരാശരി 72.5 വർഷം ജീവിക്കുന്നു.

ഇത് 1960നെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്, 2000നെ അപേക്ഷിച്ച് 2050 ഓടെ 60 വയസിന് മുകളിലുള്ള മൊത്തം ജനസംഖ്യ ഇരട്ടിയാകും എന്നാണ്. ചുരുക്കി പറഞ്ഞാൽ ജപ്പാനിലും, യൂറോപ്പിലും മാത്രമല്ല, ഇന്ത്യയിലും 'സിൽവർ ഇക്കോണമി'  വമ്പൻ ബിസിനസ് സാധ്യതകളാണ് തുറന്നിടുന്നത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Silver Economy, driven by the growing elderly population, presents massive untapped business opportunities. Learn how technological solutions and adapting to senior citizen needs can create lucrative ventures in India, Kerala, and beyond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com