അന്ന് കുരുമുളക് തേടി ഗാമ വന്നത് കേരളത്തിൽ; ഇന്ന് ആധിപത്യം വിയറ്റ്നാമിന്, കേരളം പ്രഫഷനൽ ആകണം: ഡോ.വിജു ജേക്കബ്
Mail This Article
കൃഷി ചെയ്യാന്‍ കേരളത്തില്‍ യുവാക്കള്‍ മുന്നോട്ട് വരുന്നില്ലെന്ന് പ്രമുഖ സംരംഭകനും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ ഡോ. വിജു ജേക്കബ്. ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിന്‍ കമ്പനികളിലൊന്നാണ് എറണാകുളത്ത് കോലഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിന്തൈറ്റ് ഇൻഡസ്ട്രീസ്.
പണ്ട് വാസ്കോ ഡ ഗാമ ഇവിടെ വന്നത് കുരുമുളക് തേടിയായിരുന്നു. എന്നാല്‍ ഇന്ന് കുരുമുളകിന്റെ ആധിപത്യം നിലനിര്‍ത്തുന്നത് വിയറ്റ്‌നാമാണ്. 2,80,000 ടണ്‍ പെപ്പറാണ് അവരുണ്ടാക്കുന്നത്.... ഇന്ത്യ 60,000 ടണ്‍ മാത്രം-വിജു ജേക്കബ് പറയുന്നു.
'സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ച് ബാക്ക്‌വാര്‍ഡ് ഇന്റഗ്രേഷന്‍ നടപ്പാക്കണം. കൃഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സെല്ലാം ലഭ്യമാക്കി വലിയ തോതില്‍ സപ്പോര്‍ട്ട് നല്‍കണം. കൊക്കോ, ഏലം, റബര്‍, കാപ്പി തുടങ്ങി കുറച്ച് വിളകള്‍ക്ക് മാത്രമാണ് പ്ലാന്റേഷനുള്ളത്. അതായത് വലിയ തോതില്‍ കൃഷി ചെയ്യാനുള്ള സംവിധാനം. അതുകൊണ്ടാണ് മറ്റ് പല വിളകളില്‍ നിന്നും വേണ്ടത്ര വിളവ് കിട്ടാത്തത്,' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1970ല്‍ തുടങ്ങിയ സ്ഥാപനമാണ് സിന്തൈറ്റെന്നും ഇന്ന് ഒലിയോറെസിന്‍ വിപണിയുടെ 40 ശതമാനത്തോളം തങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. യുദ്ധം പോലുള്ള സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കസ്റ്റമറിലേക്ക് കൃത്യസമയത്ത് പ്രൊഡക്റ്റ് എത്തിക്കുകയെന്നതാണ് ഇന്ന് ശ്രമകരമായ ദൗത്യമെന്നും വിജു ജേക്കബ് പറയുന്നു.
എന്താണ് പ്രശ്‌നം
അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പാസായി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ കൃഷിക്കല്ല പോകുന്നത്, മറിച്ച് ബാങ്കിങ് പോലുള്ള ജോലികളിലേക്കാണ്. കൃഷിയെ പ്രൊഫഷണല്‍വല്‍ക്കരിക്കുകയാണ് വേണ്ടത്. ചൈനയിലെല്ലാം വളരെ വലിയ തോതിലാണ് പ്രൊഡക്ഷന്‍. കൃഷിയിലും ടെക്‌നോളജിയിലുമെല്ലാം ഒരു പോലെ മുന്നേറിക്കൊണ്ടിരിക്കുന്നു അവര്‍.
ആന്ധ്രയില്‍ സീഡ് കൊടുത്ത് കൃഷി ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്നു. അതുപോലുള്ള ശ്രമങ്ങള്‍ വ്യാപകമാക്കണം. സ്‌പൈസ് എക്‌സ്ട്രാക്റ്റ്‌സിന് വേണ്ടി ഒരു റോബോട്ടിക് പ്ലാന്റ് സിന്തൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ബിബിക്യു ഫ്‌ളേവേഴ്‌സ്, ചിക്കന്‍ ടിക്ക ഫ്‌ളേവേഴ്‌സ്... ഇതെല്ലാം ബ്ലെന്‍ഡ് ചെയ്‌തെടുക്കുന്ന പ്ലാന്റാണ് റോബോട്ടുകളുടേത്.
കേരളം ബിസിനസ് സൗഹൃദം
കഴിഞ്ഞ നാലഞ്ച് വര്‍ഷമായി കേരളത്തില്‍ മികച്ച ബിസിനസ് അന്തരീക്ഷമാണെന്ന് വിജു ജേക്കബ് പറയുന്നു. വ്യവസായമന്ത്രിയെന്ന നിലയില്‍ പി രാജീവ് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കന്നു.
''ലൈസന്‍സ് ലഭിക്കുന്നതെല്ലാം ഇപ്പോള്‍ എളുപ്പമാണ്. ഞങ്ങള്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങി. വളരെ വേഗത്തിലാണ് ക്ലിയറന്‍സ് ലഭിച്ചത്. കിച്ചന്‍ ട്രഷേഴ്‌സ്, സിമേഗ തുടങ്ങി അനേകം കമ്പനികള്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business