ADVERTISEMENT

സ്ഥിരമായി എത്തുന്ന ഉപഭോക്താവിനെ പെട്ടെന്നൊരു ദിവസം കാണാതായാൽ വിട്ടുകളയരുത്. അന്വേഷിക്കുകതന്നെ വേണം.

ഉപഭോക്താക്കളെ നിലനിർത്തുന്നതിനെക്കാൾ 80 ശതമാനത്തിലധികം ചെലവ് കൂടുതലാണ് പുതിയവരെ എത്തിക്കാൻ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുവാൻ ആവശ്യമായ മാർക്കറ്റിങ് തന്ത്രങ്ങൾക്കാണ് ഈ അധിക ചെലവ്. അതേസമയം നിലവിലുള്ള ഉപഭോക്താക്കളെ അടുപ്പിച്ചുനിർത്തുകയെന്നതും ചെറിയ കാര്യമല്ല. ഇതിനായി പ്രത്യേക മാർക്കറ്റിങ് ശാഖതന്നെയുണ്ട്. റീടെൻഷൻ മാർക്കറ്റിങ് (Retention Marketing). തന്ത്രപരമായ നീക്കങ്ങളിലൂടെ ഉപഭോക്താക്കളെ നിലനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം. 

1. ലോയൽറ്റി പ്രോഗ്രാം

സംരംഭത്തോടു കൂറുള്ള ഉപഭോക്താക്കളെ വാർത്തെടുക്കുകയെന്നതാണ് ആദ്യപടി. ഇതിനായി സ്ഥിര-ഉപഭോക്താക്കൾക്കായി പ്രത്യേക കിഴിവുകൾ, പ്രത്യേക പദ്ധതികൾ, പോയിന്റുകൾ എന്നിവ ആസൂത്രണം ചെയ്യും. പുതിയവരെ ആകർഷിക്കാനും പരിപാടികൾ വേണം. ഉപഭോക്താക്കളുടെ മനോഭാവത്തെ ഇതു കാര്യമായി സ്വാധീനിക്കും.

2. ഉപഭോക്‌തൃ പ്രതികരണങ്ങൾ 

ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നം/സേവനം നൽകിയാൽ മാത്രം പോരാ, അവയെക്കുറിച്ചു പ്രതികരണങ്ങളെടുക്കേണ്ടതും അത്യാവശ്യമാണ്.   ഉപഭോക്താക്കളുമായി സംവദിച്ചു മികവുകളും കുറവുകളും മനസ്സിലാക്കണം. അതനുസരിച്ചു മുന്നോട്ടുള്ള നീക്കം പ്ലാൻചെയ്യണം.  

card6

3. കൂട്ടായ്മകൾ

സ്ഥിര-ഉപഭോക്താക്കളെ ചേർത്തു കൂട്ടായ്മ രൂപീകരിക്കുന്നതും നല്ലതാണ്. ആപ്പിൾ കമ്യൂണിറ്റിപോലെ വലുതായൊന്നും വേണമെന്നല്ല, ഒരു വാട്സാപ്പ് ഗ്രൂപ്പുതന്നെ ധാരാളം. 

4. നിരന്തര സമ്പർക്കം 

പല വൻകിട സ്ഥാപനങ്ങളും ബില്ലിങ്ങിനായി  ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള  വിവരങ്ങൾ ശേഖരിക്കുന്നതു കണ്ടിട്ടില്ലേ. അവരുമായി  നിരന്തരം സമ്പർക്കത്തിലേർപ്പെടാനും ഈ വിവരങ്ങൾ അവർ ഉപയോഗിക്കും. ഇത്തരത്തിൽ മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ ശേഖരിച്ച് ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടാകാതെ  ബന്ധം സൂക്ഷിക്കുന്നത് ഉപകാരപ്പെടും. 

5. ആകാം സബ്സ്ക്രിപ്ഷൻ

മാസികകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയുമൊക്കെ സബ്സ്ക്രിപ്ഷനെക്കുറിച്ച് നമുക്കറിയാം. ഇതുതന്നെ സംരംഭകർക്കും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് വീണ്ടും വീണ്ടും വാങ്ങിക്കേണ്ടുന്ന പല ഉൽപന്നങ്ങളുമുണ്ട്. അതിന് ഒരു മാസത്തേക്ക്, അല്ലെങ്കിൽ ആറു മാസത്തേക്കുള്ള തുക ഒരുമിച്ചു നൽകിയാൽ ന്യായമായ കിഴിവു നൽകാം. ഇവിടെ സംരംഭകൻ ഉറപ്പാക്കുന്നത് നീണ്ട നാളത്തേക്കുള്ള കച്ചവടം കൂടിയാണ്. 

card7

6. നിരന്തര മെച്ചപ്പെടുത്തൽ

വിപണനം ചെയ്യുന്നത് എന്തുമാകട്ടെ, ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ എപ്പോഴുമുണ്ടാകണം. തെറ്റുകൾ മനുഷ്യസഹജമായതു കൊണ്ടുതന്നെ നിരന്തര-മെച്ചപ്പെടുത്തലുകൾ ഒഴിച്ചുകൂടാനാകാത്തതാണ്. 

7. വരാത്തതെന്തേ?

സ്ഥിരമായെത്തുന്ന ഉപഭോക്താവിനെ പെട്ടെന്നൊരു ദിവസം കാണാതായാൽ അത് അന്വേഷിക്കണം. എന്തുകൊണ്ടാണ് ആ ഉപഭോക്താവ് എത്താത്തതെന്നു കണ്ടെത്തുകയും തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രശ്നമാണെങ്കിൽ പരിഹരിക്കുകയും വേണം.

English Summary:

Learn seven effective ways to retain customers and reduce the high cost of acquiring new ones. This article covers strategies from loyalty programs and feedback collection to building communities and proactive communication. Discover how to improve customer relationships and build a loyal customer base

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com